വിജയക്കൊടി പാറിച്ച് ഒല; യുകെയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

വിജയക്കൊടി പാറിച്ച് ഒല; യുകെയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ന്യൂഡെല്‍ഹി: ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ യുകെയിലേക്ക് സേവനം വിപൂലീകരിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാവായ ഒല. ഇന്ത്യയില്‍ തുടങ്ങിയ സംരംഭം വിജയിച്ചതിനു ശേഷം കമ്പനി ഓസ്‌ട്രേലിയയിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.

ഇപ്പോള്‍ യുകെയിലെ കാബ് വിപണിയാണ് ഒല നോട്ടമിടുന്നത്. അടുത്ത മാസത്തോടുകൂടി സൗത്ത് വെല്‍സില്‍ സേവനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയില്‍ വിജയം ഉറപ്പാക്കിയതിനു ശേഷം വിദേശരാജ്യങ്ങളിലും സേവനമെത്തിച്ച് മികച്ച വളര്‍ച്ച കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന കമ്പനി. 2018 അവസാനത്തോടുകൂടി രാജ്യത്ത് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്.

യുകെയില്‍ ഒല പ്രവര്‍ത്തനം ആരംഭിക്കുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും വളര്‍ച്ച നേടാനും യുകെ മികച്ച സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുക എന്നതാണ് കമ്പനിയുടെ മുഖ്യ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഏഴ് നഗരങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന ഒലയ്ക്ക് 40,000 ത്തോളം രജിസ്‌ട്രേഡ് ഡ്രൈവര്‍മാരാണുള്ളത്.

Comments

comments

Tags: Ola, UK