സൗദിക്ക് യുഎഇയുടെയും അറബ് ലീഗിന്റെയും പിന്തുണ

സൗദിക്ക് യുഎഇയുടെയും അറബ് ലീഗിന്റെയും പിന്തുണ

കാനഡയുടേത് സൗദി അറേബ്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണെന്ന് അറബ് ലോകം

റിയാദ്: കാനഡയ്‌ക്കെതിരെ സൗദി അറേബ്യ കൈക്കൊണ്ട നടപടിക്ക് പിന്തുണയുമായി അറബ് ലോകം. സൗദിയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണ് കാനഡയുടെ പ്രവൃത്തിയെന്ന് യുഎഇയും അറബ് ലീഗും വ്യക്തമാക്കി. വിഷയത്തില്‍ സൗദി അറേബ്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതാണ് യുഎഇയുടെ നിലപാട്.

കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാര പദ്ധതികളും ഉപേക്ഷിക്കുന്നതായി സൗദി അറേബ്യ തിങ്കളാഴ്ച്ച വ്യക്തമാക്കിയിരുന്നു. കനേഡിയന്‍ അംബാസഡറെ പുറത്താക്കിയ സൗദി തങ്ങളുടെ പ്രതിനിധിയെ കാനഡയില്‍ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തു. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാണ് കാനഡ ശ്രമിച്ചതെന്നായിരുന്നു ആരോപണം.

സൗദി അറേബ്യ ജയിലിലടച്ച ആക്റ്റിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് കാനഡ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദിനെ ചൊടിപ്പിച്ചതും നയതന്ത്രബന്ധങ്ങള്‍ വഷളാകുന്നതിനും ഇടവെച്ചത്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ പ്രതികരണം രൂക്ഷമാകുമെന്നാണ് കാനഡയ്‌ക്കെതിരെയുള്ള നടപടിയിലൂടെ സൗദി അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്.

സൗദി കിരീടാവകാശിയുടെ വിദേശനയം അല്‍പ്പം തീവ്രമാണെന്നതിന്റെ പ്രതിഫലനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. വനിതകളുള്‍പ്പടെയുള്ള ആക്റ്റിവിസ്റ്റുകളെ കഴിഞ്ഞയാഴ്ച്ചയാണ് സൗദി അറസ്റ്റ് ചെയ്തത്. ലിംഗനീതിക്ക് വേണ്ടി പോരാടുന്ന പ്രശസ്ത ആക്റ്റിവിസ്റ്റായ സമര്‍ ബദാവിയും ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. ഇതിനെതിരെ കാനഡ പ്രതികരിച്ചതാണ് സൗദിയെ പ്രകോപിപ്പിച്ചത്. വനിതകള്‍ക്ക് ഡ്രൈവിംഗ് വിലക്ക് നീക്കിയതുള്‍പ്പടെയുള്ള നിരവധി പുരോഗമനപരമായ പദ്ധതികള്‍ പ്രിന്‍സ് മുഹമ്മദ് നടപ്പാക്കുന്നുണ്ടെങ്കിലും ആക്റ്റിവിസ്റ്റുകളെ അടിച്ചമര്‍ത്തുന്ന സമീപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

കാനഡയുമായുള്ള പ്രശ്‌നത്തില്‍ യുഎഇ കൂടി നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തില്‍ അറബ് ലോകത്ത് ഭിന്നിപ്പുണ്ടാകാന്‍ ഇടയില്ല. സൗദിയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള കാനഡയുടെ നീക്കത്തെ പ്രതിരോധിക്കുന്നതില്‍ റിയാദിന് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് യുഎഇയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കാനഡ സ്വീകരിച്ച നിലപാടിനോട് അറബ് ലീഗും രൂക്ഷമായാണ് പ്രതികരിച്ചത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടുന്നത് ഒട്ടും പോസിറ്റീവല്ലെന്നാണ് അറബ് ലീഗ് ഇന്നലെ വ്യക്തമാക്കിയത്.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ ജിസിസി സെക്രട്ടറി ജനറലും സൗദിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Soudhi