പുകവലി നിര്‍ത്താന്‍ സെന്‍സര്‍ ടെക്‌നോളജി

പുകവലി നിര്‍ത്താന്‍ സെന്‍സര്‍ ടെക്‌നോളജി

പുകവലി നിര്‍ത്താന്‍ പുതിയ സെന്‍സര്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ അലര്‍ട്ട് സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന ഉപകരണങ്ങളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് ഓരോ വ്യക്തിയുടേയും പുകവലിയുമായി ബന്ധപ്പെട്ട ചലനങ്ങള്‍ മനസിലാക്കിയാണ് അലര്‍ട്ടുകള്‍ നല്‍കുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണിലാണ് ഈ സേവനം ലഭ്യമാക്കാനാകുക. സെന്‍സറുകള്‍ ഘടിപ്പിച്ച ഉപകരണത്തിലൂടെ ഉപഭോക്താവ് പുകവലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടന്നാല്‍ സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക്കായി 20 മുതല്‍ 120 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശങ്ങള്‍ ഉപഭോക്താവിന് അയച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഒരു വ്യക്തിയുടെ കൃത്യമായ ചലനങ്ങള്‍ മനസിലാക്കിയാണ് സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്. ആഹാരം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ അതോ പുകവലിക്കുന്നതിനു വേണ്ടിയാണോ എന്നതു കൃത്യമാക്കിയ ശേഷമാകും അലര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അമേരിക്കയിലെ വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലെ മിംഗ് ചുന്‍ ഹ്വാംഗ് വ്യക്തമാക്കി.

ഗവേഷകരുടെ അഭിപ്രായത്തില്‍ പുകവലി ഉപേക്ഷിക്കാനുള്ള ഒരാളുടെ വ്യക്തിഗത താല്‍പ്പര്യവും പരിശീലനവും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ബന്ധിപ്പിക്കുന്ന ആദ്യ സംവിധാനമാകുമിത്. മാത്രവുമല്ല ഓരോ വ്യക്തിയേയും തങ്ങള്‍ പുകവലി ഉപേക്ഷിച്ചതിനെ കുറിച്ച് ഓര്‍മിപ്പിക്കുകയും പുകവലി നിര്‍ത്തുമ്പോഴുള്ള ആരോഗ്യ, സാമ്പത്തിക ഗുണങ്ങളേക്കുറിച്ചുള്ള വീഡിയോ സന്ദേശങ്ങളും ഈ സംവിധാനത്തിലൂടെ സാധ്യമാകുന്നു. പുതിയ ഗവേഷണം സംബന്ധിച്ച് ഒരു സംഘം ആളുകളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നതായും സ്മാര്‍ട്ട് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Comments

comments

Categories: Health
Tags: Smoking