റണ്‍ ആദമിന്റെ ഓഹരികളേറ്റെടുത്ത് ക്രിക്കറ്റ് താരം ധോണി

റണ്‍ ആദമിന്റെ ഓഹരികളേറ്റെടുത്ത് ക്രിക്കറ്റ് താരം ധോണി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പായ റണ്‍ ആദമിന്റെ 25 ശതമാനം ഓഹരികളേറ്റെടുത്തു. ഇടപാടിന്റെ ഭാഗമായി റണ്‍ ആദം ബ്രാന്‍ഡ് അംബാസഡറായും മെന്ററായും അദ്ദേഹം പ്രവര്‍ത്തിക്കും.

കായികതാരങ്ങളുടെ നല്ല ഭാവിക്കായുള്ള റണ്‍ ആദമിന്റെ ലക്ഷ്യവും അവരുടെ തീവ്രമായ ആവേശവുമാണ് ഓഹരി ഏറ്റെടുക്കുന്നതിന് പ്രേരണ നല്‍കിയതെന്ന് ധോണി വ്യക്തമാക്കി. ടെക്‌നോളജി പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ അത്‌ലറ്റുകളെ അവരുടെ കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സ്‌പോണ്‍സര്‍മാര്‍, വിദഗ്ധ പരിശീലകര്‍, അക്കാഡമിക് രംഗത്തെ പ്രമുഖര്‍ എന്നിവരുമായി ബന്ധിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് റണ്‍ ആദം.

മുംബൈയില്‍ നടന്ന ചടങ്ങില്‍ റണ്‍ ആദം വികസിപ്പിച്ച 360 ഡിഗ്രി സ്‌പോര്‍ട്‌സ് ടെക് ഇക്കോസിസ്റ്റത്തിന്റെ ഔദ്യോഗിക അവതരണം എം എസ് ധോണി നിര്‍വഹിച്ചു. രാജ്യത്തെ കായികാഭിനിവേശമുള്ളവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ റണ്‍ ആദം നിര്‍ണായക പങ്കു വഹിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ 360 ഡിഗ്രി സ്‌പോര്‍ട്‌സ് ടെക് ആവാസവ്യവസ്ഥയാണ് തങ്ങളുടെയെന്നാണ് സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നത്.

ധോണി നല്‍കുന്ന പിന്തുണയിലും പ്രോല്‍സാഹനത്തിലും സന്തോഷം പങ്കുവെച്ച റണ്‍ ആദം എംഡിയും സിഇഒയുമായ കെ യെരാഗാസെല്‍വന്‍ സ്റ്റാര്‍ട്ടപ്പിലുള്ള ധോണിയുടെ താല്‍പ്പര്യം കായികതാരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനായി രാജ്യത്തെ കായിക ആവാസവ്യവസ്ഥയെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള തങ്ങളുടെ ലക്ഷ്യത്തിന് കരുത്തു പകരുമെന്ന് അഭിപ്രായപ്പെട്ടു.

കായികരംഗത്ത് തങ്ങളുടെ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ഇതു വരെ കഴിഞ്ഞിട്ടില്ലെന്നും ഇത് രാജ്യത്ത് കഴിവുള്ള കായിക താരങ്ങള്‍ ഇല്ലാത്തതിനാലല്ലെന്നും കെ യെരാഗാസെല്‍വന്‍ ചൂണ്ടിക്കാട്ടി. കായികരംഗത്തെ കരിയര്‍ രൂപപ്പെടുത്തുകയെന്നത് സാമ്പത്തികതലത്തില്‍ വളരെ ചെലവേറിയതും ധാരാളം ത്യാഗങ്ങള്‍ സഹിക്കേണ്ടതുമായ ഒരു പ്രക്രിയയാണ്.

ഭൂരിഭാഗം കായികതാരങ്ങളും സാധാരണ ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്നവരും സ്വന്തം പണമുപയോഗിച്ച് കരിയര്‍ പടുത്തുയര്‍ത്തുന്നവരുമാണ്. കരിയറില്‍ മുന്നേറുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ധാരാളം പേര്‍ തങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെടുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് കമ്പനി ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Comments

comments