ജിഎസ്ടി നിരക്ക് ഘടന ലളിതമാക്കുന്നത് പരിഗണിക്കണം: ഐഎംഎഫ്

ജിഎസ്ടി നിരക്ക് ഘടന ലളിതമാക്കുന്നത് പരിഗണിക്കണം: ഐഎംഎഫ്

ഇന്ത്യയുടെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഐഎംഎഫ് റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കുകീഴിലുള്ള നിരക്ക് ഘടന ലളിതമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). വിവിധ തട്ടുകളിലുള്ള നികുതി നിരക്കുകളും ജിഎസ്ടിയുടെ മറ്റ് ഘടകങ്ങളും നടത്തിപ്പ് ചെലവ് വര്‍ധിക്കുന്നതിനു സങ്കീര്‍ണതയ്ക്കും കാരണമാകുന്നുവെന്ന് ഐഎംഎഫ് വ്യക്തമാക്കി. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പുതിയ മേഖലകളിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളെ ഐഎംഎഫ് റിപ്പോര്‍ട്ട് സ്വാഗതം ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ നികുതി നയത്തില്‍ നടപ്പാക്കിയ നിര്‍ണായക പരിഷ്‌കരണം എന്നാണ് ഐഎംഎഫ് ജിഎസ്ടിയെ വിശേഷിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള എല്ലാ പരോക്ഷ നികുതികളെയും ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടിയാണിത്. എന്നാല്‍, സങ്കീര്‍ണമായ നിരക്ക് ഘടനയാണ് ജിഎസ്ടിക്കുള്ളത്. നിലവിലുള്ള ജിഎസ്ടി സംവിധാനത്തിന്റെ വളര്‍ച്ചയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ നിരക്ക് ഘടന ലളിതമാക്കാന്‍ കഴിയണമെന്നും ഐഎംഎഫ് വ്യക്തമാക്കി.

കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു അടിസ്ഥാന നിരക്ക്, തെരഞ്ഞെടുത്ത ചില ഇനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി നിരക്ക് എന്ന തരത്തിലുള്ള ഇരട്ട നിരക്ക് ഘടന ഏര്‍പ്പെടുത്താനാണ് അന്താരാഷ്ട്ര നാണ്യ നിധി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇത് പുതിയ നികുതി സംവിധാനത്തില്‍ പുരോഗതി കൈവരിക്കുന്നതിനും ജിഎസ്ടി വരുമാനം സന്തുലിതമാക്കുന്നതിനും സഹായിക്കും. സങ്കീര്‍ണ്ണതകള്‍ പരമാവധി ഒഴിവാക്കികൊണ്ട് നിരക്ക് ഘടന ലഘൂകരിക്കുന്നത് ജിഎസ്ടി നടത്തിപ്പ് ചെലവ് കുറയ്ക്കാനാകുമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.
നാലോ അതില്‍ കൂടുതലോ ജിഎസ്ടി നിരക്കുകളുള്ള അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. നിലവില്‍ ജിഎസ്ടിക്കുകീഴില്‍ അഞ്ച് നിരക്കുകളാണ്(0%, 5%, 12%, 18%, 28%) ഇന്ത്യയിലുള്ളത്. ഇതുകൂടാതെ രത്‌നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും മൂന്ന് ശതമാനവും വജ്രത്തിന് 0.25 ശതമാനം പ്രത്യേര നികുതിയുമുണ്ട്. ഡീമെറിറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി സെസും ചുമത്തുന്നുണ്ട്
ഇന്ത്യയുടെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഐഎംഎഫ് റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ക്രമേണ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയം കടുപ്പിക്കേണ്ടതുണ്ടെന്നാണ് ഐഎംഎഫ് പറയുന്നത്. പണപ്പെരുപ്പം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ശരാശരി പണപ്പെരുപ്പം 5.2 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ നിഗമനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 3.6 ശതമാനമായിരുന്നു. 17 വര്‍ഷത്തിനിടിയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്. ഈ വര്‍ഷം ജൂണില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം അഞ്ച് ശതമാനത്തിലെത്തിയിരുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യ തകര്‍ച്ചയുമാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 1.9 ശതമാനത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ 2.6 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം. ശക്തമായ ഇറക്കുമതി ആവശ്യകതയും ക്രൂഡ് ഓയില്‍ വില വര്‍ധനയുമാണ് ഇതിനുള്ള കാരണമായി പറയുന്നത്. നടപ്പു വര്‍ഷത്തെ ശരാശരി ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 72 ഡോളറിലെത്തുമെന്നും ഐഎംഎഫ് പറയുന്നു. ഈ സാമ്പത്തിക വര്‍ഷം 7.3 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.5 ശതമാനവും വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് ഐഎംഎഫിന്റെ നിഗമനം.

Comments

comments

Categories: Top Stories
Tags: GST, IMF

Related Articles