എട്ട് ദേശീയ പാതകള്‍ പാട്ടത്തിന് നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു

എട്ട് ദേശീയ പാതകള്‍ പാട്ടത്തിന് നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു

5,362 കോടിയോളം രൂപ ഇതിലൂടെ സ്വരൂപിക്കാനാകുമെന്നാണ് നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കരുതുന്നത്

ന്യൂഡെല്‍ഹി: പ്രവര്‍ത്തനക്ഷമമായ എട്ട് ദേശീയ പാതകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കുന്നതിന് എന്‍എച്ച്എഐ (നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) അപേക്ഷകള്‍ ക്ഷണിച്ചു. ടോള്‍ പിരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും നടത്തിപ്പിനുമായി 30 വര്‍ഷ കാലയളവിലേക്ക് ദേശീയ പാതകള്‍ സ്വകാര്യ കക്ഷികള്‍ക്ക് പാട്ടത്തിന് കൈമാറാനാണ് എന്‍എച്ച്എഐ ശ്രമിക്കുന്നത്.

ടോള്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ടിഒടി) മോഡലിനു കീഴില്‍ ദേശീയ പാതകള്‍ പാട്ടത്തിന് നല്‍കാനാണ് പദ്ധതി. ദേശീയ പാതകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കക്ഷികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടോള്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ മോഡല്‍ വികസിപ്പിച്ചത്. പദ്ധതിക്കുകീഴില്‍ ഒരു നിശ്ചിത തുക മുന്‍കൂറായി അടയ്ക്കുന്നതിലൂടെ മുപ്പത് വര്‍ഷത്തേക്ക് ദേശീയ പാതകളുടെ നടത്തിപ്പവകാശവും ടോള്‍ പിരിക്കാനുള്ള അവകാശവും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കും.

സ്വകാര്യ ഇക്വറ്റി സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, മറ്റ് നിക്ഷേപകര്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ലേലത്തിലൂടെയായിരിക്കും പാട്ടക്കാരെ തെരഞ്ഞെടുക്കുക. അന്താരാഷ്ട്ര തലത്തിലുള്ള നിരവധി സ്വകാര്യ ഇക്വറ്റികളും പെന്‍ഷന്‍ ഫണ്ടുകളും ദേശീയ പാതകള്‍ എടുക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എട്ട് ദേശീയ പാതകള്‍ പാട്ടത്തിന് നല്‍കുന്നതിലൂടെ 5,362 കോടി രൂപയോളം സ്വരൂപിക്കാനാകുമെന്നാണ് നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കരുതുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പശ്ചിമബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി പരന്ന് കിടക്കുന്ന മൊത്തം 586 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാതകളാണ് പാട്ടത്തിന് നല്‍കുന്നത്.

Comments

comments

Categories: Top Stories
Tags: NH