ആരോഗ്യ രംഗത്ത് നിക്ഷേപം നടത്തി ജോണ്‍ എബ്രഹാം

ആരോഗ്യ രംഗത്ത് നിക്ഷേപം നടത്തി ജോണ്‍ എബ്രഹാം

മുംബൈ: അമേരിക്ക ആസ്ഥാനമായുള്ള ആരോഗ്യ, പോഷകാഹാര കമ്പനിയായ ജിഎന്‍സിയുടെ (ജനറല്‍ ന്യൂട്രീഷന്‍ സെന്റര്‍) ഇന്ത്യയിലെ പ്രധാന പങ്കാളികളായ ഗാര്‍ഡിയര്‍ ഹെല്‍ത്ത് കെയറിന്റെ ന്യൂനപക്ഷ ഓഹരികള്‍ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം സ്വന്തമാക്കി. നടീനടന്‍മാര്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഉപേക്ഷിച്ച് ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ ബിസിനസ് പങ്കാളികളാവുന്ന ട്രെന്‍ഡിനോട് ചേര്‍ന്നിരിക്കുകയാണ് ഇതോടെ മലയാളി വേരുകളുള്ള ജോണ്‍. ഇടപാട് മൂല്യം വെളിപ്പെടുത്തിയില്ലെങ്കിലും കമ്പനിയുടെ ആകെ ആസ്തി ഈ നിക്ഷേപത്തോടെ 250 കോടി രൂപയായി. വില്‍പ്പനയ്ക്ക് കൂടുതല്‍ സഹായകമാവുമെന്ന കാരണത്താലാണ് താരങ്ങള്‍ ബിസിനസ് പങ്കാളിത്തമെടുക്കാന്‍ വര്‍ധിച്ച താല്‍പര്യം കാട്ടുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

‘ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അഭിനിവേശവും അച്ചടക്കമുള്ളയാളാണ് മോഡലിംഗില്‍ നിന്നും ബോളിവുഡ് നടനും നിര്‍മാതാവുമായിമാറിയ ജോണ്‍. കമ്പനിയുമായി അദ്ദേഹത്തിന്റെ അടുപ്പം കാരാര്‍ മൂല്യത്തിനും അപ്പുറമുള്ള അംഗീകാരമാണ്. ഫിറ്റ്‌നെസ് തല്‍പരനായ ജോണ്‍ ഇന്ത്യയില്‍ ജിഎന്‍സിയുടെ ഭാഗമായിരിക്കും,’ ജിഎന്‍സി ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷദാബ് ഖാന്‍ പറഞ്ഞു. സപ്ലിമെന്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കാല്‍പ്പനിക വാര്‍ത്തകളും ആശയക്കുഴപ്പവും ഇല്ലായ്മചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭനിരോധനോപാധികളുടെ നിര്‍മാതാക്കളായ ഫാമി കെയറിനെ 2015 ല്‍ 800 ദശലക്ഷം ഡോളറിന് കമ്പനിയുടെ ഉടമസ്ഥരായ തപര്യ കുടുംബം മൈലാന് വിറ്റിരുന്നു. ഇതില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പ്് ഫാര്‍മസി ശൃംഖലയായ ഗാര്‍ഡിയന്‍ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ ജിഎന്‍സിയുമായിട്ടാണ് ഗാര്‍ഡിയന് സഹകരണം. വൈറ്റമിന്‍ സപ്ലിമെന്റുകളുടെ പ്രകടനം, പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടെ വെല്‍നെസ്, പെര്‍ഫോമന്‍സ് ഉല്‍പ്പന്നങ്ങളുടെ പ്രത്യേക വിതരണ വില്‍പ്പനാവകാശമാണ് കമ്പനിക്കുള്ളത്.

സെലിബ്രേറ്റികള്‍ മുന്‍ നിര ആരോഗ്യ ബ്രാന്‍ഡുകളില്‍ നിക്ഷേപം നടത്തുന്നത് അടുത്തിടെ ആഗോള പ്രവണതയായി മാറിയിട്ടുണ്ട്. പ്രസിദ്ധ ഗായിക മഡോണ ഇളനീര്‍ ബ്രാന്‍ഡായ ‘വിറ്റ കോകോ’യില്‍ നിക്ഷേപം നടത്തിയത് ഇതിന് ഉദാഹരണമാണ്. റാപ്പര്‍ 50 സെന്റ് ഗ്ലൂകോ വൈറ്റമിന്‍ വാട്ടറിലാണ് ഓഹരി പങ്കാളിയായത്. ഗായികയായ ബിയോണ്‍സെ, തണ്ണിമത്തന്‍ ജ്യൂസ് ബ്രാന്‍ഡായ വാട്ടര്‍മെലണ്‍ വാട്ടറിലാണ് നിക്ഷേപിച്ചത്. സമാനമായ പ്രവണതയാണ് ഇന്ത്യയിലും ദൃശ്യമാകുന്നത്. ബോളിവുഡ് അഭിനേത്രി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് റാക്യാന്‍ ബവ്‌റിജസില്‍ നിക്ഷേപം നടത്തിയിരുന്നു. റോ പ്രെസറി ബ്രാന്‍ഡില്‍ ജൂസ് വിപണിയിലെത്തിക്കുന്ന കമ്പനിയാണിത്. മാധുരി ദീക്ഷിത്, സുനില്‍ ഷെട്ടി എന്നിവരും ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.

ജിഎന്‍സിക്ക് അമേരിക്കയില്‍ 700 റീട്ടെയ്ല്‍ സ്‌റ്റോറുകളുണ്ട്. 50 ഓളം രാജ്യങ്ങളിലായി ഫ്രഞ്ചൈസി പ്രവര്‍ത്തനങ്ങളും. കൂടാതെ ഇന്ത്യയില്‍ 75 സ്‌റ്റോറുകളുമുണ്ട്.

 

Comments

comments

Tags: John Abraham