സഞ്ജുവിന്റെ കച്ചവട തന്ത്രങ്ങള്‍

സഞ്ജുവിന്റെ കച്ചവട തന്ത്രങ്ങള്‍

ബോളിവുഡിലെ വിവാദ നായകന്‍മാരുടെ കിരീടം വെക്കാത്ത ചക്രവര്‍ത്തിയായ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു അടുത്തിടെ തീയേറ്ററുകളിലെത്തി. സഞ്ജയ് ദത്തിനെ വെള്ളപൂശാനെടുത്ത ചിത്രമെന്ന ആരോപണം ഉയര്‍ന്നെങ്കിലും അതൊന്നും സാരമാക്കാത്ത ശതകോടികളുടെ വിജയമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കരസ്ഥമാക്കിയത്. ബോളിവുഡ് സിനിമകള്‍ക്കായി സാധാരണ ഉപയോഗിക്കുന്ന ആവേശകരമായ പ്രചാരണ തന്ത്രങ്ങളെല്ലാം മാറ്റിവെച്ച് ഒരു റിവേഴ്‌സ് പ്രചാരണമാണ് സഞ്ജുവിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. ഇത് വന്‍ വിജയമായി എന്ന് സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റ സാമ്പത്തിക നേട്ടം.

 

റിലീസ് ചെയ്തത് ഉല്‍സവ കാലത്തോ അവധിക്കാലത്തോ അല്ല. എന്നിട്ടും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ആരാധകരുടെ സ്‌നേഹവും പണവും സമ്പാദിച്ച് മുന്നേറുകയാണ് രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ‘സഞ്ജു’ എന്ന ബോളിവുഡ് സിനിമ. ഒരു കാലത്ത് ബോളിവുഡിലെ ജനപ്രിയ റൊമാന്റിക്, ആക്ഷന്‍ നായകനും ജീവിതത്തില്‍ വില്ലനുമായിരുന്ന സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍ പരകായപ്രവേശം നടത്തി പകര്‍ന്നാടിയ ചിത്രം ഏഴ് ആഴ്ചകള്‍ കൊണ്ട് ബോക്‌സ് ഓഫീസില്‍ 341.22 കോടി രൂപ നേടിക്കഴിഞ്ഞു. 340.80 കോടി രൂപ സമാഹരിച്ച ആമിര്‍ ഖാന്റെ ‘പികെ’യുടേയും 339 കോടി രൂപ കളക്ഷന്‍ നേടിയ സല്‍മാന്‍ ഖാന്റെ ‘ഏക് ഥാ ടൈഗര്‍’ന്റെയും റെക്കോഡുകളാണ് ജൂണ്‍ 29 ന് റിലീസ് ചെയ്ത സഞ്ജു പഴംകഥയാക്കിയത്. നിത്യഹരിത നായിക ശ്രീദേവിയുടെ പുത്രി, ജാന്‍വി കപൂറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ധടക്’ തിയേറ്ററുകളില്‍ ശക്തമായ സാന്നിധ്യമായിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ പടയോട്ടത്തിന് തെല്ലും വേഗം കുറഞ്ഞിട്ടില്ല.

ശരീരഭാഷയിലൂടെയും മേക്ക്ഓവറിലൂടെയും സഞ്ജയ് ദത്ത് തന്നെയായി മാറിയ രണ്‍ബീര്‍ കപൂര്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പോലും വിലയിരുത്തുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ സംവിധാന മികവ് രാജ് കുമാര്‍ ഹിരാനിയുടെ വൈയില്‍ നിന്ന് ചോര്‍ന്നു പോയിട്ടില്ലെന്നും പുതിയ സംരംഭം തെളിയിച്ചു. ഇതിനു രണ്ടിനുമൊപ്പം തന്നെ സഞ്ജുവിന്റെ വിജയത്തിനു കാരണമായ മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. അതുല്യമായ മാര്‍ക്കറ്റിംഗ് തന്ത്രമാണത്. ചലച്ചിത്ര പ്രചാരണത്തിന്റെ മിക്ക നിയമങ്ങളും തിരുത്തിയെഴുത്തിക്കൊണ്ടായിരുന്നു തിയേറ്ററുകളിലേക്കുള്ള സഞ്ജുവിന്റെ കടന്നു വരവ്.

സഞ്ജയ് ദത്തിനെ പോലെ ആരാധക പിന്തുണ വളരെയേറെയുള്ള ഒരു പ്രശസ്തനായ നടന്റെ പച്ചയായ ജീവിതം അവതരിപ്പിക്കുമ്പോള്‍ അത് കേവലം പോസ്റ്ററോ ബിംബമോ മാത്രമായി ചുരുങ്ങാതെ, ജിജ്ഞാസയുണര്‍ത്തുന്ന ഒരു കാംപെയ്ന്‍ സൃഷ്ടിക്കുക എന്നതായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്കു മുന്നിലുള്ള യഥാര്‍ത്ഥ വെല്ലുവിളി. പ്രത്യേകിച്ച് ആരാധകര്‍ക്കൊപ്പം തന്നെ വിമര്‍ശകരും കുറവല്ലെന്ന വസ്തുത പരിഗണിക്കുമ്പോള്‍. ലഹരികളുടെ അകമ്പടിയോടെയുള്ള കുത്തഴിഞ്ഞ ജീവിതവും ബോംബെ സ്‌ഫോടന കേസിലെ പങ്കാളിത്തത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നതുമൊക്കെ കൂടിച്ചേര്‍ന്ന് അത്യന്തം വിവാദ വ്യക്തിത്വമായ ഒരാളുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തിക്കേണ്ടിയിരുന്നത്.

തിയേറ്ററുകളിലെത്തി ഒരാഴ്ചക്കുള്ളില്‍ത്തന്നെ 120 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്ന സ്വപ്‌ന നേട്ടം നേടാന്‍ സഞ്ജുവിനു കഴിഞ്ഞതിനു പിന്നിലുള്ള അഞ്ച് പ്രധാന വിപണന തന്ത്രങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

1. സഞ്ജുവിന്റെ ടീസര്‍ വൈറലായതിനു പിന്നിലെ രഹസ്യം

ഏപ്രില്‍ 24ന് ടീസര്‍ പുറത്തിറക്കുന്ന സമയം വരെ രണ്‍ബീര്‍ കപൂറിന്റെ ചിത്രത്തിലെ ലുക്കുകള്‍ പുറത്താകാതിരിക്കാനുള്ള ജാഗ്രത നിര്‍മാതാക്കള്‍ കാട്ടി. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ടീസര്‍ പുറത്തായതോടെ ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ സഞ്ജു നമ്പര്‍ വണ്‍ ട്രെന്‍ഡായെന്ന് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ ശിഖ കപൂര്‍ പറയുന്നു. 24 മണിക്കൂറില്‍ രണ്ട് ലക്ഷം ആളുകളാണ് ഗൂഗിളില്‍ സഞ്ജുവിനെ കുറിച്ച് തെരഞ്ഞത്. സാമൂഹ്യമാധ്യങ്ങളിലും ഹോട്ട്‌സ്റ്റാറിലുമായാണ് സഞ്ജുവിന്റെ ടീസര്‍ അവതരിപ്പിച്ചത്. രണ്ട് ദിവസത്തനുള്ളില്‍ 80 ഓളം ടെലിവിഷന്‍ ചാനലുകളിലും ഇത് എത്തി. ലോകമെമ്പാടുമുള്ള 150 ദശലക്ഷം പ്രേക്ഷകരിലേക്കാണ് സഞ്ജുവിന്റെ ടീസര്‍ എത്തിയത്.

2. എല്ലാത്തിലും സസ്‌പെന്‍സ്

ടീസര്‍ റിലീസിനും ട്രെയ്‌ലര്‍ റിലീസിനുമിടയില്‍ വന്ന ഇടവേള ഒരു മാസക്കാലയളവായിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് വരെ എല്ലാ ഭാഗത്തു നിന്നും പ്രേക്ഷകരിലേക്ക് പരസ്യങ്ങള്‍ ഇടിച്ചു കയറ്റുന്ന പരമ്പരാഗത ബോളിവുഡ് രീതിയില്‍ നിന്ന് വിരുദ്ധമായി, ഈ ഒരു മാസക്കാലയളവില്‍ പാട്ടുകള്‍ അടക്കമുള്ള എല്ലാ പ്രചാരണവും തടഞ്ഞു വെച്ചു. സഞ്ജുവിന്റെ പുതിയ മുഖം കാംപെയ്‌നിലേക്ക് കൊണ്ടുവരുന്ന തരത്തിലാണ് പിന്നീട് വന്ന ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ ഏതാനും വിവാദങ്ങളെയും വീഴ്ചകളെയും സ്പര്‍ശിച്ചു കൊണ്ടുള്ളതും അച്ഛന്‍ സുനില്‍ ദത്തും മകനും തമ്മിലുള്ള ബന്ധം മനോഹരമായി ആവിഷ്‌കരിച്ചതുമായിരുന്നു ഈ ട്രെയ്‌ലര്‍.

3. എല്ലാം ഡിജിറ്റല്‍

ഡിജിറ്റലായാണ് സഞ്ജുവിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം ആദ്യം റിലീസ് ചെയ്തത്. പ്രേക്ഷകരുമായി ആശയവിനിമയം സാധ്യമാക്കാനും ചിത്രം കാണാനുള്ള ശക്തമായ ഉദ്ദേശം ഉണ്ടാക്കാനും ലാക്കാക്കിയുള്ളതായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കാംപെയ്ന്‍

4. ചെയ്യണമെന്നും ചെയ്യരുതെന്നും തീരുമാനിച്ച കാര്യങ്ങള്‍

ചെയ്യാവുന്നവയേക്കാള്‍ ചെയ്യേണ്ടാത്ത കാര്യങ്ങളായിരുന്ന സഞ്ജുവിന്റെ പ്രചാരണത്തില്‍ ഏറെയും. ഉദാഹരണത്തിന്, അവസാന 10 ദിവസം വരെ ചിത്രത്തില്‍ അഭിനയിച്ച താരങ്ങളോ സംവിധായകനായ രാജ്കുമാര്‍ ഹിരാനിയോ ടിവി, റേഡിയോ അഭിമുഖങ്ങളൊന്നും നല്‍കിയില്ല. ടീസര്‍ മുതല്‍ ട്രെയ്‌ലര്‍ വരെ കലര്‍പ്പില്ലാത്ത ഒരു അനുഭവം പ്രേക്ഷകര്‍ക്ക് പ്രദാനം ചെയ്യുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

5. ഗാനങ്ങളുടെ റിലീസ് പിന്നീട്

സാധാരണഗതിയില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ഗാനങ്ങള്‍ പുറത്തിറങ്ങും. ടിവി ചാനലുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രേക്ഷകരിലേക്കെത്തുന്ന ഈ ഗാനങ്ങള്‍, തീയേറ്ററുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുമെന്നാണ് ഇന്ത്യന്‍ സിനിമയിലെ പൊതു തത്വം. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങിയതിനു ശേഷമായിരുന്നു എല്ലാ പാട്ടുകളും റിലീസ് ചെയ്തത്.

ഇപ്രകാരം നിലവിലെ ബോൡവുഡ് പ്രചാരണ തന്ത്രങ്ങള്‍ക്കെല്ലാം നേര്‍വിപരീതമായി നില്‍ക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രമാണ് സഞ്ജുവിനായി അണിയറക്കാര്‍ ഒരുക്കിയത്. സഞ്ജയ് ദത്തിനെ അതിരു കടന്ന് ന്യായീകരിക്കുന്നെന്ന വിര്‍ശനം സിനിമക്കെതിരെ ശക്തമായി ഉയര്‍ന്നെങ്കിലും ഇതിനെ തള്ളിക്കൊണ്ട് ഹിരാനി തന്നെ രംഗത്ത് വന്നിരുന്നു. പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം ബോളിവുഡിലെ ട്രെന്‍ഡ് സെറ്ററാവുമോ എന്നാണ് ഇനി കാണേണ്ടത്. വലിയ ചിത്രങ്ങള്‍ക്ക് മാത്രം പ്രയോഗിക്കാവുന്ന പ്രചാരണ തന്ത്രമാണിതന്നും ചെറു ചിത്രങ്ങള്‍ ലഭിക്കാവുന്ന ബിസിനസ് വീണ്ടും കുറയാനേ ഇത് ഉപകരിക്കൂയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഏതായാലും സഞ്ജയ് ദത്ത് എന്ന വിവാദങ്ങളുടെ കൂട്ടുകാരന്റെ ജീവിതകഥയെന്ന ടാഗ് ലൈന്‍ തന്നെ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രചാരണമായി മാറിയെന്നതാണ് വാസ്തവം.

 

Comments

comments

Categories: FK Special, Slider
Tags: Sanjay dath