രാഷ്ട്രീയത്തിലേക്കില്ല, മുന്‍ഗണന കുടുംബത്തിന്: ഇന്ദ്ര നൂയി

രാഷ്ട്രീയത്തിലേക്കില്ല, മുന്‍ഗണന കുടുംബത്തിന്: ഇന്ദ്ര നൂയി

ന്യൂയോര്‍ക്ക്: രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ഇന്ദ്ര നൂയി. പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഇന്ദ്ര നൂയി താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണെന്ന് വ്യക്തമാക്കി.

പന്ത്രണ്ട് വര്‍ഷം പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് ഉജ്വലമായ സേവനം നടത്തിയ ഇന്ദ്ര നൂയി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയം വശമില്ലെന്ന് പറഞ്ഞ അവര്‍ താന്‍ ജോലിയില്‍ മികച്ച പ്രകടനം നടത്തുന്ന വ്യക്തിയാണെന്ന് അഭിപ്രായപ്പെട്ടു. ജോലിയില്‍ നിന്നും വിരമിച്ചാല്‍ ആദ്യം പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണെന്നും അവര്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സിഇഒ ആയി 2006 ലാണ് നൂയി ചുമതലയേറ്റത്. 1994 ലാണ് ഇന്ദ്ര നൂയി പെപ്‌സിക്കോയില്‍ ചേരുന്നത്. 24 വര്‍ഷം പെപ്‌സിക്കോയുടെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും നൂയി ഒപ്പമുണ്ടായിരുന്നു. ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ കരുത്തരായ വനിതകളുടെ പട്ടികയില്‍ നിരവധി തവണ ഇടം നേടിയിട്ടുണ്ട്.

സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഇന്ദ്ര നൂയി ഒക്ടോബര്‍ 3 വരെ സ്ഥാനത്ത് തുടരും. ഇന്ദ്ര നൂയിക്ക് ശേഷം പെപ്‌സിക്കോയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന റാമണ്‍ ലഗാര്‍ത്തെ സിഇഒ ആയി ചുമതലയേല്‍ക്കും.

 

Comments

comments