15 സീറ്റര്‍ ടാറ്റ വിങ്ങര്‍ പുറത്തിറക്കി

15 സീറ്റര്‍ ടാറ്റ വിങ്ങര്‍ പുറത്തിറക്കി

 

മഹാരാഷ്ട്ര എക്‌സ് ഷോറൂം വില 12.05 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 15 സീറ്റര്‍ ടാറ്റ വിങ്ങര്‍ മഹാരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. 12.05 ലക്ഷം രൂപയാണ് മഹാരാഷ്ട്ര എക്‌സ് ഷോറൂം വില. ഫഌറ്റ് ഓപ്പറേറ്റര്‍മാരെ ഉദ്ദേശിച്ച് നിര്‍മ്മിച്ചതാണ് ടാറ്റ വിങ്ങര്‍ 15എസ്. 15 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം എന്നതുകൂടാതെ മറ്റ് നിരവധി ഫീച്ചറുകളും കംഫര്‍ട്ട് ഓപ്ഷനുകളും വാഹനത്തില്‍ നല്‍കിയിരിക്കുന്നു. വിപണിയില്‍ ഫോഴ്‌സ് ട്രാവലറുമായി ടാറ്റ വിങ്ങര്‍ 15എസിന് മത്സരിക്കേണ്ടിവരും. ടൂര്‍, ട്രാവല്‍ സെഗ്‌മെന്റ് മനസ്സില്‍ക്കണ്ട് വികസിപ്പിച്ചതാണ് ടാറ്റ വിങ്ങര്‍ 15എസ്. മൂന്ന് വര്‍ഷമോ അല്ലെങ്കില്‍ മൂന്ന് ലക്ഷം കിലോമീറ്ററോ എക്‌സ്‌റ്റെന്‍ഡഡ് വാറന്റി ലഭിക്കും. മഹാരാഷ്ട്രയ്ക്ക് പുറത്ത് എപ്പോള്‍ വില്‍പ്പന ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയില്ല.

ടൂര്‍, ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മികച്ച ഇന്ധനക്ഷമത സമ്മാനിക്കുന്ന വാഹനമായിരിക്കും ടാറ്റ വിങ്ങര്‍ 15എസ് എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി സന്ദീപ് കുമാര്‍ പറഞ്ഞു. 5458 മില്ലി മീറ്റര്‍ നീളം വരുന്ന വാഹനം 15 ഇഞ്ച് ചക്രങ്ങളിലാണ് വരുന്നത്. 180 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ലഗേജ് കപ്പാസിറ്റി 600 ലിറ്റര്‍. വാഹനത്തിനകത്ത് 6.3 ഇഞ്ച് ഉയരമുള്ളതിനാല്‍ യാത്രക്കാര്‍ക്ക് സുഗമമായി നടക്കാന്‍ കഴിയും.

പുഷ് ബാക്ക് സീറ്റുകള്‍, ഇന്‍ഡിവിജ്വല്‍ എസി വെന്റുകള്‍, സീറ്റുകളുടെ ഓരോ നിരയിലും യുഎസ്ബി ചാര്‍ജിംഗ് പോയന്റുകള്‍ എന്നിവ ടാറ്റ വിങ്ങര്‍ 15എസിന്റെ സവിശേഷതകളാണ്. എന്‍വിഎച്ച് (നോയ്‌സ്, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്) ലെവല്‍ കുറയ്ക്കാന്‍ മോണോകോക്ക് നിര്‍മ്മാണ രീതി സഹായിച്ചിരിക്കുന്നു. ആന്റി റോള്‍ ബാറുകള്‍ സഹിതം ഇന്‍ഡിപെന്‍ഡന്റ് ഫ്രണ്ട് സസ്‌പെന്‍ഷന്‍, പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവ സുഖപ്രദമായ യാത്ര ഉറപ്പാക്കും. 2.2 ലിറ്റര്‍, ഡികോര്‍ (ഡയറക്റ്റ് ഇന്‍ജെക്ഷന്‍ കോമണ്‍ റെയില്‍) ഡീസല്‍ എന്‍ജിനാണ് ടാറ്റ വിങ്ങര്‍ 15എസിന് കരുത്തേകുന്നത്. താഴ്ന്ന ആര്‍പിഎമ്മുകളില്‍ 98 ബിഎച്ച്പി കരുത്തും 190 എന്‍എം ഫഌറ്റ് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

Comments

comments

Categories: Auto
Tags: Tata, Tata winger