നെസ്‌ലേ ഇന്ത്യയുടെ ലാഭം 50% വര്‍ധിച്ചു

നെസ്‌ലേ ഇന്ത്യയുടെ ലാഭം 50% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം ഉയര്‍ന്ന് 395.03 കോടി രൂപയിലെത്തിയതായി നെസ്‌ലേ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 263.43 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസമാണ് നെസ്‌ലേ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്.
പ്രവര്‍ത്തന വരുമാനത്തില്‍ 8.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വില്‍പ്പന വര്‍ധിച്ചതാണ് വരുമാനം ഉയരാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ 2,484.73 കോടി രൂപയായിരുന്ന കമ്പനിയുടെ പ്രവര്‍ത്തന വരുമാനം ഈ വര്‍ഷം 2,698.40 കോടി രൂപയിലെത്തി. വിപണി സാഹചര്യം അനുകൂലമായി തുടരുമെന്നും എല്ലാ വിഭാഗങ്ങളിലെയും വില്‍പ്പനയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും നെസ്‌ലേ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സുരേഷ് നാരായണന്‍ പറഞ്ഞു.
ഉല്‍പ്പന്നങ്ങളുടെ വില അനുകൂലമായതും വരുമാനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ചോക്കലേറ്റ് ബ്രാന്‍ഡായ കിറ്റ്കാറ്റ്, കോഫി ബ്രാന്‍ഡ് നെസ്‌കഫേ, നൂഡീല്‍സ് ബ്രാന്‍ഡ് മാഗി എന്നിവ ജൂണ്‍ പാദത്തില്‍ ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യകരമായ ഭാവി വളര്‍ച്ചയ്ക്ക് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ധാന്യങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തികൊണ്ട് ഉല്‍പ്പന്നങ്ങളുടെ ന്യൂട്രിഷന്‍ പ്രൊഫൈല്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നെസ്‌ലേ തുടരുമെന്നും സുരേഷ് നാരായണന്‍ അറിയിച്ചു.
ജൂണ്‍ പാദത്തില്‍ മൊത്തം വില്‍പ്പനയിലും ആഭ്യന്തര വില്‍പ്പനയിലും യഥാക്രമം 8.5 ശതമാനത്തിന്റെയും എട്ട് ശതമാനത്തിന്റെയും വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ചെലവ് ഇക്കാലയളവില്‍ 1.49 ശതമാനം വര്‍ധിച്ച് 2,163.32 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ ചെലവ് 2.131.39 കോടി രൂപയായിരുന്നു.

Comments

comments

Categories: Business & Economy