വനിതാനേതാക്കള്‍ കുറയുന്ന കോര്‍പ്പറേറ്റ് ലോകം

വനിതാനേതാക്കള്‍ കുറയുന്ന കോര്‍പ്പറേറ്റ് ലോകം

12 വര്‍ഷം പെപ്‌സികോയുടെ തലപ്പത്തിരുന്ന ശേഷം ഇന്ദ്ര നൂയി പടിയിറങ്ങുകയാണ്. കോര്‍പ്പറേറ്റ് ലോകത്ത് നേതൃനിരയിലിരിക്കുന്ന വനിതകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വരുകയാണ്. ഇത് പരിഹരിക്കാന്‍ വേണ്ടത്ര ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ആശങ്കാജനകമാണ്

ദക്ഷിണേന്ത്യയിലെ ചെന്നൈയില്‍ നിന്നും യുഎസ് കേന്ദ്രമാക്കിയ ആഗോള ഫുഡ് ആന്‍ഡ് ബെവറേജ് ഭീമന്‍ കമ്പനി പെപ്‌സികോയുടെ തലപ്പത്തെത്തിയ ഇന്ദ്ര നൂയി എന്ന വനിതാ പ്രൊഫഷണലിന്റെ കഥ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന പെണ്‍കുട്ടികള്‍ക്കൊക്കെ പ്രചോദനം നല്‍കുമെന്നത് തീര്‍ച്ച. 24 വര്‍ഷത്തെ പെപ്‌സോകോ കരിയര്‍, അതില്‍ 12 വര്‍ഷം കമ്പനിയുടെ നേതൃസ്ഥാനം-സംഭവബഹുലമാണ് ഇന്ദ്ര നൂയിയുടെ ജീവിതം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള തനിക്ക് പെപ്‌സി പോലൊരു ആഗോള കമ്പനിയെ നയിക്കാന്‍ പാകത്തില്‍ വളരാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് നൂയി കഴിഞ്ഞ ദിവസം പറഞ്ഞത്.

പെപ്‌സികോയുടെ ആദ്യ വനിതാ സിഇഒ ആയി മാറിയാണ് നൂയി ചരിത്രത്തിലിടം നേടിയത്. കമ്പനിയുടെ വൈവിധ്യവല്‍ക്കരണ പദ്ധതികളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അവര്‍ക്കായി. അതേസമയം പടിയിറങ്ങുന്ന സമയത്ത് പെപ്‌സികോ വളര്‍ച്ചാ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട് എന്നതും മറന്നുകൂടാ. എന്നിരുന്നാലും തന്ത്രപ്രധാനമായ ഏറ്റെടുക്കലും കൂടുതല്‍ ആരോഗ്യകരമായ പാനീയങ്ങളിലേക്ക് ചുവട് വെക്കാന്‍ പെപ്‌സികോ ശ്രമിച്ചതുമെല്ലാം ഇന്ദ്ര നൂയിയുടെ ചിന്താശേഷിയുടെ ഫലമായിരുന്നു. ലോകത്തെ ഏറ്റവും ശക്തരായ വനിതാ നേതാക്കളുടെ പട്ടികയില്‍ അവര്‍ തുടര്‍ച്ചയായി സ്ഥാനം പിടിച്ചു. ലളിതമായ സാഹചര്യങ്ങളില്‍ നിന്നും എത്ര ഉയരങ്ങള്‍ വരെയും എത്തിപ്പിടിക്കാന്‍ ഇച്ഛാശക്തിയുള്ള വനിതകള്‍ക്ക് സാധ്യമാണെന്ന സന്ദേശം പകരാന്‍ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങള്‍ ഇന്ദ്ര നൂയിയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇന്ദ്ര നൂയി പടിയിറങ്ങുമ്പോള്‍ കോര്‍പ്പറേറ്റ് അമേരിക്കയുടെ വനിതാ ശാക്തീകരണ മുന്നേറ്റത്തിലെ വലിയ വിടവ് പ്രകടമായി തന്നെ ദൃശ്യമാവുകയാണ്.

എസ്&പി 500 കമ്പനികളുടെ പട്ടികയില്‍ ഇതുവരെ വനിതകള്‍ സിഇഒകളായിരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കേവലം 24 മാത്രമാണ്. നൂയി പെപ്‌സികോയില്‍ നിന്ന് മടങ്ങുമ്പോള്‍ വനിതാ സിഇഒമാരുടെ എണ്ണം 23 ആയി ചുരുങ്ങും. എന്തുകൊണ്ടാണ് വന്‍കിട കമ്പനികള്‍ പലതിനും വനിതകളെ നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തത് എന്ന വലിയ ചോദ്യമാണ് സമത്വവാദം ശക്തമായിരിക്കുന്ന ഈ കാലത്തും ഉയരുന്നത്. വനിതാ സിഇഒമാര്‍ കേവലം അഞ്ച് ശതമാനം മാത്രമാണ്. ഇനിയുമെത്ര ദൂരം താണ്ടേണ്ടതുണ്ട് എന്നത് വളരെ സ്പഷ്ടമായി പറയുന്നു ഈ കണക്കുകള്‍.

2009ന് ശേഷം എസ്&പി 500 പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിന്ന് പടിയിറങ്ങിയ മൂന്ന് വനിതാ സിഇഒകള്‍ക്ക് പകരം ആ സ്ഥാനങ്ങളില്‍ വന്നത് പുരുഷന്മാരാണെന്നതും ശ്രദ്ധേയമാണ്.എന്തുകൊണ്ടാണ് ആ സ്ഥാനത്തേക്ക് കഴിവുള്ള സത്രീകളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ക്ക് കഴിയാതെ പോയത്. ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ തൊഴില്‍ ശക്തിയിലുള്ള പ്രതിഭാധനരായ വനിതകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ ആസൂത്രിതമായ പദ്ധതികള്‍ തന്നെ ആവിഷ്‌കരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം ചെല്ലുന്തോറും സിഇഒ പദവിയിലിരിക്കുന്ന വനിതകളുടെ എണ്ണം ഇനിയും ശുഷ്‌കമാകുമെന്നാണ് നിലിവലെ പ്രവണത അടിവരയിടുന്നത്. ആരോഗ്യകരമായ ഒരു ബിസിനസ് സംസ്‌കാരത്തിന് ഒട്ടും യോജിച്ച കാര്യമല്ലത്.

Comments

comments

Categories: Editorial, Slider