നാല് വര്‍ഷത്തിനുള്ളില്‍ 5ജി ഇന്ത്യയില്‍ ആരംഭിക്കും: കേന്ദ്രസര്‍ക്കാര്‍

നാല് വര്‍ഷത്തിനുള്ളില്‍ 5ജി ഇന്ത്യയില്‍ ആരംഭിക്കും: കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: നാല് വര്‍ഷത്തിനകം അതിവേഗ ടെലികോം സേവനമായ 5ജിയിലേക്ക് ഇന്ത്യ കാലെടുത്തു വെക്കുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാവും 5ജി സാങ്കേതികത കൊണ്ടുവരിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ മുന്നേറ്റം അനായാസമാക്കുന്നതിന് സഹായിക്കുന്നതായിരിക്കും അതിവേഗത വാഗ്ദാനം ചെയ്യുന്ന 5ജി സേവനങ്ങള്‍.

രാജ്യത്ത് ഇന്റര്‍നെറ്റിന്റെ ഉപയോഗം വിപ്ലവകരമായ തോതില്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. വന്‍ തോതിലുള്ള കണക്റ്റിവിറ്റി, കുറഞ്ഞ ഊര്‍ജ ഉപയോഗം, അത്ഭുതാവഹമായ തരത്തിലുള്ള ഡൗണ്‍ലോഡ് സ്പീഡ്, ഡ്രൈവറില്ലാ വാഹനങ്ങള്‍, ഡ്രോണുകള്‍, ദൂരെ സ്ഥലങ്ങളിലിരുന്ന് നിയന്ത്രിക്കാവുന്ന ശസ്ത്രക്രിയകള്‍, വാഹന നിയന്ത്രണം തുടങ്ങിയവ സാധ്യമാക്കുമെന്നതാണ് പുതിയ സാങ്കേതിക വിദ്യയുടെ എടുത്തു പറയാവുന്ന ചില നേട്ടങ്ങള്‍.

അതേസമയം, 4ജിയില്‍ നിന്ന് 5ജി സാങ്കേതിക വിദ്യയിയേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനം, മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അല്‍പ്പം മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ്. വരുന്ന മാര്‍ച്ചോടെ ദക്ഷിണ കൊറിയയിലും അടുത്ത വര്‍ഷാന്ത്യത്തോടെ ജപ്പാനിലും 2020 ഓടെ ചൈനയിലും 5ജി സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും 5ജി സേവനങ്ങള്‍ 2020 മുതല്‍ ലഭ്യമായിത്തുടങ്ങും. എന്നാല്‍ സേവനം ആരംഭിക്കുന്നതിന് ഇന്ത്യ വരുത്തുന്ന കാലതാമസം വാസ്തവത്തില്‍ രാജ്യത്തിന് ഗുണം ഡെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2022 ലോ അതിന് ശേഷമോ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതാണ് ഇന്ത്യക്ക് അഭികാമ്യമെന്ന് ഗവേഷണ സ്ഥാപനമായ സ്റ്റാന്‍ഫോര്‍ഡ് ബേണ്‍സ്‌റ്റെനിന്റെ ഹോങ്കോംഗ് ആസ്ഥാനമായുള്ള വിശകലന വിദഗ്ധന്‍ ക്രിസ്റ്റഫര്‍ ലെയ്ന്‍ അഭിപ്രായപ്പെടുന്നു. ‘5ജി സ്മാര്‍ട്ട്‌ഫോണുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യത്തേക്കെത്തുന്നതിനായി ഇന്ത്യക്ക് ചൈനയുടെ സഹായം ആവശ്യമാണ്. അതിനാല്‍ 2022 ഉം അതിന് ശേഷവുമുള്ള കാലഘട്ടം 5ജി നടപ്പിലാക്കുന്നതില്‍ ഇന്ത്യക്ക് ഏറെ അനുയോജ്യമായിരിക്കും,’ അദ്ദേഹം പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്നോടിയായി ഡ്രൈവറില്ലാ കാറുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ തുടങ്ങിയവ ഫെബ്രുവരിയില്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സിനിടെ ദക്ഷിണ കൊറിയ പരീക്ഷിച്ചിരുന്നു. കൂടാതെ കാട്ടുപന്നികളുടെ ശല്യം തടയുന്നതിന് മോഷന്‍ ഡിറ്റക്ഷന്‍ സംവിധാനവും പരീക്ഷണ വിധേയമാക്കുന്നുണ്ട്. 5ജി വയര്‍ലെസ് സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്തുന്നതിന് റേഡിയോ ഫ്രീക്വന്‍സികളുടെ വില്‍പ്പനക്കും കൊറിയ പദ്ധതിയിടുന്നുണ്ട്.

യുഎസ്, ജപ്പാന്‍ സംരംഭങ്ങളും 5ജി മേഖലയില്‍ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. 5ജി ഉപയോഗിക്കുന്നതിനായി ഇറ്റലി സെപ്റ്റംബറോടെ സ്‌പെക്ട്രം ലേലം ലക്ഷ്യമിടുന്നുണ്ട്. സ്‌പെക്ട്രം ലേലത്തിനായി ഇന്ത്യയും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ലേല തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, 2020 ആകുമ്പോഴേക്കും ഫൈബര്‍ നെറ്റ്‌വര്‍ക്ക് 2.5 ദശലക്ഷം കിലോമീറ്ററിലേക്ക് വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.

 

 

 

Comments

comments

Tags: 5G, India