ഓഗസ്റ്റിലും കൂട്ടവിരമിക്കല്‍; തലവന്‍മാരില്ലാതെ 10 പൊതുമേഖലാ ബാങ്കുകള്‍

ഓഗസ്റ്റിലും കൂട്ടവിരമിക്കല്‍; തലവന്‍മാരില്ലാതെ 10 പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡെല്‍ഹി: ഓഗസ്റ്റ് പകുതിയോടെ മൂന്ന് പൊതുമേഖലാ ബാങ്കുകളിലെ സിഇഒമാരുടെ കാലാവധി കൂടി അവസാനിക്കുന്നതോടെ രാജ്യത്ത് നാഥനില്ലാത്ത പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 10 ആകും. ഏഴ് പൊതുമേഖലാ ബാങ്കുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് തലവന്‍മാരില്ലാതെയാണ്. മിക്ക ബാങ്കുകളും കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോട് മല്ലയുദ്ധം ചെയ്യുന്ന സാഹചര്യത്തിലാണ് തലപ്പത്ത് നേതൃ ശൂന്യതയുണ്ടായിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സിഇഒ സ്ഥാനത്തേക്ക് 14 ഉദ്യോഗാര്‍ത്ഥികളെ ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ നിര്‍ദേശിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല. നിര്‍ദേശിക്കപ്പെട്ടവരില്‍ ആറു പേരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ളവരാണ്. പദ്മജ ചന്ദ്രു, മൃത്യുഞ്ജയ് മൊഹാപത്ര, പല്ലവ് മൊഹാപത്ര, ജെ പാക്കിറിസാമി, കര്‍ണം ശേഖര്‍, സിവി നാഗേശ്വര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ സിഇഒമാരായ പിഎസ് ജയകുമാര്‍, മെല്‍വിന്‍ റെഗോ, കിഷോര്‍ ഖരാട്ട് എന്നിവര്‍ ഈ മാസം പകുതിയോടെ തങ്ങളുടെ മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സിഇഒ ആയ രാജീവ് ഋഷി തന്റെ അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം വിരമിച്ചിരുന്നു. വിരമിക്കല്‍ പ്രായമായ 60 വയസ് പൂര്‍ത്തിയായതോടെ കനറാ ബാങ്ക് സിഇഒ രാകേഷ് ശര്‍മയും കഴിഞ്ഞ മാസം ബാങ്കിന്റെ പടിയിറങ്ങി. സിന്‍ഡിക്കേറ്റ് ബാങ്ക് സിഇഒ റെഗോയ്ക്കും ഇന്ത്യന്‍ ബാങ്ക് സിഇഒ ഖരാട്ടിനും 60 വയസ് പൂര്‍ത്തിയാവാറായി. 56 വയസുള്ള ജയകുമാറിന് കാലാവധി നീട്ടി നല്‍കുകയോ അല്ലാതിരിക്കുകയോ ചെയ്യാം. റെഗോയുടെയും ഖരാട്ടിന്റെയും പേര് എയര്‍സെല്‍മാക്‌സിസ് കേസില്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ തന്നെ സര്‍ക്കാര്‍ അവരുടെ കാലാവധി നീട്ടാന്‍ സാധ്യതയില്ല.

വ്യത്യസ്ത കാരണങ്ങളാല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര, അലഹബാദ് ബാങ്ക് എന്നിവയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. അന്വേഷണ ഏജന്‍സികളുടെ പരിശോധനയെ തുടര്‍ന്ന് ഈ ബാങ്കുകളുടെ സിഇഒമാരായ ആര്‍പി മറാഠെ, ഉഷ അനന്തസുബ്രഹ്മണ്യം എന്നിവരെ തല്‍സ്ഥാനത്ത് നിന്നും നീക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡിഎസ് കുല്‍ക്കര്‍ണിയുടെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് മാനദണ്ഡങ്ങള്‍ മറികടന്ന് വായ്പ അനുവദിച്ച കേസില്‍ മറാത്തെയെയും ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്റ്ററായ ആര്‍കെ ഗുപ്തയേയും സംസ്ഥാന പോലിസ് ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസില്‍ ഇവര്‍ക്കെതിരായ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും അധികാരസ്ഥാനത്തു നിന്ന് നീക്കാന്‍ ബോര്‍ഡിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. 13,000 കോടിയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് സിഇഒആയ ഉഷ അനന്തസുബ്രഹ്മണ്യത്തെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ അലഹബാദ് ബാങ്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കെവി ബ്രഹ്മജി, സഞ്ജീവ് ശരണ്‍ എന്നീ രണ്ട് പിഎന്‍ബി എക്‌സിക്യുട്ടീവുമാരെയും ഇക്കാരണത്താല്‍ പദവികളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആന്ധ്രാ ബാങ്ക്, ദേന ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവിടങ്ങിലെ സിഇഒ കസേരകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ ഐഡിബിഐ ബാങ്ക് സിഇഒ ബി ശ്രീറാമിന്റെ കാലാവധിയും അവസാനിക്കും. യുണൈറ്റഡ് ബാങ്കിന്റെ പികെ ബജാജിന്റെയും യുസിഒ ബാങ്കിന്റെ ആര്‍ കെ ടാക്കൂറിന്റെയും കാലാവധിയും ഈ വര്‍ഷം അവസാനത്തോടെ അവസാനിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ ബാങ്കുകളെല്ലാം നഷ്ടം രേഖപ്പെടുത്തിയിരുന്നുവെന്നും സര്‍ക്കാര്‍ ഉടന്‍ തന്നെ സിഇഒമാരെ നിയമിച്ച്, ഉത്തരവാദിത്തങ്ങള്‍ അവര്‍ക്ക് കൈമാറണമെന്നും ഒരു ബാങ്കിംഗ് നിരീക്ഷകന്‍ പറഞ്ഞു.

 

Comments

comments

Categories: Banking, FK News, Top Stories
Tags: August, CEO, PSB