ബെനല്ലിയുടെ പങ്കാളി ഇനി മഹാവീര്‍ ഗ്രൂപ്പ്

ബെനല്ലിയുടെ പങ്കാളി ഇനി മഹാവീര്‍ ഗ്രൂപ്പ്

പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് തെലങ്കാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ന്യൂഡെല്‍ഹി : ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനല്ലിയുടെ ഇന്ത്യയിലെ പുതിയ പങ്കാളി ഹൈദരാബാദ് ആസ്ഥാനമായ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ. മഹാവീര്‍ ഗ്രൂപ്പിന്റെ ഉപ കമ്പനിയാണ് ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ. ഇറ്റാലിയന്‍ കമ്പനി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഹൈദരാബാദിന് സമീപം പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് തെലങ്കാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയും സര്‍വീസുമെല്ലാം ഇനി മഹാവീര്‍ ഗ്രൂപ്പ് നോക്കിനടത്തും. മൂന്ന് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇരു കമ്പനികളും ചേര്‍ന്ന് ഒപ്പുവെച്ച പങ്കാളിത്ത കരാര്‍. ആദ്യ ഘട്ടത്തില്‍ മൂന്ന് ഏക്കറിലധികം വരുന്ന സ്ഥലത്ത് മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും. ഈ വര്‍ഷം ഒക്‌റ്റോബറോടെ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും. രണ്ടാം ഘട്ടത്തില്‍ ഇരുപത് ഏക്കറിലായി പ്ലാന്റ് വിപുലീകരിക്കും. ചൈനീസ് കമ്പനിയായ ക്വ്യുയാന്‍ജിയാങ് ഗ്രൂപ്പാണ് ബെനല്ലിയുടെ ഉടമസ്ഥര്‍.

മേക്ക് ഇന്‍ ഇന്ത്യ സൂപ്പര്‍ബൈക്കുകള്‍ നിര്‍മ്മിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെയാണ് തെലങ്കാന സര്‍ക്കാരുമായും ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുമായും പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നതെന്ന് ബെനല്ലി ഡയറക്റ്റര്‍ ജോര്‍ജ് വാംഗ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന ഉല്‍പ്പാദകര്‍ ഇന്ത്യയാണ്. ഇന്ത്യയില്‍ സൂപ്പര്‍ബൈക്ക് ഉള്‍പ്പെടെയുള്ള സെഗ്‌മെന്റുകളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി മനസ്സിലാക്കുന്നു. രാജ്യത്തെ സൂപ്പര്‍ബൈക്ക് സെഗ്‌മെന്റിലെ നേതൃസ്ഥാനമാണ് ഇപ്പോള്‍ ബെനല്ലി അലങ്കരിക്കുന്നതെന്നും
2021 ഓടെ ഇന്ത്യയിലെ സൂപ്പര്‍ബൈക്ക് സെഗ്‌മെന്റിലെ വിപണി വിഹിതം മുപ്പത് ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും ജോര്‍ജ് വാംഗ് വ്യക്തമാക്കി. നിലവില്‍ ഇത് 21 ശതമാനമാണ്.

ഓട്ടോമൊബീല്‍ വ്യവസായത്തിലെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മഹാവീര്‍ ഗ്രൂപ്പ് എന്ന് ചെയര്‍മാന്‍ യശ്വന്ത് ഝാബാഖ് പറഞ്ഞു. ഇന്ത്യയിലെ സൂപ്പര്‍ബൈക്ക് സെഗ്‌മെന്റില്‍ ബെനല്ലിയുടെ വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാവീര്‍ ഗ്രൂപ്പിന്റെ പുതിയ അസംബ്ലി പ്ലാന്റില്‍ ബെനല്ലി ബൈക്കുകള്‍ അസംബിള്‍ ചെയ്യും. ഇറ്റലിയില്‍നിന്നും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നും സികെഡി കിറ്റുകള്‍ ഇറക്കുമതി ചെയ്യും.

ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളിലൊന്നാണ് ബെനല്ലി. ഡിഎസ്‌കെ മോട്ടോവീല്‍സുമായി പങ്കാളിത്തം സ്ഥാപിച്ച് 2014 ലാണ് ഇന്ത്യയില്‍ പ്രവേശിച്ചത്. എന്നാല്‍ ഡിഎസ്‌കെ മോട്ടോവീല്‍സ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ അവരുമായുള്ള ബന്ധം ഉപേക്ഷിച്ച ബെനല്ലി പുതിയ പങ്കാളിയെ തേടുകയായിരുന്നു. ഇന്ത്യയില്‍ ഡിഎസ്‌കെയുമായി പങ്കാളിത്തം സ്ഥാപിച്ചിരുന്ന ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യോസംഗ് ആ ബന്ധം വിച്ഛേദിച്ചിരുന്നു. കൈനറ്റിക്കാണ് ഹ്യോസംഗിന്റെ പുതിയ പങ്കാളി. കൈനറ്റിക്കിന്റെ മോട്ടോറൊയാല്‍ ഔട്ട്‌ലെറ്റുകളിലൂടെ ഹ്യോസംഗ് മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കും.

ബെനല്ലിക്ക് ഇന്ത്യയില്‍ പതിനെട്ട് ഡീലര്‍മാരാണ് ഉള്ളത്. പുതുതായി പുറത്തിറക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഏതെല്ലാമെന്ന് വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിയോണ്‍ചിനോ സ്‌ക്രാംബ്ലര്‍, ടിആര്‍കെ 502 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്നിവ ആദ്യം പുറത്തിറക്കുമായിരിക്കും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ എതിരാളിയായ ബെനല്ലി ഇംപീരിയല്‍ 400 മോട്ടോര്‍സൈക്കിളും ഇന്ത്യയിലെത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ ഐക്മയില്‍ (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) അരങ്ങേറിയ ടിഎന്‍ടി 402എസ്, 752എസ് ബൈക്കുകളും ഇന്ത്യയില്‍ വരും. ഇന്ത്യയിലെ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലാണ് ബെനല്ലിയുടെ കണ്ണ്.

 

Comments

comments

Categories: Auto
Tags: Benelli