അഞ്ച് വര്‍ഷത്തിനുള്ളില്‍ ടാറ്റാ മോട്ടോഴ്‌സ് 12 ഓളം പുതിയ പാസഞ്ചര്‍ വാഹനങ്ങള്‍ പുറത്തിറക്കും

അഞ്ച് വര്‍ഷത്തിനുള്ളില്‍ ടാറ്റാ മോട്ടോഴ്‌സ് 12 ഓളം പുതിയ പാസഞ്ചര്‍ വാഹനങ്ങള്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് 10 മുതല്‍ 12 വരെ പുതിയ പാസഞ്ചര്‍ വാഹനങ്ങള്‍ പുറത്തിറക്കും. ആല്‍ഫ, ഒമേഗ എന്നീ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളിലായിരിക്കും പുതിയ വാഹനങ്ങള്‍ വികസിപ്പിക്കുന്നത്. പുതിയ വാഹനങ്ങള്‍ വരുന്നതോടെ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ് 90 ശതമാനത്തോളം സാന്നിധ്യമറിയിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ നിരവധി സെഗ്‌മെന്റുകളും സബ് സെഗ് മെന്റുകളും രൂപപ്പെടുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക് കണക്കുകൂട്ടുന്നു. നിലവിലെ സെഗ്‌മെന്റുകളില്‍ സാന്നിധ്യം തുടരുന്നതോടൊപ്പം പുതിയവയില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് പുതിയ മോഡുലാര്‍ പ്ലാറ്റ്‌ഫോമുകളിലായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് പരീക് അറിയിച്ചു. ഇവയില്‍ വേരിയന്റുകളും ഉള്‍പ്പെടും.

ടേണ്‍എറൗണ്ട് 2.0 പദ്ധതിയുടെ ഭാഗമായി പ്ലാറ്റ്‌ഫോമുകളുടെ എണ്ണം രണ്ടായി കുറയ്ക്കാന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ടാറ്റ ഹാരിയര്‍ എസ്‌യുവി പുറത്തിറക്കി പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ നാന്ദി കുറിക്കും. നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാസഞ്ചര്‍ വാഹനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിന് ഏകദേശം 70 ശതമാനം സാന്നിധ്യമാണുള്ളത്.

ഭാവിയില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ 4.3 മീറ്റര്‍ വരെ നീളമുള്ള കോംപാക്റ്റ് സെഗ്‌മെന്റ് വാഹനങ്ങള്‍ വികസിപ്പിക്കുമെന്ന് പരീക് പറഞ്ഞു. ലാന്‍ഡ് റോവറില്‍നിന്ന് സ്വീകരിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലായിരിക്കും എസ്‌യുവികള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്.

 

Comments

comments

Categories: Auto, FK News
Tags: Tata motors