എഫ്ആര്‍ഡിഐ ബില്‍ പിന്‍വലിച്ചു

എഫ്ആര്‍ഡിഐ ബില്‍ പിന്‍വലിച്ചു

വിവാദ വ്യവസ്ഥകള്‍ തിരുത്തി പുതിയ ബില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: വിവാദമായ ധനകാര്യ പരിഹാര നിക്ഷേപ ഇന്‍ഷുറന്‍സ് (എഫ്ആര്‍ഡിഐ) ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്ലിലെ ചില വ്യവസ്ഥകള്‍ സംബന്ധിച്ച് നിക്ഷേപകരുടെ ഭാഗത്തു നിന്നുണ്ടായ ആശങ്കകളെ തുടര്‍ന്ന് എഫ്ആര്‍ഡിഐ ബില്‍ പിന്‍വലിക്കുന്നതായി ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10നാണ് എഫ്ആര്‍ഡിഐ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനു റെസൊലൂഷന്‍ കോര്‍പ്പറേഷന്‍ സംവിധാനം രൂപീകകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് എഫ്ആര്‍ഡിഐ ബില്‍. ബില്ലിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബാങ്ക് യൂണിയനുകളും മറ്റും രംഗത്തുവന്നിരുന്നു.

ഉപഭോക്താക്കളുടെ നിക്ഷേപം സാമ്പത്തിക സമ്മര്‍ദം നേരിടുന്ന ബാങ്കുകളുടെ പ്രതിസന്ധി മറികടക്കുന്നതിനായി ഉപയോഗിക്കുന്നതു സംബന്ധിച്ച വ്യവസ്ഥയിലാണ് ആശങ്ക ഉയര്‍ന്നിരുന്നത്. ഉപഭോക്താക്കളുടെ നിക്ഷേപത്തിന് സുരക്ഷയില്ലെന്നത് ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുമെന്ന് വിമര്‍ശനമുയര്‍ന്നു. നിക്ഷേപത്തിന് എത്ര രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന കാര്യത്തിലും ബില്ലില്‍ വ്യക്തമാക്കിയിരുന്നില്ല. ഇതുസംബന്ധിച്ചും ആശങ്കയുണ്ടായിരുന്നു.

അതേസമയം, ബില്ല് പിന്‍വലിക്കുന്നതിലൂടെ ബാങ്കുകളുടെ പ്രതിസന്ധി മറികടക്കുന്നതിന് ഒരു സംവിധാനം സൃഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നു എന്ന് അര്‍ത്ഥമാക്കേണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പുതിയ രൂപത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നും നിലവില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള എല്ലാ വ്യവസ്ഥകളിലും മാറ്റം വരുത്തികൊണ്ട് മെച്ചപ്പെട്ട രീതിയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ചട്ടക്കൂടൊരുക്കുമെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

Comments

comments

Categories: Business & Economy, Slider
Tags: FRDI bill