കാനഡയിലുള്ള സൗദി വിദ്യാര്‍ത്ഥികളെ യുകെയിലേക്കും യുഎസിലേക്കും മാറ്റും

കാനഡയിലുള്ള സൗദി വിദ്യാര്‍ത്ഥികളെ യുകെയിലേക്കും യുഎസിലേക്കും മാറ്റും

കാനഡയെ പാഠം പഠിപ്പിക്കാനിറങ്ങി പ്രിന്‍സ് മുഹമ്മദ്. കാനഡയില്‍ പഠിക്കുന്ന 7,000ത്തോളം സൗദി വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബത്തെയും യുകെ, യുഎശ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റും

റിയാദ്: കാനഡയില്‍ പഠിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ സൗദി അറേബ്യ റദ്ദാക്കി. അവിടെ ഇപ്പോള്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനും തീരുമാനമായി. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് കാനഡ ശക്തമായ അഭിപ്രായം നടത്തിയതിന് പ്രതികരണണായി സൗദി അവരുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണിത്.

സൗദിയില്‍ മനുഷ്യവാകാശപ്രവര്‍ത്തകരെ ജയിലിലടച്ചതിനെ കാനഡ വിമര്‍ശിച്ചിരുന്നു. ഇതാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ പ്രകോപിപ്പിച്ചത്. കാനഡയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും അവസാനിക്കുന്ന തരത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.

കാനഡയില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന 7000ത്തോളം സൗദി വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബത്തെയും യുഎസിലേക്കും യുകെയിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

നയതന്ത്രബന്ധം മോശമായതിനെതുടര്‍ന്ന് തിങ്കളാഴ്ച്ചയാണ് കനേഡിയന്‍ സ്ഥാനപതി ഡെന്നിസ് ഹൊറാക്കിനോട് രാജ്യം വിടാന്‍ സൗദി അറേബ്യ ആവശ്യപ്പെട്ടത്.

സൗദി അറേബ്യയുടെ വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന ഹര്‍ബഷിന്റെ പ്രസ്താവന അനുസരിച്ച് കാനഡയില്‍ വിവിധ യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളിലായി എന്‍ റോള്‍ ചെയ്തിരിക്കുന്നത് 7,000ത്തോളം സൗദി വിദ്യാര്‍ത്ഥികളാണ്.

രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിലേര്‍പ്പെട്ട കാനഡയോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണ് പ്രിന്‍സ് മുഹമ്മദ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ ബന്ധത്തെ ഇത് ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ച് പലര്‍ക്കും ഇതുവരെ വ്യക്തതയില്ല.

അതേസമയം സൗദിയുടെ നടപടിയില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് കാനഡ പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ വളരെ ഗൗരവമര്‍ഹിക്കുന്നതാണ്. എന്നാല്‍ സൗദി ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്-കനേഡിയന്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാരി പിയര്‍ ബരില്‍ പറഞ്ഞു.

വനിതകളുടെ അവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി കാനഡ എപ്പോഴും ശബ്ദമുയര്‍ത്തും. നയതന്ത്രബന്ധത്തില്‍ ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യമെന്ന് ഞങ്ങള്‍ കരുതുന്നു-അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: Soudhi