ഇന്ത്യയിലേക്ക് അനിയന്ത്രിയ സ്റ്റീല്‍ ഇറക്കുമതിയുമായി ചൈനയും ജപ്പാനും കൊറിയയും

ഇന്ത്യയിലേക്ക് അനിയന്ത്രിയ സ്റ്റീല്‍ ഇറക്കുമതിയുമായി ചൈനയും ജപ്പാനും കൊറിയയും

യുഎസ് വ്യാപാര യുദ്ധത്തിന്റെ പ്രത്യാഘാതം; ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി 67 ശതമാനം കൂടി; ജപ്പാന്‍ 47 ശതമാനവും കൊറിയ 35 ശതമാനവും ഇറക്കുമതി കൂട്ടി

 

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ ലക്ഷ്യമിട്ട് ആരംഭിച്ച വ്യാപാര യുദ്ധം ഇന്ത്യയെയും ബാധിച്ചു തുടങ്ങി. ആഗോള സ്റ്റീല്‍ ഇറക്കുമതി കേന്ദ്രമായാണ് ഇന്ത്യ മാറിയിരിക്കുന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി തടസപ്പെട്ടതോടെ ചരക്ക് ഇന്ത്യയിലേക്ക് കയറ്റി വിടുകയാണ് ചൈനയടക്കമുള്ള പ്രമുഖ സ്റ്റീല്‍ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍. 2018 ധനകാര്യ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി 67 ശതമാനമായാണ് കൂടിയത്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 3,62,000 ടണ്‍ സ്റ്റീലാണ് ലോകത്തെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പ്പാദക രാഷ്ട്രമായ ചൈന ഇന്ത്യയിലേക്ക് കയറ്റി വിട്ടത്. വ്യാപാര യുദ്ധം ബാധിക്കാഞ്ഞ തൊട്ടു മുന്നത്തെ പാദത്തില്‍ 2,17,000 ടണ്‍ മാത്രമായിരുന്നു ഇറക്കുമതി.

ജപ്പാനില്‍ നിന്നുള്ള ഇറക്കുമതി 47 ശതമാനവും ദക്ഷിണ കൊറിയയില്‍ നിന്നുള്ളത് 35 ശതമാനവുമാണ് വര്‍ധിച്ചത്. 3,74,000 ടണ്‍ സ്റ്റീലാണ് ജപ്പാന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇറക്കുമതി ചെയ്തത്. 7,46,000 ടണ്‍ സ്റ്റീലാണ് ദക്ഷിണ കൊറിയ ഇക്കാലയളവില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ ലക്ഷ്യമാക്കി കയറ്റി അയച്ചതെന്ന് സ്റ്റീല്‍ മന്ത്രിലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറക്കുമതി വര്‍ധിച്ചതോടെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വിലയും ഇടിഞ്ഞു തുടങ്ങി. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത എച്ച്ആര്‍ കോയിലിന്റെ വില ടണ്ണിന് 672 ഡോളറാണ്. 12.5 ശതമാനം ഇറക്കുമതി നികുതിയും കടത്ത് കൂലിയും കഴിഞ്ഞുള്ള വിലയാണിത്. അതേസമയം ആഭ്യന്തര വിപണിയില്‍ എച്ച്ആര്‍ കോയിലിന് 675 ഡോളര്‍ വിലയുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നുമുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവുണ്ട്.

ട്രംപിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളുടെ യുഎസിലേക്കുള്ള സംയുക്ത സ്റ്റീല്‍ കയറ്റുമതി 17 ശതമാനം അഥവാ 2,41,000 ടണ്ണാണ് ഇടിഞ്ഞത്. സമാന്തരമായി ഇന്ത്യയിലേക്കുള്ള സംയുക്ത കയറ്റുമതി 45 ശതമാനം അഥവാ 4,59,000 ടണ്ണിലേക്ക് ഈ രാജ്യങ്ങള്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്റ്റീല്‍ കയറ്റുമതി രാജ്യമെന്ന പദവി നേടിയെടുത്ത ഇന്ത്യയുടെ വ്യാവസായിക താല്‍പ്പര്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2018-19 ല്‍ ഈ പദവി കൈമോശം വരുമെന്നും വീണ്ടും സ്റ്റീല്‍ ഇറക്കുമതി രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.

ഇന്ത്യക്കൊപ്പം ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ചുമത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയാണ് പ്രശ്‌നം വഷളാക്കിയിരിക്കുന്നത്. കയറ്റുമതി ചെയ്യുന്ന സ്റ്റീലിന്റെ അളവ് കുറച്ചുകൊണ്ട് നികുതി ഇളവ് ആവശ്യപ്പെടാനുള്ള സാധ്യത ഇന്ത്യ പരിഗണിച്ച് വരികയാണ്. അതേസമയം ചൈനയടക്കമുള്ള രാജ്യങ്ങള്‍ ആക്രമണോല്‍സുകമായ ഇറക്കുമതി ആരംഭിച്ചതോടെ ഇന്ത്യ തന്ത്രം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. ജപ്പാന്‍, കൊറിയ, ആസിയാന്‍ രാജ്യങ്ങളുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറുകള്‍ നിലവില്‍ തന്നെ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 1.18 ദശലക്ഷം ടണ്‍ സ്റ്റീലിന്റെ വ്യാപാര കമ്മിയാണ് ഇന്ത്യക്ക് ജപ്പാനുമായുള്ളത്. കൊറിയയുമായുള്ള വ്യാപാര കമ്മി 2.51 ദശലക്ഷം ടണ്ണാണ്. സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാഞ്ഞിട്ടു കൂടി ചൈനയുമായി ഉള്ള വ്യാപാര കമ്മി 2 ദശലക്ഷം ടണ്‍ വരും.

ഈ സാഹചര്യത്തില്‍ സംരക്ഷണ നികുതി ഏര്‍പ്പെടുത്തണമെന്നാണ് ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സ്റ്റീലിനെ സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ജോയന്റ് എംഡി ശേഷാദ്രി റാവു ആവശ്യപ്പെട്ടു. കസ്റ്റംസ് നികുതി 12.5 ശതമാനത്തില്‍ നിന്ന് 25 ശതമാനം ആക്കി ഉയര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

Comments

comments

Categories: Business & Economy
Tags: Steel import