ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ അറ്റലാഭത്തില്‍ 4 ശതമാനം വര്‍ധന

ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ അറ്റലാഭത്തില്‍ 4 ശതമാനം വര്‍ധന

 

ജൂണ്‍ 30 വരെയുളള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 22.6 ബില്ല്യണ്‍ ഡോളറാണ്

മനാമ: ബഹ്‌റൈനിലെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ അറ്റ വരുമാനം 125 മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. ജൂണ്‍ 30 വരെയുളള കണക്കാണിത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (ജൂണില്‍ അവസാനിച്ച വര്‍ഷം) രണ്ടാം പാതിയില്‍ കമ്പനിയുടെ വരുമാനം 70 മില്ല്യണ്‍ ഡോളറായിരുന്നു.

നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ 36 ശതമാനം വളര്‍ച്ച രേഖപ്പെടുത്താനും കമ്പനിക്ക് സാധിച്ചു. ഇന്‍വെസ്റ്റ്‌കോര്‍പ്പ് കൈകാര്യം ചെയ്യുന്ന ആസ്തിയിലുണ്ടായത് ആറ് ശതമാനത്തിന്റെ വര്‍ധനയാണ്. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 22.6 ബില്ല്യണ്‍ ഡോളറായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. 406 മില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന മൂന്ന് ഡീലുകളാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായതെന്നാണ് വിലയിരുത്തല്‍.

അബുദാബിയില്‍ ഒരു പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിട ഇന്‍വെസ്റ്റ്‌കോര്‍പ്പ് നിക്ഷേപം നടത്തിയിരുന്നു. വമെദ് കമ്പനിയുമായി ചേര്‍ന്നായിരുന്നു ഈ പദ്ധതി. മികച്ച രീതിയിലുള്ള വളര്‍ച്ചയാണ് കമ്പനി കാഴ്ച്ചവെക്കുന്നതെന്ന് ഇന്‍വെസ്റ്റ് കോര്‍പ്പിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മുഹമ്മദ് അലാര്‍ദി പറഞ്ഞു.

തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന യുഎസിലെ സ്വകാര്യ വിദ്യാഭ്യാസ സേവന ദാതാവായ നൊബേല്‍ ലേണിംഗ് കമ്യൂണിറ്റീസിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസമാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പ് പ്രഖ്യാപിച്ചത്.

നാല് യുഎസ് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളിലും ഒരു സ്റ്റുഡന്റ് ഹൗസിംഗ് ഫെസിലിറ്റിയിലും നിക്ഷേപം നടത്തിയതായും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. അറ്റ്‌ലാന്റയിലെ 660 യൂണിറ്റുകളുള്ള പ്രോപ്പര്‍ട്ടി, ചിക്കാഗോയിലെ 408 യൂണിറ്റുകളുള്ള പ്രോപ്പര്‍ട്ടി, ഡല്ലാസിലെ 505 യൂണിറ്റുകളുള്ള രണ്ട് പ്രോപ്പര്‍ട്ടികള്‍ എന്നിങ്ങനെയാണ് യുഎസില്‍ കമ്പനിയുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ.

യുഎസിലെ റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്ട്‌ഫോളിയ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിക്ഷേപങ്ങളെന്ന് ഇന്‍വെസ്റ്റ്‌കോര്‍പ്പ് സഹസിഇഒ മൊഹമ്മദ് അല്‍ ഷ്രൂഗി വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ പ്രധാന വിപണികളിലൊന്നാണ് യുഎസ്.

Comments

comments

Categories: FK News
Tags: Investcorp

Related Articles