ഒരു ഫിന്നിഷ് കാര്‍ട്ടൂണ്‍ കഥാപാത്രം ചൈനയിലെ യുവാക്കളെ പ്രചോദിപ്പിച്ചത് എങ്ങനെ ?

ഒരു ഫിന്നിഷ് കാര്‍ട്ടൂണ്‍ കഥാപാത്രം  ചൈനയിലെ യുവാക്കളെ പ്രചോദിപ്പിച്ചത് എങ്ങനെ ?

 

ഫിന്‍ലാന്‍ഡിലെ ഒരു സാധാരണക്കാരന്റെ ജീവിതത്തെ ലളിതമായി ഒരു കൂട്ടം കാര്‍ട്ടൂണുകളിലൂടെ അവതരിപ്പിച്ച പരമ്പരയ്ക്കു ചൈനയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ചൈനയുടെ സൈബര്‍ സ്‌പേസിലെ ഒരു സെലിബ്രിറ്റിയായും ഈ പരമ്പരയിലെ കഥാപാത്രം മാറിയിരിക്കുന്നു. ഗ്രാഫിക് ഡിസൈനറായ കരോലിന കോര്‍ഹോന്‍ എന്ന ഫിന്‍ലാന്‍ഡുകാരിയാണ് ഈ കാര്‍ട്ടൂണിന്റെ രചയിതാവ്.

 

140 കോടിയിലേറെ ജനസംഖ്യയുള്ള ചൈനയില്‍, സ്വകാര്യത എന്നത് ഒരു ആഡംബരമായിട്ടാണു കണക്കാക്കുന്നത്. പേഴ്‌സണല്‍ സ്‌പേസ് അഥവാ സ്വകാര്യമായ ഒരിടം എന്നത് സാധാരണ ചൈനക്കാര്‍ക്കു പരിചയമുള്ള ഒന്നല്ല. സ്വകാര്യത എന്നത് ചൈനയില്‍ രാഷ്ട്രീയം കൂടിയാണ്. സ്വകാര്യ സ്വത്ത് അല്ലെങ്കില്‍ സ്വകാര്യ ഇടം എന്ന ആശയം മാവോ യുഗത്തില്‍ ബൂര്‍ഷ്വാ വര്‍ഗത്തിന്റെ തിന്മയെന്നു വിശേഷിപ്പിക്കപ്പെട്ടു. ഈ കമ്യൂണിസ്റ്റ് ആദര്‍ശം ഇന്നും വളരെ സജീവമാണ് അവിടെ. ഒന്നു മയങ്ങാന്‍ പാര്‍ക്കിലുള്ള ഒരു ബെഞ്ചിലോ, മ്യൂസിയത്തിന്റെയോ, തിയേറ്ററിന്റെയോ വിശ്രമ മുറിയിലോ ഇടം കണ്ടെത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു ജനതയെ നമ്മള്‍ക്കു ചൈനയിലുടനീളം കാണുവാന്‍ സാധിക്കും. അവര്‍ താമസിക്കുന്ന വീടിന്റെ മുറി പോലെയാണു പബ്ലിക് സ്‌പേസിനെ അല്ലെങ്കില്‍ പൊതുയിടത്തെ കണക്കാക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണു ഫിന്നിഷ് നൈറ്റ്‌മേഴ്‌സ് (Finnish Nightmares) എന്ന കോമിക് കാര്‍ട്ടൂണ്‍ പരമ്പരയിലെ ഫിന്നിഷ് കാര്‍ട്ടൂണ്‍ കഥാപാത്രമായ മാറ്റി (Matti), ചൈനയുടെ സൈബര്‍ സ്‌പേസിലെ ഒരു സെലിബ്രിറ്റിയായി മാറുന്നത്. ഫിന്നിഷ് നൈറ്റ്‌മേഴ്‌സ് എന്നത് ഒരു കോമിക് പുസ്തകമാണ്. ഗ്രാഫിക് ഡിസൈനറായ കരോലിന കോര്‍ഹോനാണ് (Karoliina Korhonen) 2015-ല്‍ ഈ പുസ്തം രചിച്ചത്. ഫിന്നിഷ് പതാകയോടു സാമ്യമുള്ള നീലയും വെള്ളയും തൊപ്പി ധരിച്ചു നടക്കുന്ന, ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ സമീപത്ത് ഇരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഒരു സാധാരണ ഫിന്നിഷ് വ്യക്തിയുടെ ലളിതമായ ചിത്രീകരണങ്ങളാണു പുസ്തകം വിവരിക്കുന്നത്. എന്നാല്‍ ഫിന്നിഷ് വ്യക്തിയുടെ സാമൂഹികമായി വിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ഈ പെരുമാറ്റത്തില്‍ ചൈനയിലെ നിരവധി യുവാക്കള്‍ അസാധാരണത്വം കാണുന്നില്ല. പകരം, അവര്‍ക്ക് പ്രചോദനമാവുകയാണ്. സ്വകാര്യതയ്ക്കായി ഒറ്റയ്ക്കു താമസിക്കുന്നതും, സമൂഹത്തോട് അനാവശ്യമായി ഇടപെടുന്നതും തെറ്റല്ലെന്നും ചൈനയിലെ യുവാക്കള്‍ കരുതുന്നുണ്ട്. ചൈനയിലെ ജനത്തിരക്കേറിയ വന്‍നഗരങ്ങളില്‍ ഇതൊക്കെ സാധ്യമല്ലെന്നതാണു യാഥാര്‍ഥ്യം. മാത്രമല്ല, ചൈനയുടെ സാമൂഹിക വ്യവസ്ഥ, ഒരു പൗരനെ സമൂഹവുമായി ബന്ധപ്പെട്ട് ജീവിക്കാനാണു പഠിപ്പിക്കുന്നത്. അത് അവിടെ നിര്‍ബന്ധവുമാണ്. എന്നാല്‍ ചൈനീസ് യുവാക്കള്‍ ഇത് ഇഷ്ടപ്പെടുന്നില്ല. അതിന് കാരണവുമുണ്ട്്. ഇന്നു ചൈനയിലെ മില്ലേനിയല്‍സ്് (Generation Y എന്നും മില്ലേനിയല്‍സിനെ വിശേഷിപ്പിക്കുന്നു. 1980-കളുടെ ആദ്യത്തിലും 2000-ത്തിനുമിടയില്‍ ജനിച്ചവര്‍) ജനിച്ചത് ഒരു കുട്ടി നയം (one-child policy ) നടപ്പിലാക്കിയ കാലത്തായിരുന്നു. ചൈന ഈ നയം നടപ്പിലാക്കിയത് ജനസംഖ്യ നിയന്ത്രിക്കാനായിരുന്നു. ഇതിന്റെ ഫലമായി ചൈനയില്‍ ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രം മതിയെന്ന നയം ആവിഷ്‌കരിച്ചു. അതിന്റെ ഫലമായി ഒരു തലമുറ വളര്‍ന്നത് സഹോദരങ്ങളില്ലാതെയും ഒറ്റപ്പെട്ട നിലയിലുമായിരുന്നു. ഈ നയത്തിലൂടെ മറ്റൊന്നു കൂടി ചൈനയില്‍ സംഭവിച്ചു. ജനസംഖ്യയില്‍ പെണ്‍കുട്ടികളേക്കാളധികം ആണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. ഈയൊരു കാരണത്താല്‍ ഇന്നു ചൈനയില്‍ നിരവധി യുവാക്കള്‍ക്ക്, പ്രത്യേകിച്ചു മില്ലെനിയല്‍സിനു വിവാഹം ജീവിതം ആരംഭിക്കുവാനോ, ഒരു കുടുംബ ജീവിതം നയിക്കുവാനോ സാധിക്കുന്നുമില്ല.

ജിങ്‌ഫെന്‍ അഥവാ സാമൂഹിക ബന്ധം ഇഷ്ടപ്പെടാത്തവര്‍

Finnish Nightmares ലെ പ്രധാന കഥാപാത്രമായ മാറ്റി, സൗമ്യപ്രകൃതിയോടു കൂടിയ, മരക്കൊമ്പ് പോലെയിരിക്കുന്ന (stick figure) ഒരു രൂപമാണ്. എങ്കിലും മാറ്റി കുശലാന്വേഷണങ്ങളെ വെറുക്കുന്നു. സാമൂഹിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനാണല്ലോ കുശലാന്വേഷണങ്ങള്‍ നടത്തുന്നത്. പക്ഷേ മാറ്റിക്ക് അത് ഇഷ്ടമല്ല. മാറ്റിയും, മാറ്റിയുടെ കഥയും ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരിക്കുകയാണ്. സാമൂഹികതലത്തിലുള്ള ഈ വിഷമകരമായ അവസ്ഥയെ വിവരിക്കാന്‍ ഇപ്പോള്‍ ചൈനീസ് ഭാഷയായ മന്‍ഡാരിനില്‍ ഒരു പുതിയ വാക്ക് വരെ രൂപമെടുത്തിരിക്കുകയാണ്. ജിങ്‌ഫെന്‍ (jingfen) എന്നാണ് ആ പുതിയ വാക്ക്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന നിര്‍വചനമനുസരിച്ചു ജിങ്‌ഫെന്‍ എന്നാല്‍ സാമൂഹിക ബന്ധം (socialising) ഇഷ്ടപ്പെടാത്തവരെന്നാണ്. ഒരു വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നു കൊണ്ടാണെങ്കില്‍ പോലും, ഫിന്‍ലാന്‍ഡിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രം, ചൈനീസ് നഗരത്തിന്റെ സാമൂഹികപരമായ ഉത്കണ്ഠകള്‍ അവതരിപ്പിക്കുകയാണ്. അത് വിജയിക്കുകയും ചെയ്തിരിക്കുന്നു. ഫിന്നിഷ് meme (ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന തമാശകള്‍) ചൈനയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നു നിരവധി ചൈനീസ് യുവാക്കള്‍ ഫിന്‍ലാന്‍ഡിലേക്ക് പഠനാവശ്യത്തിനും, വെക്കേഷന്‍ ആഘോഷിക്കാനുമായി ഫിന്‍ലാന്‍ഡിലേക്ക് പറക്കുകയാണ്. YLE എന്ന ഫിന്നിഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കണക്ക്പ്രകാരം, ഫിന്‍ലാന്‍ഡിലേക്കെത്തുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചെന്നാണ്. ഓരോ ട്രിപ്പിലും അവര്‍ 1200 യൂറോ ചെലവഴിക്കുന്നതായും കണക്കുകള്‍ പറയുന്നു. ഒരു ശരാശരി ടൂറിസ്റ്റിനേക്കാളധികമാണ് ഈ തുക.

കരോലിന കോര്‍ഹോന്‍

ഫിന്‍ലാന്‍ഡിലെ ഒരു ഗ്രാഫിക് ഡിസൈനറായ കരോലിന കോര്‍ഹോന്‍ 2015-ലാണു പരമ്പര ആദ്യമായി സൃഷ്ടിച്ചത്. ഫിന്‍ലാന്‍ഡുകാരല്ലാത്ത കരോലിനയുടെ സുഹൃത്തുക്കള്‍ക്കായി ഒരു തമാശയ്ക്കു വേണ്ടിയാണ് ആദ്യം കഥയും കഥാപാത്രങ്ങളെയും വരച്ചത്. ഇന്ന് ഈ പരമ്പരയ്ക്ക് യുഎസിലും, ജര്‍മനിയിലും, ബ്രിട്ടനിലും മറ്റ് നിരവധി രാജ്യങ്ങളിലും ആരാധകരുണ്ടെന്ന് അവര്‍ പറയുന്നു. ഇന്ന് ചൈനയിലും ലോകമെമ്പാടും കാര്‍ട്ടൂണിന് വന്‍ പ്രചാരം ലഭിക്കുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നതായി അവര്‍ പറഞ്ഞു. Sixth Tone എന്ന ന്യൂസ് വെബ്‌സൈറ്റാണ് ആദ്യം ഈ കാര്‍ട്ടൂണിന് ചൈനയില്‍ ലഭിച്ച വന്‍ സ്വീകാര്യതയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

Comments

comments

Categories: FK Special