സംരംഭകത്വാധിഷ്ഠിതമാകട്ടെ വിദ്യാഭ്യാസം

സംരംഭകത്വാധിഷ്ഠിതമാകട്ടെ വിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെറും ഡിഗ്രി ഫാക്റ്ററികളല്ലെന്ന രാഷ്ട്രപതിയുടെ പരാമര്‍ശം ഏറെ പ്രസക്തമാണ്. നാലാം വ്യാവസായിക വിപ്ലവത്തെ അഭിമുഖീകരിക്കാന്‍ പാകത്തില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കേണ്ടതുണ്ട്

നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിവാതില്‍ക്കലാണ് ലോകം. കൃത്രിമ ബുദ്ധി പോലുള്ള നവസങ്കേതങ്ങള്‍ നിയന്ത്രിക്കുന്ന പുതിയ ലോകക്രമത്തിലേക്ക് നമ്മള്‍ നീങ്ങുന്നത്. അസാധാരണമായ വേഗത്തില്‍ ടെക്‌നോളജി മാറുന്നുവെന്നതുതന്നെയാണ് മുന്‍യുഗങ്ങളെ അപേക്ഷിച്ച് ഡിജിറ്റല്‍ യുഗത്തിന്റെ സവിശേഷത. പരമ്പരാഗത വിദ്യാഭ്യാസരീതികള്‍ ഇപ്പോഴും മുറുകെ പിടിച്ചിരുന്നിട്ട് ഈ കാലത്ത് ഒരു പ്രയോജനവുമില്ല.

1950കളിലെയും 60കളിലെയും അവസ്ഥയല്ല ഇപ്പോഴത്തേത്. ഇന്ത്യ മാറുന്നു. ഒപ്പം സാങ്കേതികവിദ്യയും അതിവേഗം മാറുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാകിയ വ്യാവസായിക അടിത്തറിയില്‍ നിന്നുകൊണ്ട് വികസനത്തെയും വിദ്യാഭ്യാസത്തെയും എല്ലാം സമീപിച്ചാല്‍ മാറുന്ന ലോകത്ത് നമ്മള്‍ ഒറ്റപ്പെട്ടുപോകും. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി റാംനാഥ് കോവിന്ദ് നടത്തിയ അഭിപ്രായം ഏറെ പ്രസക്തമാകുന്നത്.

നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും കേവലം ഡിഗ്രിഫാക്റ്ററികളും ടീച്ചിംഗ് ഷോപ്പുകളും മാത്രമായിപ്പോകരുത്-ഐഐടി ഹൈദരാബാദിന്റെ ബിരുദദാനചടങ്ങിനിടെ രാഷ്ട്രപതി പറഞ്ഞ വാക്കുകളാണ്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാധ്യതകളെക്കുറിച്ചും അവ ലോകത്ത് വരുത്താനിരിക്കുന്ന മാറ്റങ്ങളെകുറിച്ചും അദ്ദേഹം വ്യക്തമാക്കി. അതില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വഹിക്കാനുള്ള പങ്കിനെകുറിച്ചും.

സംരംഭകത്വത്തിലും ഇന്നൊവേഷനിലും അധിഷ്ഠിതമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറുകയെന്നത് മാത്രമാണ് ഈ കാലത്ത് ഇന്ത്യപോലൊരു രാഷ്ട്രത്തിന്റെ അതിജീവനത്തിനുള്ള മാര്‍ഗ്ഗം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തിരക്കഥ രചിക്കുന്നത് നാലാം വ്യാവസായിക വിപ്ലവമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനനുസരിച്ച് സംരംഭകത്വത്തിന്റെയും നവസങ്കേതങ്ങളിലധിഷ്ഠിതമായ പദ്ധതികളുടെയും ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങളായി യൂണിവേഴ്‌സിറ്റികള്‍ മാറുകയാണ് വേണ്ടത്. സ്വകാര്യ മേഖലയെ കൂടി പങ്കാളികളാക്കി സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് അതിശക്തമായൊരു സംരംഭകത്വ ആവസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് വേണ്ടത്. രാഷ്ട്രവികസനത്തില്‍ സര്‍വകലാശാലകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഇനിയും ചര്‍ച്ചനടത്തുന്നതില്‍ യാതൊരുവിധ അര്‍ത്ഥവുമില്ല. കര്‍മപദ്ധതികളാണ് വേണ്ടത്. സിലിക്കണ്‍ വാലിയെന്ന സംരംഭകത്വ ഹബ്ബിനെ സ്റ്റാന്‍ഫോഡ് സര്‍വകലാശാല കേന്ദ്രീകരിച്ച് വളര്‍ത്തിയെടുക്കാന്‍ അമേരിക്കയിലെ ബിസിനസ്-അക്കാഡമിക് ലോകത്തിന് സാധിച്ചതാണ് ഇതിനുള്ള ഏറ്റവും വലിയ പ്രചോദനം. അക്കാഡമിക് ലോകവും സംരംഭകത്വലോകവും സമ്മേളിച്ചാല്‍ മാത്രമേ നാലാം വ്യാവസായിക വിപ്ലവത്തിലേക്കുള്ളൊരു കുതിച്ചുചാട്ടം ഇന്ത്യയെപോലൊരു രാജ്യത്തിന് സാധ്യമാകൂ.

ഇന്ത്യയിലെ കാംപസുകളെ സംരംഭകത്വാധിഷ്ഠിതമാക്കാനുള്ള ശ്രമങ്ങളെ സമൂഹം ഒന്നടങ്കം പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പ് അക്കാഡമിയ അലയന്‍സ് ഇന്ത്യ പദ്ധതി പോലുള്ളവ പുതിയ മാറ്റത്തിന് ഉത്‌പ്രേരകമാകുന്നതാണ്. അക്കാഡമിക് വിദഗ്ധരെയും സ്റ്റാര്‍ട്ടപ്പുകളെയും കോര്‍ത്തിണക്കിയുള്ള നൂതനാത്മകമായ പദ്ധതിയായിട്ടാണ് അത് വിഭാവനം ചെയ്തിരിക്കുന്നത്. ശാസ്ത്ര ഗവേഷണങ്ങളും അതിന്റെ വ്യാവസായിക ഉപയോഗവും തമ്മില്‍ ഒരു വിടവ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അത് ഇല്ലാതാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

ഏകദേശം രണ്ട് ലക്ഷം സംരംഭകരെ ഇന്ത്യയിലെ 433 ജില്ലകളില്‍ നിന്നുള്ള സംരംഭകമോഹികളുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ ഉപയോഗപ്രദമാകുന്ന രീതിയിലാക്കി മാറ്റാന്‍ സാധിച്ചേക്കും. ഇത്തരത്തിലുള്ള കൂടുതല്‍ പദ്ധതികള്‍ക്ക് മാനവവിഭവശേഷി വികസന മന്ത്രാലയവും ശാസ്ത്രസാങ്കേതികവകുപ്പും മുന്‍കൈയെടുക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider
Tags: education