400 കോടി രൂപ നിക്ഷേപവുമായി റികോ ഓട്ടോ

400 കോടി രൂപ നിക്ഷേപവുമായി റികോ ഓട്ടോ

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 400 കോടി രൂപ നിക്ഷേപം നടത്താന്‍ വാഹനങ്ങളുടെ ഘടക ഭാഗ നിര്‍മാതാക്കളായ റികോ ഓട്ടോ ഇന്‍ഡസ്ട്രീസ്. 2020 ഓടെ 2,000 കോടി രൂപ വരുമാനത്തിലേക്കെത്താന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് നിക്ഷേപം. നടപ്പ് സാമ്പത്തിക വര്‍ഷം 1,500 കോടി രൂപ വരുമാനമാണ് റികോ ഓട്ടോ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹന നിര്‍മാതാക്കളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ച ഏതാനും ഇന്ത്യന്‍ വാഹന ഘടക നിര്‍മാതാക്കളില്‍ ഒന്നാണ് ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി. 1,200 കോടി രൂപ മൂല്യമുള്ള ഓര്‍ഡറുകളാണ് സ്ഥാപനത്തിന് ഈ വിഭാഗത്തില്‍ ലഭിച്ചത്. സ്‌പെയര്‍ പാര്‍ട്‌സുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ നിറവേറ്റുന്നതിനായി പരമ്പരാഗത ഇരുചക്ര, നാലുചക്ര വാഹന വിഭാഗങ്ങളിലും കമ്പനി സാന്നിധ്യം ശക്തമാക്കുകയാണ്. ”കഴിഞ്ഞ വര്‍ഷം ഇരുചക്ര വാഹന അനുബന്ധ ഉപകരണ വിഭാഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം ഈ ബിസിനസില്‍ നിന്ന് 100 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഫോര്‍ വീലര്‍ വിഭാഗത്തിലും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്,” റികോ ഓട്ടോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അര്‍വിന്ദ് കപൂര്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തില്‍ വരുമാനത്തിന്റെ 40 ശതമാനം പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കയറ്റുമതി വിഭാഗവും ശക്തിപ്പെടുത്താന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രതിരോധ രംഗത്തേക്കും കമ്പനി ചുവടുവെക്കും. മാരുതി സുസുകി, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയ കമ്പനികളുടെ മുന്‍നിര വിതരണക്കാരായ റികോ ഓട്ടോ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 4,800 കോടി രൂപയുടെ വരുമാനം നേടിയിട്ടുണ്ടെന്ന് അവകാശപ്പെട്ടുന്നു.

Comments

comments

Categories: Business & Economy
Tags: Rico auto