കഥ പറഞ്ഞ് കൈയ്യടി നേടുന്ന സംരംഭം

കഥ പറഞ്ഞ് കൈയ്യടി നേടുന്ന സംരംഭം

ഡിജിറ്റല്‍ ചാനലുകള്‍ അരങ്ങുവാഴുന്ന കാലത്ത് വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരം ഏറ്റെടുത്ത് ബ്രാന്‍ഡ് വാല്യൂ കൂട്ടുന്ന സംരംഭമാണ് ലോഫണ്ട്‌വാല. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് കോര്‍പ്പറേറ്റ് വീഡിയോ, പരസ്യ വീഡിയോ എന്നിവയിലൂടെയാണ് ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് കോടികളുടെ വരുമാനം നേടുന്നത്

 

ആശയം വിറ്റ് കാശാക്കുന്ന സംരംഭമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഫണ്ട്‌വാല. വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന മേഖലകളും സേവനങ്ങളും മികച്ച ആശയങ്ങളിലൂടെ കഥകളാക്കി, ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഈ സംരംഭം. നാലു വര്‍ഷം മുമ്പ് കശ്യപ് സ്വരൂപ് തുടക്കമിട്ട സംരംഭം ഇന്ന് സ്റ്റാര്‍ട്ടപ്പ് കഥകള്‍ പറഞ്ഞ് കോടികള്‍ വരുമാനം നേടുന്ന കമ്പനികളിലൊന്നായി വളര്‍ന്നിരിക്കുന്നു.

ഡിജിറ്റല്‍ ചാനലുകള്‍ അരങ്ങുവാഴുന്ന ഈ കാലത്ത് ഫിലിം, ഷോര്‍ട്ട് ഫിലിം എന്നിവയ്ക്ക് ഡിമാന്‍ഡ് ഏറി വരികയാണ്. വിവിധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അനുദിനം പെരുകുമ്പോള്‍ അവയ്ക്ക് ആവശ്യമായ ബ്രാന്‍ഡ് വാല്യു കണ്ടെത്തി നല്‍കാനും ലോഫണ്ട്‌വാല സഹായകമാകുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് കഥകള്‍ പറയുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായി മാറിയിരിക്കുകയാണിപ്പോള്‍ ലോഫണ്ട്‌വാല.

ലോഫണ്ട്‌വാലയുടെ തുടക്കം

ഓരോ പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോഴും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എങ്ങനെ എത്തിക്കും എന്നതാണ് പലരിലും ചിന്താക്കുഴപ്പം സൃഷ്ടിക്കാറുള്ളത്. അതിനാവശ്യമായ മികച്ച ആശയം കണ്ടെത്തി സഹായിക്കുകയാണ് ലോഫണ്ട്‌വാല. 2014ല്‍ മുംബൈ ആസ്ഥാനമായി 25 ലക്ഷം രൂപ നിക്ഷേപത്തില്‍ തുടങ്ങിയ സംരംഭമാണിത്. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന ആശയങ്ങള്‍ വളരെ ലളിതമായ സ്‌ക്രിപ്റ്റിലൂടെ കഥാരൂപത്തില്‍ ഇവര്‍ തയാറാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ കഥ പറഞ്ഞ് കൈയ്യടി നേടുന്ന സംരംഭം എന്നു തന്നെ ഈ സ്റ്റാര്‍ട്ടപ്പിനെ വിശേഷിപ്പിക്കാം.

”സ്റ്റാര്‍ട്ടപ്പുകള്‍ പലപ്പോഴും ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാകും. മികച്ച ആശയങ്ങളിലൂടെയുള്ള ആഖ്യാന രീതി അവര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടേറിയവയുമാണ്. ഞങ്ങള്‍ ലളിതമായി അവ അവതരിപ്പിച്ചു നല്‍കുക മാത്രമാണ് ചെയ്യുന്നത്,”ലോഫണ്ട്‌വാല സ്ഥാപകനും സിഇഒയുമായ കശ്യപ് സ്വരൂപ് പറയുന്നു.

2013 ലാണ് ലോഫണ്ട്‌വാലയുടെ തുടക്കത്തിലേക്ക് നയിച്ച ആശയം ഉടലെടുക്കുന്നത്. കശ്യപിന്റെ സുഹ്യത്ത് തന്റെ സ്റ്റാര്‍ട്ടപ്പിനു വേണ്ടി ഒരു എക്‌സ്‌പ്ലെയ്‌നര്‍ വീഡിയോ തയാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സിനിമ സ്‌ക്രിപ്റ്റിംഗില്‍ താല്‍പ്പര്യമുണ്ടായിരുന്ന കശ്യപ് അതിനാവശ്യമായ സ്‌ക്രിപ്റ്റ് എഴുതി, സംവിധാനം ചെയ്ത് പുറത്തിറക്കി. സുഹൃത്തിനു നല്‍കിയ ഈ സേവനത്തിനു ലഭിച്ച വേതനമോ കശ്യപിന് ഇഷ്ടപ്പെട്ട പിസയും. തുടര്‍ന്ന് തന്റെ കഴിവ് ഈ മേഖലയിലേക്ക് തന്നെ തിരിച്ചുവിട്ട് ഒരു പുതിയ സ്റ്റാര്‍ട്ടപ്പിനു തന്നെ വേദിയൊരുക്കിയതോടെ കഥപറച്ചില്‍ സ്റ്റാര്‍ട്ടപ്പായ ലോഫണ്ട്‌വാലയ്ക്ക് തുടക്കമായി.

ചുരുങ്ങിയ കാലയളവിനുളളില്‍ മേഖലയിലെ താരം

സിനിമയോടുള്ള അഭിരുചിയാണ് ലോഫണ്ട്‌വാലയുടെ തുടക്കത്തിന് കാരണം. കുടുംബപരമായി സിനിമയുമായി ബന്ധമുള്ള വ്യക്തിയുമാണ് കശ്യപ്. ഫിലിം എഡിറ്ററായ അമ്മയും എഫ്റ്റിഐഐ പുനെയിലെ ഡയറക്റ്റായ അച്ഛനും തന്റെ കഴിവിന് മികച്ച പിന്തുണയേകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംരംഭം തുടങ്ങി ഒരു വര്‍ഷത്തിനു ശേഷം സമാന മേഖലയില്‍ താല്‍പ്പര്യമുള്ള ഹര്‍ഷ് ദേശായിയെ ട്വിറ്റര്‍ വഴി പരിചയപ്പെടുകയും അദ്ദേഹം ലോഫണ്ട്‌വാലയില്‍ ക്രിയേറ്റീവ് ഡയറക്റ്ററായി ഒപ്പം ചേരുകയും ചെയ്തതോടെ സംരംഭം വളര്‍ച്ചയുടെ പുതിയ വഴികളിലേക്ക് കുതിക്കുകയായിരുന്നു.

നിലവില്‍ പ്രതിമാസം നാലോളം പ്രോജക്റ്റുകള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനി ഓരോ ഡിജിറ്റല്‍ ഫിലിമിനും 7 മുതല്‍ 20 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രമായുള്ള പ്ലാറ്റ്‌ഫോം

ലോഫണ്ട്‌വാല സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന സംരംഭമാണ്. സംരംഭങ്ങളുടെ പരസ്യ വീഡിയോ, കോര്‍പ്പറേറ്റ് വീഡിയോ എന്നിവ മാത്രമാണ് ഇവര്‍ ഏറ്റെടുക്കാറുള്ളത്. പ്രധാനമായും സ്റ്റാര്‍ട്ടപ്പുകളുടെ ബ്രാന്‍ഡ് വാല്യു കൂട്ടുന്ന തരത്തിലുള്ള വീഡിയോകളാണ് തങ്ങള്‍ക്കു ലഭിക്കാറുള്ളതെന്നും കശ്യപ് പറയുന്നു. എഫ്എംസിജി, ടെക്, റീട്ടെയ്ല്‍, ടെക്‌സ്റ്റൈല്‍ തുടങ്ങിയ വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം തന്നെ ലോഫണ്ട്‌വാലയുടെ ഉപഭോക്തൃ നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ 2020 ഓടെ ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ വിപണിയുടെ മൂല്യം 1800 കോടി രൂപ കടക്കും. ഇനിയുള്ള നാളുകള്‍ ഡിജിറ്റല്‍ പരസ്യ വിപണിയുടേതാണെന്നും വിലയിരുത്തലുകളുണ്ട്.

നാലു വര്‍ഷത്തിനുള്ളില്‍ 400 ല്‍ പരം കമ്പനികളുടെ ബ്രാന്‍ഡ് ഫിലിമുകള്‍ തയാറാക്കിയ ലോഫണ്ട്‌വാല മേഖലയില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഒല, യുബര്‍, എച്ച്‌സിഎല്‍, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയ മുന്‍നിര കമ്പനികളുള്‍പ്പെടെ നിരവധി പുതുമുഖ സ്റ്റാര്‍ട്ടപ്പുകളും ഇവരുടെ ഉപഭോക്താക്കളായി കഴിഞ്ഞിരിക്കുന്നു. നിലവില്‍ രണ്ടു കോടി രൂപ വരുമാനമുള്ള കമ്പനി അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ ടെക്‌നോളജി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ബിസിസന് വിപുലീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

 

Comments

comments

Categories: Entrepreneurship
Tags: Lowfund wala