ഇ-കൊമേഴ്‌സില്‍ നിന്ന് അഞ്ച് ശതമാനം വരുമാനം ലക്ഷ്യമിട്ട് ഗോദ്‌റെജ്

ഇ-കൊമേഴ്‌സില്‍ നിന്ന് അഞ്ച് ശതമാനം വരുമാനം ലക്ഷ്യമിട്ട് ഗോദ്‌റെജ്

മുംബൈ: ആഭ്യന്തര ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് വരുന്ന മൂന്ന് നാല് വര്‍ഷത്തിനകം ഇകൊമേഴ്‌സ് വിഭാഗത്തില്‍ നിന്നും വലിയ വരുമാന വളര്‍ച്ച പ്രതീക്ഷിച്ച് മുന്നോട്ട്. 2022 ആകുമ്പോഴേക്കും കമ്പനിയുടെ ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം ഇകൊമേഴ്‌സില്‍ നിന്ന് നേടാനാണ് ലക്ഷ്യം. ഇകൊമേഴ്‌സ് വിഭാഗത്തിലെ വില്‍പ്പനയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരു പ്രത്യേക ബിസിനസ് യൂണിറ്റ് ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ‘നിലവിലുള്ള ഉപഭോക്തൃ സംവിധാനത്തിന്റെ ഭാഗമായി തന്നെ നിന്ന് ഇകൊമേഴ്‌സ് വിഭാഗത്തില്‍ അഞ്ച് ശതമാനം വളര്‍ച്ച സാധ്യമാകില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇത് വേറിട്ട ഒരു യൂണിറ്റ് ആക്കുക തന്നെ വേണം,’ ജിസിപിഎലിന്റെ ഇന്ത്യ, സാര്‍ക്ക് മേഖലകളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കതാരിയ പറഞ്ഞു.

രാജ്യത്തെ ഇ-കൊമേഴ്‌സ് ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയില്‍ ഒരു ശതമാനം മാത്രമാണ് നിലവില്‍ ഗോദ്‌റെജിന്റെ സാന്നിധ്യം. വരും വര്‍ഷങ്ങളില്‍ ഇത് ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി. അടുത്ത മാസം ഒന്നു മുതല്‍ കമ്പനിയുടെ ഇ-കൊമേഴ്‌സ് വിഭാഗം പ്രത്യേക യൂണിറ്റായി പ്രവര്‍ത്തനമാരംഭിക്കും. ഒപ്പം ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തിന്റെ സ്വന്തം ഇന്നൊവേഷന്‍ ടീം, പുതിയ ഉല്‍പ്പന്ന പദ്ധതികള്‍, ഈ വിഭാഗത്തിന്റെ തന്നെ മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ ടീം എന്നിവയെല്ലാം ചേര്‍ന്നതായിരിക്കും പുതിയ യൂണിറ്റ്.

സിന്തോള്‍, ഗുഡ്‌നെറ്റ്, ഹിറ്റ് തുടങ്ങിയ പ്രമുഖ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ ഗോദ്‌റെജ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളതിനാലും ശക്തമായ വില്‍പ്പന മുന്നേറ്റം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത് കൊണ്ടും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടയക്ക വളര്‍ച്ച കരസ്ഥമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏഴ്എട്ട് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള വളര്‍ച്ചയുടെ മൂന്നില്‍ ഒരു ഭാഗം പുതിയ ഉല്‍പ്പന്ന വികാസത്തിലൂടെയാണ് സാധ്യമായിരിക്കുന്നത്, അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റ ആദ്യ പകുതിയില്‍ എല്ലാ വിഭാഗങ്ങളിലുമായി അഞ്ചോളം ഇന്നൊവേഷനുകള്‍ക്ക് കമ്പനി പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ നിലവിലെ വരുമാനത്തില്‍ 30 ശതമാനം ഗ്രാമീണ വിപണികളില്‍ നിന്നാണെന്നും കതാരിയ വ്യക്തമാക്കി. ഗ്രാമീണ വിപണിയില്‍ നിന്നാണ് നിലവില്‍ ഗോദ്‌റെജിന്റെ വരുമാനത്തിന്റെ 30 ശതമാനവും വരുന്നത്. 2022 ആവുമ്പോഴേക്കും ഈ വരുമാനം 36 ശതമാനം വരെ ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

 

Comments

comments