യുകെ വിപണി ലക്ഷ്യമിട്ട് ഒല

യുകെ വിപണി ലക്ഷ്യമിട്ട് ഒല

ടീമാസെക്കില്‍ നിന്ന് കമ്പനി 225 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

ബെംഗളൂരു: ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസം കഴിയുമ്പോഴേക്കും യുകെ വിപണി പ്രവേശനത്തിന് തയാറെടുക്കുകയാണ് ഇന്ത്യന്‍ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒല. സൗത്ത് വെയ്ല്‍സില്‍ അടുത്ത മാസം സേവനമാരംഭിച്ചുകൊണ്ട് കാബ് വിപണിയില്‍ സാന്നിധ്യമറിയിക്കാനും ഈ വര്‍ഷം അവസാനത്തോടെ യുകെയിലെങ്ങും വ്യാപിക്കാനുമാണ് ഒല പദ്ധതിയിട്ടിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വികസിതമായ ഗതാഗത വിപണികളിലൊന്നായ യുകെയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിക്കുന്നതില്‍ കമ്പനി ആവേശഭരിതരാണെന്നും യുകെ ബിസിനസ് വളര്‍ത്തുന്നതിന് മികച്ച സ്ഥലമാണെന്നും ഇവിടെ ശ്രദ്ധയാകര്‍ഷിക്കുന്ന, ഉത്തരവാദിത്തപൂര്‍ണമായ പുതിയ സേവനം നല്‍കാന്‍ കമ്പനി ശ്രമിക്കുമെന്നും ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. യുകെ ഉപഭോക്താക്കള്‍ക്ക് സ്വകാര്യ വാഹനങ്ങളും ബ്ലാക്ക് കാബുകളും ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നു തന്നെ ബുക്ക് ചെയ്യാന്‍ ഒല അവസരം ഒരുക്കും. ഭാവിയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ഗതാഗത സൗകര്യങ്ങളും കമ്പനി കൂട്ടിച്ചേര്‍ക്കും.

ആഭ്യന്തര വിപണിയിലെ ഒലയുടെ പ്രധാന എതിരാളികളായ യുഎസ് കാബ് സേവനദാതാക്കളായ യുബറിന് 2012 മുതല്‍ യുകെ വിപണിയില്‍ സാന്നിധ്യമുണ്ട്. ലണ്ടനില്‍ യുബര്‍ സേവനമാരംഭിച്ചതു മുതല്‍ തങ്ങളുടെ വരുമാനം നഷ്ടപ്പെടുന്നുവെന്നാരോപിച്ച് ഒരു സംഘം ബ്ലാക്ക് കാബ് ഡ്രൈവര്‍മാര്‍ യുബറിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒല ഓസ്‌ട്രേലിയന്‍ വിപണിയിലേക്ക് ചുവടുവെക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ഏഴു നഗരങ്ങളില്‍ സേവനം നല്‍കുന്ന ഒലയ്ക്കു 40,000 രജിസ്‌ട്രേഡ് ഡ്രൈവര്‍മാരാണുള്ളത്.

അതേ സമയം സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടീമാസെക്ക് ഒലയുടെ ദ്വിതീയ ഓഹരികള്‍ ഏറ്റെടുത്തു. 225 ദശലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ ഇടപാടിലൂടെ ഒല നേടിയത്. അവെന്‍ഡസ് കാപ്പിറ്റലായിരുന്നു ഇടപാടിലെ ഓഹരിയുടമകളുടെ ഉപദേശകര്‍. പുതിയ നിക്ഷേപം കമ്പനിയുടെ ഓഹരിയുടമകളുടെ വൈവിധ്യവല്‍ക്കരണത്തിന് കാരണമാകും. കൂടുതല്‍ നിക്ഷേപം നേടുന്നതിനായി ഇപ്പോഴത്തെ നിക്ഷേപ സമാഹണഘട്ടത്തില്‍ ഒലയുടെ ജീവനക്കാരില്‍ പലരും തങ്ങളുടെ ഓഹരികള്‍ വില്‍ക്കുമെന്നാണ് പ്രതീക്ഷ.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോഗ്നിസെന്റ്, ഐബിഎം, ഭാരതി ഇന്‍ഫ്രാടെല്‍, താജ് ഹോട്ടല്‍സ് തുടങ്ങിയ കമ്പനികളുമായി ഒലയ്ക്ക് കോര്‍പ്പറേറ്റ് പങ്കാളിത്തമുണ്ട്. ആഗോളതലത്തില്‍ 110 നഗരങ്ങളിലായി 125 ദശലക്ഷം ഉപഭോക്താക്കളും ഒരു ദശലക്ഷത്തിലധികം ഡ്രൈവര്‍ പങ്കാളികളുമുള്ള കമ്പനി പ്രതിവര്‍ഷം ഒരു ബില്യണ്‍ റൈഡുകള്‍ നേടുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.

Comments

comments

Categories: Business & Economy
Tags: Ola