2018 നിസാന്‍ മൈക്ര, മൈക്ര ആക്റ്റിവ് അവതരിപ്പിച്ചു

2018 നിസാന്‍ മൈക്ര, മൈക്ര ആക്റ്റിവ് അവതരിപ്പിച്ചു

ഹാച്ച്ബാക്കുകളില്‍ നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി

ന്യൂഡെല്‍ഹി : പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി 2018 വര്‍ഷത്തേക്കായി നിസാന്‍ മൈക്ര, മൈക്ര ആക്റ്റിവ് ഹാച്ച്ബാക്കുകള്‍ പരിഷ്‌കരിച്ചു. നിലവിലെ മോഡലുകളേക്കാള്‍ കൂടുതല്‍ സുഖസൗകര്യങ്ങളും മെച്ചപ്പെട്ട സുരക്ഷയും പ്രദാനം ചെയ്യുന്നവയാണ് നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍. 2018 മോഡല്‍ നിസാന്‍ മൈക്രയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. എന്നാല്‍ ബേസ് വേരിയന്റില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഇല്ല. നാവിഗേഷന്‍ ആവശ്യങ്ങള്‍ക്ക് മിറര്‍ ലിങ്കുമായി പുതിയ 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. എന്നാല്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി നല്‍കിയില്ല. പുറം കണ്ണാടിയില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പുതിയ സ്‌പോയ്‌ലര്‍ എന്നിവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍.

2018 മോഡല്‍ നിസാന്‍ മൈക്ര ആക്റ്റിവിന്റെ കാര്യമെടുത്താല്‍, ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. എന്നാല്‍ എക്‌സ്‌വി എന്ന ടോപ് വേരിയന്റില്‍ മാത്രമാണ് എബിഎസ്. 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അതേപോലെ തുടര്‍ന്നു. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളാണ് മറ്റൊരു ഫീച്ചര്‍.

ഓട്ടോ ഹെഡ്‌ലാംപുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍ തുടങ്ങി നിലവിലെ ഫീച്ചറുകള്‍ 2018 നിസാന്‍ മൈക്രയില്‍ തുടരുന്നു. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, മാന്വല്‍ എയര്‍ കണ്ടീഷണിംഗ് എന്നിവയോടെയാണ് 2018 നിസാന്‍ മൈക്ര ആക്റ്റിവ് വരുന്നത്.

നിസാന്‍ മൈക്രയിലെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 76 ബിഎച്ച്പി കരുത്തും 104 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 63 ബിഎച്ച്പി കരുത്തും 160 എന്‍എം പരമാവധി ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, ഓപ്ഷണല്‍ സിവിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. അതേ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൈക്ര ആക്റ്റിവിന് കരുത്തേകുന്നത്. 67 ബിഎച്ച്പി പവറും 104 എന്‍എം പരമാവധി ടോര്‍ക്കും ലഭിക്കുംവിധം ഈ എന്‍ജിന്‍ ഡീ-ട്യൂണ്‍ ചെയ്തിരിക്കുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

6.19 ലക്ഷം രൂപ (എക്‌സ്എല്‍ സിവിടി) മുതല്‍ 7.60 ലക്ഷം രൂപ (ഡീസല്‍ എക്‌സ്എല്‍ കംഫര്‍ട്ട്) വരെയാണ് 2018 നിസാന്‍ മൈക്രയുടെ വില. 4.73 ലക്ഷം രൂപ (എക്‌സ്എല്‍ വേരിയന്റ്) മുതല്‍ 5.69 ലക്ഷം രൂപ (എക്‌സ്‌വി എ വേരിയന്റ്) വരെയാണ് 2018 നിസാന്‍ മൈക്ര ആക്റ്റിവിന്റെ വില. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

 

Comments

comments

Categories: Auto