കൃഷിപാഠം ഫേസ്ബുക്കില്‍

കൃഷിപാഠം ഫേസ്ബുക്കില്‍

കൃഷിക്ക് കയ്യടിച്ച് ഫേസ്ബുക്ക് കൂട്ടായ്മകള്‍

ഫേസ്ബുക്കില്‍ ഫാം വില്ലെ എന്ന ഗെയിം കളിച്ച് കളിച്ച്, ഒടുവില്‍ മലയാളികള്‍ കൃഷിയോട് കൂടുതല്‍ അടുക്കുകയാണ്. കൃഷിയുടെ ഹരിശ്രീ പോലും അറിയാത്ത ആളുകളെ കൃഷിപാഠം പഠിപ്പിച്ച് വേണ്ട ശ്രദ്ധയും ഉപദേശവും നല്‍കി കാര്‍ഷിക ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതും ഫേസ്ബുക്ക് തന്നെ. സോഷ്യല്‍ മീഡിയ വെറും സമയംകൊല്ലിയാണ് എന്ന് പറയുന്നവര്‍ ഫേസ്ബുക്കിലെ ഈ കാര്‍ഷിക കൂട്ടായ്മകള്‍ ഒന്ന് കാണുക തന്നെ വേണം. മലയാളിക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന കൃഷി പാരമ്പര്യത്തിന് സൈബര്‍ ലോകത്തിലൂടെ പുതുജീവന്‍ നല്‍കുകയാണ് കര്‍ഷകരും കാര്‍ഷിക പ്രേമികളും അംഗങ്ങളായ ഈ കൂട്ടായ്മകള്‍…

കോഴിക്കോട് സ്വദേശി അബ്ദുല്‍ ജലാല്‍ ജില്ലയിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരു കൂണ്‍ കര്‍ഷകനാണ്. വീടിനടുത്ത് ചെറിയ രീതിയില്‍ പച്ചക്കറി കച്ചവടവും മറ്റുമായി കഴിഞ്ഞു കൂടുമ്പോഴാണ് ഫേസ്ബുക്കിലെ ഒരു കാര്‍ഷിക ഗ്രൂപ്പില്‍ അംഗമാകുന്നത്. വെറുതെ ഒരു രസത്തിന് വേണ്ടിയാണ് അതില്‍ പറയുന്ന കര്‍ഷകരുടെ അനുഭവക്കുറിപ്പുകളും കൃഷിപാഠങ്ങളും പിന്തുടര്‍ന്നത്.കൃഷിയില്‍ വിജയിച്ചവരും പരാജയപ്പെട്ടവരും എല്ലാം അവരവരുടെ അനുഭവക്കുറിപ്പുകള്‍ പങ്കുവച്ചു. കുറഞ്ഞ മുതല്‍ മുടക്കുള്ളതും എന്നാല്‍ മികച്ച ലാഭം കിട്ടുന്നതുമായ കൂണ്‍കൃഷിയെപ്പറ്റി അബ്ദുല്‍ ജലാല്‍ അറിയുന്നത് അങ്ങനെയാണ്. വലിയ മുതല്‍മുടക്ക് ഇല്ല എന്നതിനാല്‍ തന്നെ കുറച്ച് കൂണ്‍വിത്തുകള്‍ വാങ്ങി വൈക്കോല്‍ ബെഡുകളില്‍ കക്ഷി കൃഷി തുടങ്ങി. കൃഷിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന അബ്ദുല്‍ ജലാലിന് കൃഷിയുടെ ഓരോ ഘട്ടത്തിലും പൂര്‍ണ പിന്തുണയുമായി കൂടെ നിന്നത് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങള്‍ തന്നെയായിരുന്നു. കന്നികൃഷിയില്‍ തന്നെ തരക്കേടില്ലാത്ത വിളവ് ലഭിച്ച അബ്ദുല്‍ ജലാല്‍ ഇപ്പോള്‍, ഷെഡുകെട്ടി വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍കൃഷി ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

ഇത് അബ്ദുല്‍ ജലാല്‍ എന്ന ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല. അബ്ദുല്‍ ജലാലിനെപ്പോലെ നിരവധിപ്പേര്‍ സൈബര്‍ ഇടത്തില്‍ നിന്നും ലഭിച്ച അറിവിലൂടെ തങ്ങളുടെ ജീവിതമാര്‍ഗം കണ്ടെത്തുന്നു. ചിലര്‍ അടുക്കളത്തോട്ട നിര്‍മാണത്തില്‍ നിപുണരാകുമ്പോള്‍, മറ്റു ചിലര്‍ മീന്‍ വളര്‍ത്തലിലാണ് ഭാഗ്യം പരീക്ഷിക്കുന്നത്. പശു, ആട്, പോത്ത് , കോഴി വളര്‍ത്തല്‍ എന്ന് വേണ്ട ഏതിനം കാര്‍ഷിക വൃത്തിക്കും ആവശ്യമായ അറിവുകള്‍ കര്‍ഷകരുടെയും കാര്‍ഷികപ്രേമികളുടെയും നേതൃത്വത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് ലാഭേച്ഛയോ വ്യക്തി താല്‍പര്യമോ കൂടാതെ തീര്‍ത്തും സൗജന്യമായാണ് ഇത്തരം ഗ്രൂപ്പുകളില്‍ കൃഷിയെപറ്റിയിട്ടുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്കായി സെമിനാറുകള്‍, കഌസുകള്‍, നാട്ടുചന്തകള്‍, അവാര്‍ഡ് വിതരണം എന്നിവ നടത്തുന്ന ഗ്രൂപ്പുകളും ഒട്ടും കുറവല്ല. പതിനായിരം മുതല്‍ രണ്ടര ലക്ഷം വരെ അംഗങ്ങളുള്ള കാര്‍ഷിക ഗ്രൂപ്പുകളില്‍ സജീവമായിത്തന്നെ കര്‍ഷകര്‍ പങ്കെടുക്കുന്നു. തങ്ങള്‍ ഉല്‍പാദിപ്പിച്ച സാധനങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായും ഇത്തരം ഗ്രൂപ്പുകള്‍ സഹായകരമാകുന്നു. അടുക്കളത്തോട്ടം. ജൈവകൃഷി, കൂണ്‍കൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലി പരിപാലനം, കാട, കോഴി വളര്‍ത്തല്‍ തുടങ്ങിയവയ്ക്കായാണ് ഭൂരിഭാഗം ആക്റ്റിവ് ഗ്രൂപ്പുകളും നിലകൊള്ളുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള കര്‍ഷകര്‍ ഒരേ പോലെ ഇത്തരം ഗ്രൂപ്പുകളില്‍ ആക്റ്റിവ് ആണ്. സൗജന്യ വിത്ത് വിതരണം, ജൈവവള നിര്‍മാണം, കീടനിര്‍മാര്‍ജനം തുടങ്ങി ഇത്തരം ഗ്രൂപ്പുകളില്‍ നടക്കാത്ത കാര്‍ഷിക പ്രവര്‍ത്തികള്‍ വളരെ കുറവാണ്.ആര്‍ക്കും കൃഷിയില്‍ ഒരു കൈ നോക്കുന്നതിനായുള്ള പ്രചോദനമാണ് ഇത്തരം കാര്‍ഷിക ഗ്രൂപ്പുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് അനുഭവസ്ഥര്‍ പറയുന്നു.

കൃഷിയുടെ പള്‍സറിഞ്ഞ് ‘കൃഷിഭൂമി’

ഫേസ്ബുക്കിലെ ഏറ്റവും വലിയ മലയാളി കാര്‍ഷിക കൂട്ടായ്മയില്‍ ഒന്നാണ് കൃഷിഭൂമി. 278,340 അംഗങ്ങള്‍ ഉള്ള ഒരു പബ്ലിക് ഗ്രൂപ്പാണ് ഇത്. വിഷരഹിത പച്ചക്കറികള്‍ സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ ഉള്ള അറിവും വിത്തുകളും പരസ്പരം കൈമാറി നല്ല കൃഷിയുടെ വക്താക്കളായി മാറാന്‍ ഓരോ അംഗത്തെയും പ്രാപ്തമാക്കുകയാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള വിവിധതരം കൃഷികള്‍ ചെയ്യുന്ന ചെറുതും വലുതുമായ കര്‍ഷകര്‍ ഈ ഗ്രൂപ്പിലെ ആക്റ്റിവ് അംഗങ്ങളാണ്. പച്ചക്കറിക്കൃഷി, നെല്‍കൃഷി, നാണ്യവിളകള്‍,സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി വിവിധങ്ങളായ കൃഷി രീതികളെപ്പറ്റി വളരെ വിശാലമായ ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നു. കൃഷിയത്തെ പറ്റിയുള്ള വിവരങ്ങള്‍, വീഡിയോകള്‍ എന്നിവ കര്‍ഷകര്‍ പങ്കു വയ്ക്കുന്നു. കാലാകാലങ്ങളില്‍ കൃഷിക്ക് നല്‍കേണ്ട പരിചരണം, വളപ്രയോഗം, ഇടവിളകള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ അവബോധം ഈ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്നു. വിജയിച്ച കര്‍ഷകര്‍ അവരുടെ വിജയ മാതൃകകള്‍ പങ്കുവയ്ക്കുന്നത് നിരവധിപ്പേര്‍ക്ക് പ്രചോദനം നല്‍കുന്നു. കൃഷിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന നൂറുകണക്കിന് ആളുകള്‍ ‘കൃഷിഭൂമിയുടെ’ ഭാഗമായി കൃഷിയിലേക്ക് കടന്നിരിക്കുന്നത്. കൃഷിഭൂമിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫേസ്ബുക്കിലോ 9846914404 ഈ നമ്പറിലോ ബന്ധപ്പെടാം.

അതിജീവനം അക്വാപോണിക്‌സിലൂടെ

അതിവേഗം വികാസം പ്രാപിക്കുന്ന ഒന്നാണ് മന്നില്ല കൃഷി രീതിയായ അക്വാപോണിക്‌സ്. എന്നാല്‍ കൃഷിയെപ്പറ്റിയുള്ള തിയറിക്കപ്പുറം അനുഭവത്തില്‍ നിന്നുള്ള അറിവ് പങ്കുവയ്ക്കുവാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ കുറവാണ്. ഈ കുറവ് പരിഹരിക്കുന്നു ഫേസ്ബുക്കിലെ അക്വാപോണിക്‌സ് / കേരളപോണിക്‌സ് എന്ന ഗ്രൂപ്പ്. പതിനായിരത്തോളം അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. ഉള്ളവരത്രയും ആക്റ്റിവ് മെമ്പര്‍മാര്‍. വിഷമയ ഭക്ഷണം ഉപേഷിക്കൂ ; ജൈവാഹാരം സ്വയം ഉണ്ടാക്കൂ എന്നതാണ് ഈ ഗ്രൂപ്പിന്റെ സ്ലോഗന്‍. ജൈവ കര്‍ക്ഷക കൂട്ടായ്മ. അക്വപോണിക്‌സ്, ജൈവ ഹൈഡ്രോപോണിക്‌സ്, മൈക്രോഗ്രീന്‍സ് എന്നിവയുള്‍പ്പെടെയുള്ള ജൈവ കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുക വഴി ജൈവ ഭക്ഷ്യോല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. അക്വാപോണിക്‌സിലെ തുടക്കക്കാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കപ്പെടുന്നു. നഷ്ടം കൂടാതെ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പേജിന്റെ ഭാഗമാകാം.

 

നിങ്ങള്‍ക്കുമാകാം ‘മത്സ്യകര്‍ഷകന്‍

മല്‍സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ധാരാളമുണ്ട്. കൂട്ടത്തില്‍ ശ്രദ്ധേയമാണ് മല്‍സ്യകര്‍ഷകന്‍ എന്ന ഗ്രൂപ്പ്. വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യകൃഷി ചെയ്യുന്നതിനായി ധാരാളം യുവാക്കള്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ മല്‍സ്യകര്‍ഷകന്‍ പോലൊരു ഗ്രൂപ്പിന്റെ പ്രസക്തി ഏറെയാണ്. വ്യാവസായികാടിസ്ഥാനത്തില്‍ മല്‍സ്യം വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്, ഏതെല്ലാം വിധത്തില്‍ മത്സ്യകൃഷി നടത്താന്‍ കഴിയും, ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ മല്‍സ്യങ്ങള്‍ ഏതൊക്കെയാണ്,ബ്രീഡിംഗ് എങ്ങനെ നടത്തണം, ഓരോ വിഭാഗത്തില്‍പ്പെട്ട മല്‍സ്യങ്ങളുടെയും പരിചരണം, പ്രത്യുല്‍പാദനം എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്, വെള്ളത്തിന്റെ പിഎച്ച് മൂല്യം എങ്ങനെ സംരക്ഷിക്കാം, ഉല്‍പാദിപ്പിച്ച മത്സ്യങ്ങള്‍ക്ക് എങ്ങനെ വിപണി കണ്ടെത്താം, മത്സ്യത്തിന്റെ വിളവെടുപ്പ് എപ്പോള്‍ നടത്തണം, മത്സ്യങ്ങളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍, അവയുടെ ചികിത്സ, മികച്ച വിളവെടുപ്പിനായി നല്‍കേണ്ട തീറ്റകള്‍ തുടങ്ങി മല്‍സ്യകൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഇവിടെ ഉത്തരമുണ്ട്. പടുതക്കുളം, ടാങ്ക് എന്നിവയില്‍ എങ്ങനെ മല്‍സ്യം വളര്‍ത്താം എന്നത് സംബന്ധിച്ചുള്ള അറിവുകളും ഇവിടെ നിന്നും ലഭിക്കുന്നു. മല്‍സ്യക്കര്‍ഷകര്‍ക്കും കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ഗ്രൂപ്പ് ഒരുപോലെ പ്രയോജനകരമാണ്.

 

കൃഷിഭൂമിയില്‍ ഒരു അടുക്കളത്തോട്ടം

പണ്ടുകാലത്ത് എല്ലാ വീടുകളുടെയും ഭാഗമായി ഒരു അടുക്കളത്തോട്ടം ഉണ്ടായിരുന്നു. ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന അത്യാവശ്യം പച്ചക്കറികളും പച്ചമുളകും എല്ലാം അവിടെ തന്നെ ഉല്‍പാദിപ്പിക്കും. എന്നാല്‍ ഇന്ന് നാഗരികവത്കരണത്തിന്റെ ഭാഗമായി ആളുകള്‍ മൂന്നര, നാല് സെന്റ് കിടപ്പാടങ്ങളിലേക്ക് മാറിയപ്പോള്‍ അടുക്കളത്തോട്ടം എന്ന ആശയം തന്നെ ഇല്ലാതായി. ഇത്തരത്തില്‍ നാമമാത്രമായിക്കൊണ്ടിരിക്കുന്ന അടുക്കളത്തോട്ടങ്ങളെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാക്കി വിഷരഹിത പച്ചക്കറികളുടെ ഉല്‍പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മയാണ് കൃഷിഭൂമിയില്‍ ഒരു അടുക്കളത്തോട്ടം എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്.കുറഞ്ഞ സ്ഥലത്തില്‍ നടാന്‍ കഴിയുന്ന പച്ചക്കറികള്‍, അവയുടെ പരിപാലനം, ടെറസ് ഫാമിംഗ്, ഗ്രോ ബാഗില്‍ എങ്ങനെ പച്ചക്കറികള്‍ വളര്‍ത്താം, അവ എങ്ങനെ പരിപാലിക്കണം, കീട നിയന്ത്രണം, ജൈവവളപ്രയോഗം എന്നിവ എങ്ങനെ പ്രാവര്‍ത്തികമാക്കാം തുടങ്ങി നിരവധികാര്യങ്ങള്‍ ഈ ഗ്രൂപ്പില്‍ ദിനം പ്രതി ചര്‍ച്ച ചെയ്യപ്പെടുന്നു. മികച്ച അടുക്കളത്തോട്ടങ്ങളെ അംഗീകരിക്കുകയും കൂടുതല്‍ ആളുകളെ അടുക്കളത്തോട്ട നിര്‍മാണത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൃഷിയില്‍ വിജയിച്ചവര്‍ സൗജന്യമായി വിത്തുകള്‍ നല്‍കി കൃഷിയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് പിന്തുണനല്‍കുകയും ചെയ്യുന്നു. 13,944 പേരാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്.

ആട്, പശു വളര്‍ത്തല്‍

കന്നുകാലിക്കര്‍ഷകര്‍ക്കുള്ള കൂട്ടായ്മയാണ് ആട്, പശു വളര്‍ത്തല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. 16000 അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്.ചെറുതും വലുതുമായ കന്നുകാലി കര്‍ഷകര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആട്, പശു എന്നിവയെ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മികച്ചയിനം കന്നുകാലികള്‍, അവയുടെ പരിചരണം, അവയെ ബാധിക്കുന്ന രോഗങ്ങള്‍, മികച്ച പ്രത്യുല്‍പാദനത്തിനും പാലിനുമായി നല്‍കേണ്ട ഭക്ഷണങ്ങള്‍ , ബ്രോയ്‌ലര്‍ ആടുകളുടെ പരിപാലനം എങ്ങനെ നടത്തണം, വിപണി എങ്ങനെ കണ്ടെത്താം തുടങ്ങി പലകാര്യങ്ങളും ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചര്‍ച്ചയാകുന്നു. പരസ്പര സഹകരണത്തോടെ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം കന്നുകാലി കര്‍ഷകരെയാണ് ഈ പേജില്‍ കാണാന്‍ കഴിയുന്നത്. കണ്ണുകളായി വളര്‍ത്തലില്‍ താല്‍പര്യമുള്ള ആര്‍ക്കും ഈ പേജില്‍ അംഗമാകാം. സ്വന്തമായി ഫാമുള്ളവരും ദൈനംദിന ചെലവുകള്‍ക്കായി മാത്രം കന്നുകാലികളെ വളര്‍ത്തുന്നവരും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്. കന്നുകാലികളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്കും ഈ ഗ്രൂപ്പ് വേദിയാകുന്നു.

കോഴി കാട വളര്‍ത്തല്‍

സ്വന്തം വിട്ടിലെ ആവശ്യത്തിനെങ്കിലും കാടയെയും കോഴിയേയും വളര്‍ത്തുന്നതിനും പരിപാലനത്തിനും ആയി ഈ ഗ്രൂപ്പ് പ്രയോജനപ്പെടട്ടെ എന്ന ആമുഖത്തോടെയാണ് കോഴി കാട വളര്‍ത്തല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.ഗ്രൂപ്പിന്റെ പേര് പോലെ തന്നെ കോഴികളെയും കാടകളെയും എങ്ങനെ ആദായകരമായി വളര്‍ത്തിയെടുക്കാം എന്നതാണ് ഈ ഗ്രൂപ്പ് ചര്‍ച്ച ചെയ്യുന്നത്. പുതുതായി കട, കോഴിവളര്‍ത്തലിലേക്ക് കടക്കുന്നവര്‍ക്ക് ഈ ഗ്രൂപ്പ് ഏറെ സഹായകരമാണ്. 20000 അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്.

ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് ജൈവകൈരളി പച്ചക്കറി ഫാം

കൃഷി ഒരു സംകാരവും ഉപജീവന്മാര്‍ഗ്ഗവും ആയി കൊണ്ട് നടക്കുന്നവര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും ജൈവ കൈരളി പച്ചക്കറി ഫാം എന്ന ഗ്രൂപ്പില്‍ മെമ്പര്‍ ആകാം.കൃഷിയെ കേവലം സബ്‌സിഡി വാങ്ങാനുള്ള ഉപാധി മാത്രമായി കാണുന്ന കടലാസ് കര്‍ഷകര്‍ക്ക് ഈ ഗ്രൂപ്പില്‍ സ്ഥാനമില്ല. വിഷമടിച്ച പച്ചക്കറികളുടെ വില്‍പനയുടെ വരും തലമുറയുടെ മേല്‍ കോടാലിവയ്ക്കുന്ന വ്യവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടമാണ് ജൈവകൈരളി പച്ചക്കറി ഫാം. രാസവള പ്രയോഗങ്ങള്‍ കൂടാതെ, ജൈവവളങ്ങള്‍ മാത്രം പ്രയോഗിച്ച് എങ്ങനെ ഫലപ്രദമായി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിയിറക്കാന്‍ കഴിയും എന്നതാണ് ഈ ഗ്രൂപ്പ് ചര്‍ച്ച ചെയ്യുന്നത്. ജൈവ പച്ചക്കറികൃഷിയില്‍ വിജയിച്ച കര്‍ഷകരുടെ വിദഗ്‌ദോപദേശങ്ങള്‍ ജൈവകൃഷിയിലെ തുടക്കക്കാര്‍ക്ക് സഹായകമാണ്.

Comments

comments

Categories: FK Special
Tags: Facebook, farming