2018 സിയാസ് ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ഇന്നുമുതല്‍

2018 സിയാസ് ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ഇന്നുമുതല്‍

ഈ മാസം 20 ന് 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റ് പുറത്തിറക്കും

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ഔദ്യോഗികമായി ഇന്ന് ആരംഭിക്കും. നെക്‌സ ഷോറൂമുകളില്‍ 11,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. നെക്‌സ വെബ്‌സൈറ്റ് വഴി ഇ-ബുക്കിംഗ് നടത്താനും കഴിയും. ഫേസ്‌ലിഫ്റ്റ് ചെയ്ത സിയാസ് സെഡാന്‍ സ്വന്തം സെഗ്‌മെന്റില്‍ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടനേകം പ്രധാനപ്പെട്ട സൗന്ദര്യവര്‍ദ്ധക നടപടികള്‍ സിയാസിനായി മാരുതി സുസുകി സ്വീകരിച്ചു. പുതിയതും പരിഷ്‌കരിച്ചതുമായ നിരവധി ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. എ3 പ്രീമിയം സെഡാന്‍ സെഗ്‌മെന്റില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ പരിഷ്‌കരിച്ച സിയാസ് സഹായിക്കുമെന്നാണ് മാരുതി സുസുകി പ്രതീക്ഷിക്കുന്നത്. ഈ മാസം 20 ന് ഇന്ത്യന്‍ വിപണിയില്‍ 2018 സിയാസ് ഫേസ്‌ലിഫ്റ്റ് അവതരിപ്പിക്കും.

നാല് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സിയാസ് പുറത്തിറക്കിയത്. കാര്‍ പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമായിരുന്നു. കഴിഞ്ഞ ആറ് മാസമായി സിയാസ് വില്‍പ്പന നിരന്തരം കുറയുകയാണ്. 2017 ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം സിയാസ് വില്‍പ്പനയില്‍ നൂറ് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, നവാഗത പ്രതിഭയായ ടൊയോട്ട യാരിസ് എന്നിവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പരിഷ്‌കരിച്ച 2018 സിയാസിന് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അല്‍പ്പം കൂടുതല്‍ പ്രീമിയം റോഡ് പ്രസന്‍സ് ലഭിക്കുന്നതിന് ബോള്‍ഡ് ഡിസൈനിലും അഗ്രസീവ് സ്റ്റാന്‍സിലുമായിരിക്കും സിയാസ് ഫേസ്‌ലിഫ്റ്റ് വരികയെന്ന് മാരുതി സുസുകി പ്രഖ്യാപിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ എല്‍ഇഡി കോംബിനേഷന്‍ ടെയ്ല്‍ലാംപുകള്‍, പുതിയ മെഷീന്‍ഡ് അലോയ് വീലുകള്‍ എന്നിവയായിരിക്കും പുറമേ കാണാന്‍ കഴിയുന്ന പരിഷ്‌കാരങ്ങള്‍. പുതിയ ഡാഷ്‌ബോര്‍ഡും നിരവധി ഫീച്ചറുകളും കാബിനില്‍ കാണാന്‍ കഴിയും.

2018 മാരുതി സുസുകി സിയാസിന്റെ ഹുഡിന് കീഴില്‍ പുതിയ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും. കൂടെ കൂടുതല്‍ ഭേദപ്പെട്ട മൈല്‍ഡ് ഹൈബ്രിഡ് എസ്എച്ച്‌വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റം) സാങ്കേതികവിദ്യ നല്‍കും. ഡീസല്‍ വേര്‍ഷന് 1.3 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിന്‍ തുടര്‍ന്നും കരുത്തേകും. എസ്എച്ച്‌വിഎസ് ഉണ്ടായിരിക്കും. 4 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറിന് പകരം 5 സ്പീഡ് മാന്വല്‍ ആയിരിക്കും (ഒരുപക്ഷേ 5 സ്പീഡ് എഎംടി) ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Comments

comments

Categories: Auto