ഇന്ത്യയിലെ ആരോഗ്യരംഗത്തെ തൊഴില്‍സേനയുടെ എണ്ണം അപര്യാപ്തമെന്ന് പഠന റിപ്പോര്‍ട്ട്

ഇന്ത്യയിലെ ആരോഗ്യരംഗത്തെ തൊഴില്‍സേനയുടെ എണ്ണം അപര്യാപ്തമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യമില്ലായ്മ, മനുഷ്യ വിഭവശേഷിയുടെ അപര്യാപ്ത എന്നിവ ഉള്‍പ്പെടെ, ഇന്‍ഡ്യയിലെ ആരോഗ്യ സംരക്ഷണ മേഖല ഒരു വലിയ പ്രതിസന്ധി നേരിടുകയാണെന്നു ഇന്ത്യന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2030-ാടെ ഇന്ത്യയ്ക്ക് 20,70,000 ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ മെഡിക്കല്‍ സ്റ്റാഫിന്റെ പ്രത്യേകിച്ച് ഡോക്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് 72,000 ശിശുക്കള്‍ മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരണപ്പെട്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബിഹാറില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സേവിക്കേണ്ടി വരുന്നത് 28,391 പേരെയാണ്. യുപിയിലാകട്ടെ, ഇത് 19,962ും. ജാര്‍ഖണ്ഡ്(18,518), മധ്യപ്രദേശ്(16,996), ഛത്തീസ്ഗഡ്(15,916), കര്‍ണാടക(13,566) എന്നിങ്ങനെയാണു കണക്കുകള്‍. ഇക്കാര്യത്തില്‍ ഡല്‍ഹിയാണ് അല്‍പം ഭേദം. അവിടെ ഡോക്ടര്‍-ജനസംഖ്യാനുപാതം (1:2203) എന്ന നിലയിലാണ്. പക്ഷേ, അത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിര്‍ദേശിച്ചതിനേക്കാള്‍ ഇരട്ടിയാണ്. ഡബ്ല്യുഎച്ച്ഒ നിലവാരവുമായി അടുത്തുനില്‍ക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവുമാണ് അരുണാചല്‍ പ്രദേശും, മണിപ്പൂരും, സിക്കിമും, പുതുച്ചേരിയും. ഇന്ത്യയില്‍ ശരാശരി, ഒരു സര്‍ക്കാര്‍ ഡോക്ടര്‍ 11,082 രോഗികളെ ചികിത്സിക്കുന്നതായിട്ടാണു പഠനത്തില്‍ പറയുന്നത്. ഇത് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചതിനേക്കാള്‍ പത്തിരട്ടിയോളം വരും.
2017 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരം, രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 10,112 വനിതാ ആരോഗ്യ പ്രവര്‍ത്തകരുടെയും, 11712 വനിതാ ഹെല്‍ത്ത് അസിസ്റ്റന്റുമാരുടെയും, 15,592 പുരുഷ ഹെല്‍ത്ത് അസിസ്റ്റന്റുമാരുടെയും, 61,000 വനിതാ ഹെല്‍ത്ത് വര്‍ക്കേഴ്‌സിന്റെയും കുറവുള്ളതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 3,000 ഡോക്ടര്‍മാരുടെ കുറവുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്തു. 1,974 കേന്ദ്രങ്ങള്‍ ഡോക്ടര്‍മാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 5,000 സര്‍ജന്‍മാരുടെ കുറവുള്ളതായും പഠനം പറയുന്നു.

Comments

comments

Categories: Health
Tags: health