ഇവിടെ വാടക നല്‍കിയും വസ്ത്രങ്ങള്‍ വാങ്ങാം

ഇവിടെ വാടക നല്‍കിയും വസ്ത്രങ്ങള്‍ വാങ്ങാം

വാടകയ്ക്ക് ഫര്‍ണിച്ചറുകള്‍ നല്‍കുന്ന സംരംഭങ്ങളെ കുറിച്ച് കേള്‍വിയുണ്ടെങ്കിലും വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന വേറിട്ട സംരംഭമാണ് കാന്‍ഡിഡ്‌നോട്ട്‌സ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ റെന്റല്‍ സംരംഭത്തിലൂടെ പുരുഷന്‍മാര്‍ക്ക് വിവാഹം, ഫാഷന്‍ഷോ, പ്രത്യേക കോളെജ് പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം ആവശ്യമായ സ്യൂട്ടുകളും ഫാഷന്‍ വസ്ത്രങ്ങളും മിതമായ വിലയില്‍ ഏതാനും ദിവസത്തേക്ക് വാടകയ്ക്ക് വാങ്ങാനാകും

ഇന്ത്യയിലെ റീട്ടെയ്ല്‍ ബിസിനസില്‍ ഡിമാന്‍ഡ് ഒട്ടും കുറയാത നിലനില്‍ക്കുന്ന ഒന്നാണ് ഫാഷന്‍ രംഗം. ഓണ്‍ലൈന്‍ വ്യാപാരം കൊഴുക്കുന്നതോടെ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ ഫാഷന്‍ പോലും ഞൊടിയിടയില്‍ തെക്കന്‍ വിപണിയിലെത്തിയിരിക്കും എന്നതാണിപ്പോള്‍ സ്ഥിതി. അത്ര വേഗത്തിലാണ് ഓണ്‍ലൈന്‍ വ്യാപാരം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്. വാടകയ്ക്ക് ഫര്‍ണിച്ചറുകള്‍ നല്‍കുന്ന സംരംഭങ്ങളെ കുറിച്ച് കേള്‍വിയുണ്ടെങ്കിലും വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് പുതുമയാണ്. അതും മികച്ച ഡിസൈനര്‍ വസത്രങ്ങളും കോട്ടും സ്യൂട്ടും ഉള്‍പ്പെടെയുള്ളവയും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ഫാഷന്‍ റെന്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതു കണ്ടറിഞ്ഞാണ് ബെംഗളൂരു ആസ്ഥാനമായ കാന്‍ഡിഡ്‌നോട്ട്‌സ് രൂപം കൊള്ളുന്നത്. രണ്ടു വര്‍ഷം മുമ്പ് ശ്വേത പൊഡാര്‍ തുടക്കമിട്ട സംരംഭം ഇന്ന് മേഖലയില്‍ ഒരു ബ്രാന്‍ഡ് എന്ന ലേബലിലേക്ക് ഉയര്‍ന്നിരിക്കുന്നു.

അടുത്തിടെ മിന്ത്ര ഫാഷന്‍ നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയിലെ ഫാഷന്‍- ജീവിതശൈലി മേഖലയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ആയി മാറിയിട്ടുണ്ട്. മാത്രവുമല്ല അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച മേഖലയിലുണ്ടാകുമെന്നും വിവിധ കണക്കുകളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രവചിച്ചു കഴിഞ്ഞു.

സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഏറ്റവും പുതിയ ഡിസൈനര്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് കാന്‍ഡിഡ്‌നോട്ട്‌സില്‍ ഒരുക്കിയിരിക്കുന്നതെങ്കിലും പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ക്കാണ് സംരംഭം കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്നത്.

കാന്‍ഡിനോട്ട്‌സിന്റെ തുടക്കം

അല്‍പ്പം ഫാഷന്‍ ഭ്രമമുള്ള, മികച്ച തെരഞ്ഞെടുപ്പുകള്‍ നടത്താനാവുന്ന സ്ത്രീകള്‍ക്ക് ഇണങ്ങിയ മേഖലയാണ് ഫാഷന്‍. ഫാഷന്‍ രംഗത്തെ ലക്ഷ്വറി ബ്രാന്‍ഡുകളായ സബ്യസാചിയും മറ്റും അവരുടെ ഡിസൈന്‍ വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ റെന്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അവതരിപ്പിക്കുന്നതിന് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതും മേഖലയിലെ സ്ത്രീ സംരംഭകര്‍ക്ക് പിന്തുണയേകുന്നുണ്ട്. ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റെന്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖ്യധാരാ മേഖലയില്‍ നിലനിന്ന കാലത്താണ് ശ്വേത ഓണ്‍ലൈന്‍ ഫാഷന്‍ റെന്റല്‍ മേഖലയിലേക്ക് കടന്നു വരുന്നത്. കുടുംബപരമായി ടെക്‌സ്റ്റൈല്‍ ബിസിനസും വിപണിയും കണ്ടുവളര്‍ന്ന ഈ യുവതിക്ക് ഇന്ത്യയില്‍ സൂററ്റ് മുതല്‍ കൊല്‍ക്കത്ത വരെയുള്ള മികച്ച വസ്ത്ര വ്യാപാരികളുമായി സഖ്യമുണ്ടാക്കുന്നതും എളുപ്പമായി. കുടുംബം നടത്തിയിരുന്ന ടെക്‌സ്റ്റൈല്‍ മേഖല ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനും ശൃംഖല മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകരമായി. പുതിയ വിപണിക്കിണങ്ങിയ രീതിയിലുള്ള ബിസിനസിലേക്കുള്ള ചുവടുമാറ്റം നിലവിലെ ബിസിനസില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നുവെന്നു ശ്വേത പറയുന്നു.

പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ക്ക് മുന്‍തൂക്കം

ശ്വേതയുടെ സ്വന്തം സമ്പാദ്യമായ പത്തു ലക്ഷം രൂപയിലാണ് കാന്‍ഡിഡ്‌നോട്ട്‌സിന്റെ തുടക്കം. സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ട്രെന്‍ഡിനൊത്ത വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണെങ്കിലും പുരുഷന്‍മാരുടെ വസ്ത്രങ്ങളാണ് ഈ സംരംഭത്തിലൂടെ കൂടുതലും വിറ്റഴിയുന്നത്. ”ഫാഷന്‍ താല്‍പര്യവും അവബോധവും സ്ത്രീകള്‍ക്കാണ് കൂടുതലായുമുള്ളത്. പുരുഷന്‍മാര്‍ പലപ്പോഴും സാധാരണ ഗതിയിലുള്ള ബ്ലാക്ക് സ്യൂട്ടുകള്‍ കണ്ണടച്ചു വാങ്ങുകയായിരുന്നു പതിവ്. എന്നാല്‍ മേഖലയില്‍ പുരുഷന്‍മാരുടെ ട്രെന്‍ഡിന് വന്ന മാറ്റവും അതിന്റെ വിപണി സാധ്യതയും കണ്ടറിഞ്ഞാണ് അത്തരം തുണിത്തരങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന കാന്‍ഡിഡ്‌നോട്ട്‌സില്‍ നല്‍കിയത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കിയ ക്ലോസി, റെന്റ്‌മൈക്ലോസെറ്റ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയില്‍ നിന്നു പുറത്തായതും മറ്റും പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനിടയാക്കി,” ശ്വേത പറയുന്നു.

നിലവില്‍ ആറോളം പ്രശസ്ത ഡിസൈനര്‍മാരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാന്‍ഡിഡ്‌നോട്ട്‌സ് സ്വന്തമായി ക്ലാസിക് ഡിസൈനുകളിലും വസ്ത്രങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ടക്‌സിഡോസ്, സ്യൂട്ട്‌സ്, ഷെര്‍വാണി, ബ്ലേസേഴ്‌സ്, ബാന്ദി, ബാന്‍ഡ്ഗാലാ, ഇന്തോ-പാശ്ചാത്യന്‍ ഫ്യൂഷന്‍ വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. 45 വയസില്‍ താഴെയുള്ള പുരുഷന്‍മാരെ ലക്ഷ്യമിട്ടുള്ള വസത്രങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ നല്‍കി വരുന്നത്.

വിവാഹം മുതല്‍ ഫാഷന്‍ഷോ വരെ

12 അംഗ സംഘമാണ് കാന്‍ഡിഡ്‌നോട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ശ്വേതയ്‌ക്കൊപ്പം പ്രോഡക്റ്റ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിനായി സഹോദരന്‍ റിഷി പൊഡാറും സംരംഭത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കാന്‍ഡിഡ്‌നോട്ട്‌സ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ശ്രദ്ധേയമായിരിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും കുടുംബത്തിലെ ഒട്ടുമിക്കരും സ്യൂട്ട് അഥവാ ടക്‌സിഡോസ് അണിയാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു വലിയ തുക മുടക്കി ഒന്നോ രണ്ടോ ദിവസത്തേക്ക് അവ വാങ്ങുന്നതിനേക്കാളും ഏതാനും ദിവസത്തേക്ക് വാടകയ്ക്ക് എടുക്കുന്നതില്‍ പുരുഷന്‍മാര്‍ കൂടുതല്‍ താല്‍പ്പര്യവും കാണിക്കുന്നുണ്ടെന്നും ശ്വേത ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തിനു മുമ്പുള്ള ഷൂട്ടിംഗിനും ഫാഷന്‍ ഷോ, സുപ്രധാന മീറ്റിംഗുകള്‍, കോണ്‍ഫറന്‍സ്, ഇന്റര്‍വ്യൂ, കോര്‍പ്പറേറ്റ് പരിപാടികള്‍, കോളെജ് ഫെയര്‍വെല്‍, കോണ്‍വൊക്കേഷന്‍ എന്നി സുപ്രധാന അവസരങ്ങളിലും സ്യൂട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പ്രതിവര്‍ഷം 6000 ഓര്‍ഡറുകള്‍ ലഭിക്കുന്ന കമ്പനിയുടെ ശരാശരി ഓര്‍ഡര്‍ മൂല്യം 1500 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 80 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടാക്കിയ കമ്പനിയുടെ നാല്‍പ്പത് ശതമാനത്തോളം ഉപഭോക്താക്കളും ആറ് മുതല്‍ എട്ടു മാസത്തിനുള്ളില്‍ സേവനങ്ങള്‍ക്കായി വീണ്ടും തങ്ങളെ സമീപിക്കാറുണ്ടെന്നും ശ്വേത അവകാശപ്പെടുന്നു.

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു പുറമെ ബെംഗളൂരില്‍ ഓഫ്‌ലൈന്‍സ്റ്റോറും നടത്തിവരുന്ന സംരംഭം വെബ്‌സൈറ്റില്‍ തെരഞ്ഞെടുത്ത വസ്ത്രങ്ങള്‍ കൃത്യ അളവിലാണോ എന്നു പരിശോധിച്ചറിയാനുള്ള സൗകര്യവും നല്‍കുന്നുണ്ട്. ബിസിനസ് ലാഭകരമായതോടെ കൂടുതല്‍ നിക്ഷേപം സമാഹരിച്ച് ഡെല്‍ഹി മുംബൈ എന്നിവിടങ്ങളിലേക്കു കൂടി സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

Comments

comments

Categories: FK Special
Tags: Candid notes