ഗുരുമൂര്‍ത്തിയും മറാഥേയും ആര്‍ബിഐ താല്‍ക്കാലിക ഡയറക്ടര്‍മാര്‍

ഗുരുമൂര്‍ത്തിയും മറാഥേയും ആര്‍ബിഐ താല്‍ക്കാലിക ഡയറക്ടര്‍മാര്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡിന്റെ ഭാഗിക ഡയറക്റ്റര്‍മാരായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തിയേയും വ്യവസായിയും ബാങ്കറുമായ സതീഷ് മറാഥയേയും നിയമിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ധനകാര്യ സേവന വകുപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശം മന്ത്രിസഭയുടെ നിയമന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. നാല് വര്‍ഷമാണ് ഇരുവരുടേയും കാലാവധി.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ വാരികയായ തുഗ്ലക്കിന്റെ എഡിറ്ററാണ് നിലവില്‍ എസ് ഗുരുമൂര്‍ത്തി. ഒപ്പം ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സഹ കണ്‍വീനര്‍ കൂടിയാണദ്ദേഹം. ചാര്‍ട്ടേഡ് എക്കൗണ്ടന്റും സാമ്പത്തിക വിദഗ്ധനും കൂടിയാണ് ഗുരുമൂര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ ശക്തിയുക്തം പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. 1990 കളില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണം പോലെ തന്നെ സാമ്പത്തിക രംഗത്തെ മൗലികമായ തിരുത്തല്‍ നടപടിയാണ് നോട്ട് അസാധുവാക്കലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. ആര്‍ബിഐയുടെ നയങ്ങള്‍ക്കെതിരെയും മുന്‍പ് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയിലെ കോഓപ്പറേറ്റീവ് മൂവ്‌മെന്റിനെ പരിപോഷിപ്പിച്ച സര്‍ക്കാര്‍ ഇതര സംഘടനയായ സഹകാര്‍ ഭാരതിയുടെ പേട്രണാണ് സതീഷ് മറാഥെ. ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗമായി സംവനം ആരംഭിച്ച അദ്ദേഹം പിന്നീട് യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്കിന്റെ ചെയര്‍മാനായി. ജനകല്യാണ്‍ സഹകാരി ബാങ്കിന്റെ സിഇഓയായും പ്രവര്‍ത്തിച്ച മറാഥെ, ഥാനെ സഹകാരി ബാങ്കിന്റേയും രാജ്‌കോട്ട് നാഗരിക് സഹകാരി ബാങ്കിന്റെയും ബോര്‍ഡ് അംഗമാണ്. ആര്‍എസ്എസ് ബന്ധമുള്ള വിദ്യാര്‍ഥി പ്രസ്ഥാനമായ എബിവിപിയുടെ ട്രഷററും ആയിരുന്നു.

ആര്‍ബിഐ ബോര്‍ഡിലേക്ക് സര്‍ക്കാരിന് നിയമിക്കാവുന്ന ഡയറക്റ്റര്‍മാരുടെ പരമാവധി എണ്ണം പത്താണ്. ഗുരുമൂര്‍ത്തിയുടേയും മറാഥയുടേയും നിയമനത്തോടെ സര്‍ക്കാരിന്റെ ക്വാട്ട പൂര്‍ത്തിയായി. ഇതിന് പുറമെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി ബോര്‍ഡില്‍ ഉണ്ടാകും.

 

Comments

comments

Tags: RBI, S Gurumurthy