വിടവാങ്ങിയത് ദ്രാവിഡ രാഷ്ട്രീയത്തിന് അടിത്തറയിട്ട നേതാവ്

വിടവാങ്ങിയത് ദ്രാവിഡ രാഷ്ട്രീയത്തിന് അടിത്തറയിട്ട നേതാവ്

കരുണാനിധിയെ കലൈജ്ഞര്‍ എന്നാണ് തമിഴ് ജനത സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. കലൈജ്ഞര്‍ എന്നാല്‍ തമിഴില്‍ കലയിലെ പണ്ഡിതന്‍ എന്നാണ് അര്‍ഥം. കലൈജ്ഞരെന്ന് അറിയപ്പെടാനുള്ള കാരണം അദ്ദേഹം കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു എന്നതു കൊണ്ടാണ്. പക്ഷേ, കരുണാനിധിയെ രാഷ്ട്രീയരംഗമാണ് ഇതിഹാസമാക്കി മാറ്റിയത്. 1969 മുതല്‍ 2011 വരെ അഞ്ച് തവണകളിലായി 18 വര്‍ഷം കരുണാനിധി തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തില്‍ സേവനമനുഷ്ഠിച്ചു.

തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനും ഇനി സ്വന്തമാക്കാന്‍ സാധിക്കാത്ത വിധം മുദ്ര അടയാളപ്പെടുത്തി കൊണ്ടാണ്, അണികള്‍ സ്‌നേഹപൂര്‍വ്വം ‘കലൈജ്ഞര്‍’ (കലയിലെ പണ്ഡിതന്‍ എന്നാണ് കലൈജ്ഞര്‍ എന്ന തമിഴ് വാക്കിന്റെ അര്‍ഥം) എന്നു വിളിച്ചിരുന്ന എം. കരുണാനിധി വിടവാങ്ങിയത്. 1924 ജൂണ്‍ മൂന്നിനു തമിഴ്‌നാട്ടിലെ നാഗപട്ടിണത്തിലുള്ള തിരുക്കുവാലൈ ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ജും അമ്മയാറിന്റെയും മകനായി ജനനം. മാതാപിതാക്കള്‍ ദക്ഷിണാമൂര്‍ത്തിയെന്നു പേരിട്ടെങ്കിലും പില്‍ക്കാലത്തു കരുണാനിധിയെന്ന് അറിയപ്പെട്ടു. 1938-ല്‍ 14 വയസുള്ളപ്പോള്‍ ദ്രാവിഡിയന്‍ ആശയത്തില്‍ ആകൃഷ്ടനായി പഠനം ഉപേക്ഷിച്ചു. പെരിയോര്‍ എന്നു പൊതുവേ അറിയപ്പെടുന്ന ഇ.വി. രാമസ്വാമിയുടെ സെല്‍ഫ് റെസ്‌പെക്ട് മൂവ്‌മെന്റില്‍ (Self-Respect Movement) പങ്കുചേര്‍ന്നു. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കിയുള്ളതായിരുന്നു സെല്‍ഫ് റെസ്‌പെക്ട് മൂവ്‌മെന്റ്. തമിഴന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച പാര്‍ട്ടിയാണ് പെരിയോറിന്റെ ജസ്റ്റിസ് പാര്‍ട്ടി. ഈ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗത്തില്‍ അണിചേര്‍ന്നു കൊണ്ടായിരുന്നു കരുണാനിധി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതും.
കരുണാനിധിയുടെ ബാല്യകാലം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട കാലം കൂടിയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരേ രാജ്യമൊന്നാകെ പ്രക്ഷോഭം നയിച്ചിരുന്നു. എന്നാല്‍ പെരിയോറിന്റെ ജസ്റ്റിസ് പാര്‍ട്ടി, ദക്ഷിണേന്ത്യയിലെ ജാതി വെറിക്കെതിരേയും, പ്രമാണിത്വത്തിനെതിരേയും പോരാട്ടം നടത്തി കൊണ്ടാണ് ശ്രദ്ധ നേടിയത്. ജസ്റ്റിസ് പാര്‍ട്ടിയുടെ യുവ പ്രവര്‍ത്തകനെന്ന നിലയില്‍ കരുണാനിധി ജാതി മേല്‍ക്കോയമയെ ചോദ്യം ചെയ്തിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്കു തുല്യനീതി ഉറപ്പാക്കുന്ന ഒരു സമൂഹം അദ്ദേഹം വിഭാവനം ചെയ്തിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ റാഡിക്കല്‍ അഥവാ പുരോഗമന ചിന്തകളൊന്നും അനുകൂലമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. ശ്രീലങ്കയില്‍ തീവ്രവാദ ഗ്രൂപ്പെന്ന് അറിയപ്പെട്ടിരുന്ന എല്‍ടിടിഇയോടു കരുണാനിധി സ്വീകരിച്ചിരുന്ന അനുകൂല നിലപാട് ഒടുവില്‍ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി തീര്‍ന്നിരുന്നു. 1991-ലാണ് പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ കരുണാനിധി സര്‍ക്കാരിനെ എല്‍ടിടിഇയോട് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടത്. എങ്കിലും രാഷ്ട്രീയത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ചാണക്യന്‍ തന്നെയായിരുന്നു കരുണാനിധി. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്ന കരുണാനിധി, ദേശീയ രാഷ്ട്രീയത്തിലും അവിഭാജ്യ ഘടകമായിരുന്നെന്നതും ഒരു വസ്തുതയാണ്. ദേശീയ രാഷ്ട്രീയത്തില്‍ കരുണാനിധി ആദ്യം പ്രവേശിക്കുന്നത് 1989-ലായിരുന്നു. നാഷണല്‍ ഫ്രണ്ട് എന്ന സഖ്യം രൂപീകരിച്ചു കൊണ്ടായിരുന്നു അത്. സഖ്യം രൂപീകരിക്കുന്നതില്‍ കരുണാനിധി സുപ്രധാന പങ്കു വഹിച്ചു. അന്ന് വി.പി.സിങ്ങായിരുന്നു പ്രധാനമന്ത്രി. നാഷണല്‍ ഫ്രണ്ടിന്റെ കണ്‍വീനറും വി.പി.സിങ്ങായിരുന്നു. ഇന്ത്യയിലെ രണ്ട് പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയവര്‍ക്കു ബദലാവുകയെന്നതായിരുന്നു നാഷണല്‍ ഫ്രണ്ട് എന്ന സഖ്യത്തിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ 1999-ല്‍ ബിജെപി നേതാവ് എ.ബി. വാജ്‌പേയ് നേതൃത്വം കൊടുത്ത എന്‍ഡിഎ സഖ്യ സര്‍ക്കാരിനു കരുണാനിധി പിന്തുണ നല്‍കുകയുണ്ടായി. പിന്നീട് 2004-ല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യുപിഎ സര്‍ക്കാരിനും കരുണാനിധി പിന്തുണ നല്‍കി.

ഡിഎംകെയുടെ പിറവി

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോള്‍ പെരിയോറിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനം ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിച്ചു. ഈ പാര്‍ട്ടി രണ്ടായി പിളരുകയും ചെയ്തു. ഒരു വിഭാഗം 1949-ല്‍ സി.എന്‍.അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എന്ന പാര്‍ട്ടി രൂപീകരിച്ചപ്പോള്‍, കരുണാനിധി ഡിഎംകെയില്‍ ചേര്‍ന്നു. 1953-ല്‍ കല്ലുക്കുടി പ്രക്ഷോഭത്തോടെയാണ് രാഷ്ട്രീയ ഭൂപടത്തില്‍ കരുണാനിധി തന്റെ മുദ്ര പതിപ്പിച്ചത്. ന്യൂഡല്‍ഹി ആസ്ഥാനമായ ഡാല്‍മിയ സിമെന്റ്‌സ് ട്രിച്ചിയിലുള്ള കല്ലുക്കുടിയില്‍ പ്ലാന്റ് സ്ഥാപിച്ചു. കല്ലുക്കുടി ടൗണിന്റെ പേര് ഡാല്‍മിയപുരം എന്നു പുനര്‍നാമകരണം ചെയ്തു. ഇതിനെതിരേ കരുണാനിധിയും മറ്റു ഡിഎംകെ നേതാക്കളും രംഗത്തുവന്നു. റെയ്ല്‍വേ ട്രാക്കില്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചു. തുടര്‍ന്ന് കരുണാനിധിയെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് മൂന്ന് മാസം ജയിലിലടച്ചു. 1957-ല്‍ 33-ാം വയസില്‍ കാരൂര്‍ ജില്ലയിലെ കുലിത്തലൈ എന്ന മണ്ഡലത്തില്‍നിന്നും തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1961-ല്‍ ഡിഎംകെയുടെ ട്രഷററായി. 1962-ല്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1969-ല്‍ ഡിഎംകെ സ്ഥാപകനേതാവ് സിഎന്‍ അണ്ണാദുരൈ അന്തരിച്ചപ്പോള്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും ഡിഎംകെയുടെ അധ്യക്ഷനുമായി കരുണാനിധി. അണ്ണാദുരൈയുടെ നിര്യാണത്തോടെ പാര്‍ട്ടിയില്‍ അനിഷേധ്യ നേതാവായും കരുണാനിധി മാറുകയായിരുന്നു. 1969 മുതല്‍ 2011 വരെ അഞ്ച് തവണകളിലായി നീണ്ട 18 വര്‍ഷക്കാലം അദ്ദേഹം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി.

സാംസ്‌കാരിക രംഗത്തേയ്ക്ക്

രാഷ്ട്രീയ, സാമൂഹിക രംഗങ്ങളോടൊപ്പം, സാംസ്‌കാരിക മണ്ഡലങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു കരുണാനിധി. 1940-ല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തോടു വിടപറഞ്ഞ ശേഷം കരുണാനിധി നാടക സമിതികള്‍ക്കു വേണ്ടി കഥയെഴുതാന്‍ തുടങ്ങി. പെരിയോറിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘കുടി അരശു’ എന്ന തമിഴ് മാസികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1942-ല്‍ ‘മനവര്‍ നേശന്‍’ എന്ന എട്ട് പേജുകളുള്ള കൈയ്യെഴുത്ത് പത്രവും കരുണാനിധി പുറത്തിറക്കുകയുണ്ടായി. ഈ പത്രം പില്‍ക്കാലത്ത് ‘മുരസൊല്ലി’ എന്ന ഡിഎംകെയുടെ മുഖപത്രമായി മാറുകയും ചെയ്തു. തമിഴ്‌നാട് തമിഴ് മനവര്‍ മന്ദ്രം എന്ന പേരില്‍ ഡിഎംകെയ്ക്കായി വിദ്യാര്‍ഥി സംഘടനയും കരുണാനിധി രൂപം കൊടുത്തു.

സിനിമാ ലോകവുമായുള്ള ബന്ധം

1944-ലാണ് കരുണാനിധി ജൂപിറ്റര്‍ പിക്‌ച്ചേഴ്‌സില്‍ തിരക്കഥാകൃത്തായി ചേരുന്നത്. അദ്ദേഹം ആദ്യമായി തിരക്കഥ നിര്‍വഹിച്ചു റിലീസ് ചെയ്ത ചിത്രം രാജകുമാരിയായിരുന്നു. 1952-ല്‍ തമിഴ് സിനിമാ വ്യവസായത്തില്‍ അവിഭാജ്യ ഘടകമായി കരുണാനിധി മാറി.ചടുലമായ സംഭാഷണങ്ങള്‍ രചിക്കുന്നതില്‍ കരുണാനിധി പ്രത്യേക കഴിവ് പ്രദര്‍ശിപ്പിച്ചു. പുരാണ കഥകള്‍ക്കൊപ്പം, സാമൂഹിക പ്രതിബദ്ധതയുള്ള കഥയും കഥാപാത്രങ്ങളും അദ്ദേഹം സൃഷ്ടിച്ചു. ശിവാജി ഗണേശനെ നായകനാക്കി കൊണ്ടുള്ള പരാശക്തിയെന്ന ചിത്രം 1952ലായിരുന്നു റിലീസ് ചെയ്തത്. ഇത് വന്‍ ഹിറ്റാവുകയും ചെയ്തു. അക്കാലത്ത് സാമൂഹിക നവോത്ഥാനത്തിനും, ദ്രാവിഡിയന്‍ ആശയത്തിന്റെ വളര്‍ച്ചയ്ക്കും സിനിമയെ ഉപയോഗപ്പെടുത്തുന്നതില്‍ കരുണാനിധി വിജയിച്ചു. അദ്ദേഹം എഴുതിയ തിരക്കഥ ഒട്ടുമിക്കവയും ദ്രാവിഡിയന്‍ വിപ്ലവത്തിന് പ്രചോദനമായി തീര്‍ന്നു. രാഷ്ട്രീയ സാമൂഹിക ഘടകങ്ങളെ യോജിപ്പിച്ചു കൊണ്ടുള്ള സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനായിരുന്നു കരുണാനിധി. വോട്ടര്‍മാരിലേക്ക് എത്തിച്ചേരാന്‍ കലയെ നന്നായി പ്രയോജനപ്പെടുത്തി കരുണാനിധി. ദിനൈദന്തി, ദിനമണി തുടങ്ങിയ പത്രങ്ങളും സൂര്യ ടിവി, കലൈജ്ഞര്‍ ടിവിക്കും തുടക്കമിട്ടത് കരുണാനിധിയായിരുന്നു.

എംജിആറുമായുള്ള ബന്ധം

1972-ല്‍ എംജിആറെന്ന എം.ജി. രാമചന്ദ്രന്‍ ഡിഎംകെയില്‍നിന്നും തെറ്റിപ്പിരിഞ്ഞ് എഡിഎംകെ രൂപീകരിച്ചു. തമിഴ്‌നാടിന്റെ സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ തിളങ്ങി നിന്നിരുന്ന വ്യക്തിയായിരുന്നു എംജിആര്‍. അതു കൊണ്ടു തന്നെ ഡിഎംകെ ഉപേക്ഷിച്ച് എംജിആര്‍ പോയപ്പോള്‍ അതിന്റെ ക്ഷീണം ഡിഎംകെയ്ക്കും കരുണാനിധിക്കുമുണ്ടായി. എംജിആറിന്റെ പ്രഭയില്‍ എഡിഎംകെ തമിഴ്‌നാട്ടില്‍ വളര്‍ന്നു. ഡിഎംകെയ്ക്കും മുകളിലേയ്ക്കു വളര്‍ന്നു. ഇതാകട്ടെ ഡിഎംകെയ്ക്കും കരുണാനിധിക്കും ശക്തമായ തിരിച്ചടി സമ്മാനിക്കുകയും ചെയ്തു. 1976-ല്‍ ഇന്ദിരാ ഗാന്ധി, ഡിഎംകെ സര്‍ക്കാരിനെ അഴിമതിയുടെ പേരില്‍ പിരിച്ചുവിട്ടതും കരുണാനിധിക്ക് ഇരട്ടി പ്രഹരമായി. പിന്നീട് 1989-ല്‍ അതായത്, എംജിആറിന്റെ മരണത്തിനും രണ്ട് വര്‍ഷം മുന്‍പ് കരുണാനിധി നേതൃത്വം നല്‍കിയ മന്ത്രിസഭ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തി. എന്നാല്‍ 1991-ല്‍ ഡിഎംകെ മന്ത്രിസഭയെ അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ പിരിച്ചുവിട്ടു. ലങ്കയിലെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചെന്ന പേരിലായിരുന്നു പിരിച്ചുവിട്ടത്. 1991 മെയ് മാസമായിരുന്നു ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവിനെ വധിച്ചത് ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ എല്‍ടിടിഇയായിരുന്നു.

ജയലളിത-കരുണാനിധി യുഗത്തിന് അവസാനം

രണ്ട് വര്‍ഷത്തിനിടെ തമിഴ്‌നാടിന് നഷ്ടമായത് രണ്ട് വലിയ രാഷ്ട്രീയ നേതാക്കളെയാണ്. ആദ്യം ജയലളിത വിടവാങ്ങി. ഇപ്പോള്‍ ഇതാ കരുണാനിധിയും. ഇവര്‍ രണ്ടു പേരുടെയും നഷ്ടം തമിഴ്‌നാടിന്റെ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുക വലിയ ശൂന്യത തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആഭ്യന്തര കാര്യങ്ങളില്‍ സ്വാതന്ത്ര്യം നിലനിര്‍ത്തുന്ന ഫെഡറലിസത്തിന്റെ ശക്തമായ വക്താക്കളായിരുന്നു ഇരുവരും. ഫെഡറലിസം ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ പോരാട്ടത്തില്‍ വരെ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട് ജയലളിത, കരുണാനിധി സര്‍ക്കാരുകള്‍.

Comments

comments

Categories: FK Special
Tags: Karunanidhi