ഹോണ്ട സിആര്‍-വി ഒക്‌റ്റോബറില്‍

ഹോണ്ട സിആര്‍-വി ഒക്‌റ്റോബറില്‍

ഏകദേശം 28 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില ; വലിയ കുടുംബങ്ങളെ ആകര്‍ഷിക്കുന്നതിനായി മൂന്നാം നിര സീറ്റുകള്‍ ഉള്‍പ്പെടുത്തും

ന്യൂഡെല്‍ഹി : പുതിയ ഹോണ്ട സിആര്‍-വി ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. നടപ്പ് സാമ്പത്തിക വര്‍ഷം സിആര്‍-വി പുറത്തിറക്കുമെന്ന് ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട വ്യക്തമാക്കിയിരുന്നു. മുന്‍ഗാമികളേക്കാള്‍ വലുപ്പമുള്ളതാണ് പുതു തലമുറ ഹോണ്ട സിആര്‍-വി. വലിയ കുടുംബങ്ങളെ ആകര്‍ഷിക്കുന്നതിനായി മൂന്നാം നിര സീറ്റുകള്‍ ഉള്‍പ്പെടുത്തിയതാണ് വലുപ്പം വര്‍ധിക്കാന്‍ കാരണം.

ഇന്ത്യയില്‍ ഇതാദ്യമായി ഹോണ്ട സിആര്‍-വിയില്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഹോണ്ടയുടെ ‘എര്‍ത്ത് ഡ്രീംസ്’ എന്‍ജിന്‍ കുടുംബത്തില്‍പ്പെട്ട 1.6 ലിറ്റര്‍ യൂണിറ്റാണ് നല്‍കുന്നത്. എന്നാല്‍ വാഹനത്തിന്റെ വില പിടിച്ചുനിര്‍ത്തുന്നതിനായി എന്‍ജിന്റെ ട്വിന്‍ ടര്‍ബോ വേര്‍ഷന് പകരം സിംഗിള്‍ ടര്‍ബോ പതിപ്പായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ട്വിന്‍ ടര്‍ബോ എന്‍ജിന്‍ നല്‍കിയാല്‍ സിആര്‍-വിയുടെ വില ഒന്നര ലക്ഷം രൂപ വരെ വര്‍ധിക്കുമെന്നാണ് മനസ്സിലാക്കുന്നത്.

സിംഗിള്‍ ടര്‍ബോ അവതാരത്തില്‍ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 120 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ വിഭാഗത്തിലെ എസ്‌യുവിക്ക് ആകര്‍ഷകത്വം നല്‍കുന്നതല്ല ഈ കണക്കുകള്‍. എന്‍ജിനുമായി 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. പാഡില്‍ഷിഫ്റ്ററുകള്‍ സ്റ്റാന്‍ഡേഡ് ആയിരിക്കും. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഉണ്ടായിരിക്കും. കൂടുതലായി വിറ്റുപോകില്ല എന്നതിനാല്‍ ഇന്ത്യാ-ബൗണ്ട് സിആര്‍-വിയില്‍ മാന്വല്‍ ഗിയര്‍ബോക്‌സുകള്‍ ഒഴിവാക്കുകയാണ് ഹോണ്ട.

2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷനുമായിരിക്കും മറ്റൊരു എന്‍ജിന്‍-ഗിയര്‍ബോക്‌സ് ഓപ്ഷന്‍. ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്ന 154 എച്ച്പി കരുത്തിനും 189 എന്‍എം ടോര്‍ക്കിനും ഏകദേശം സമാനമാണ് ഹ്യുണ്ടായ് ടക്‌സണിലെ 2.0 ലിറ്റര്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്ന 155 എച്ച്പി, 192 എന്‍എം. ഫ്രണ്ട് വീല്‍ ഡ്രൈവ് വേര്‍ഷനില്‍ മാത്രമായിരിക്കും പെട്രോള്‍ സിആര്‍-വി ലഭിക്കുന്നത്. പാഡില്‍ഷിഫ്റ്ററുകള്‍ ഉണ്ടായിരിക്കില്ല.

ഇന്ത്യാ ബൗണ്ട് സിആര്‍-വിയുടെ മുഴുവന്‍ സ്‌പെസിഫിക്കേഷനുകളും ഇപ്പോള്‍ ലഭ്യമല്ല. പവേര്‍ഡ് ഡ്രൈവിംഗ് സീറ്റ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നീ ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സിആര്‍-വി ഇന്ത്യയില്‍ അസംബിള്‍ ചെയ്യും. ഏകദേശം 28 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: Honda crv