ബാങ്കുകളില്‍ വെളിപ്പെടുത്താതെ കിടക്കുന്നത് മൂന്ന് ലക്ഷം കോടി രൂപയിലധികം എന്‍പിഎ

54.2 ലക്ഷം കോടി രൂപയുടെ വാണിജ്യ വായ്പയില്‍ 10.4 ലക്ഷം കോടി രൂപയുടെ വായ്പയാണ് നിഷ്ക്രിയാസ്തി
മുംബൈ: ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ബാങ്കുകളില്‍ മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ വെളിപ്പെടുത്താത്ത നിഷ്ക്രിയാസ്തി ഉണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ് യൂണിയന് (ടിയു) സിബില്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്.
നിലവില്‍ തിരുത്തല്‍ നടപടികള്ക്കുകീഴില് (പിസിഎ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യമേഖലാ ബാങ്കുകളിലും ഇത്തരത്തില്‍ വെളിപ്പെടുത്താത്ത നിഷ്ക്രിയാസ്തികള്‍ ഉണ്ടെന്നാണ് ട്രാന്‍സ് യൂണിയന് സിബിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബാങ്കുകളില്‍ വെളിപ്പെടുത്താതെ കിടക്കുന്ന നിഷ്ക്രിയാസ്തികള്‍ സംബന്ധിച്ച വിവരങ്ങള്‍ ടിയു സിബില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ നിഷ്ക്രിയാസ്തി എക്കൗണ്ടുകളുടെ അടുത്ത പട്ടിക ബാങ്കുകള്‍ പുറത്തുവിടുമെന്നാണ് ടിയു സിബില്‍ പ്രതീക്ഷിക്കുന്നത്.
ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ടുള്ള സാഹചര്യങ്ങളുണ്ടാകും. ഒരു ബാങ്കിലെ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുമ്പോഴും മറ്റ് വായ്പാദാതാക്കള്ക്കിടയില് ഇയാളുടെ വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി സംബന്ധിച്ച് ധാരണയുണ്ടാകണമെന്നില്ല. ഇത്തരത്തില്‍ എന്‍പിഎ ആയി വിഭാഗീകരിക്കാത്ത വായ്പകളെ കുറിച്ചാണ് സിബില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റൊരു ബാങ്കില്‍ നിന്നുള്ള വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കുന്നതിലാണ് പിഴവ് വരുത്തുന്നത് എങ്കില്‍ പോലും ആര്‍ബിഐ നിയമമനുസരിച്ച് ക്രോസ്-ഡിഫോള്‍ട്ട് വ്യവസ്ഥയ്ക്കുകീഴില്‍ വായ്പാദാതാക്കള്‍ എന്‍പിഎ നടപടികള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തിലെ കണക്കുപ്രകാരം 54.2 ലക്ഷം കോടി രൂപയുടെ വാണിജ്യ വായ്പയില്‍ 10.4 ലക്ഷം കോടി രൂപയുടെ വായ്പയാണ് ബാങ്കുകള്‍ നിഷ്ക്രിയാസ്തിയായി കണക്കാക്കിയിട്ടുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വെളിപ്പെടുത്തിയ നിഷ്ക്രിയാസ്തിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.4 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. പിസിഎ നടപടികള്‍ ബാധകമായിട്ടുള്ള ബാങ്കുകളില്‍ വെളിപ്പെടുത്താത്ത നിഷ്ക്രിയാസ്തികള്‍ കുറവാണെന്ന് ടിയു സിബില്‍ എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സതിഷ് പിള്ള പറഞ്ഞു. തിരുത്തല്‍ നടപടികള്ക്കുകീഴില് വായ്പാ നിയന്ത്രണങ്ങള്‍ നേരിടുന്ന 11 പൊതുമേഖലാ ബാങ്കുകളില്‍ നിഷ്ക്രിയാസ്തികളുടെ തോത് ഉയര്‍ന്ന തലത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുമേഖലാ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വായ്പാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്നും വായ്പ നല്‍കുന്നതിന് (പ്രത്യേകിച്ച് ചെറുകിട സംരഭങ്ങള്‍ക്ക്) ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്നും പിള്ള അഭിപ്രായപ്പെട്ടു. തിരിച്ചടയ്ക്കുന്നതില്‍ കാലതാമസം വന്ന 6.6 ലക്ഷം കോടി രൂപയുടെ വായ്പ ബാങ്കുകളിലുണ്ട്, ഇത് നിഷ്ക്രിയാസ്തികളല്ല. ബാങ്കുകള്‍ ഇത്തരം വായ്പകള്‍ നിരീക്ഷിക്കുകയും കുടിശ്ശിക വൈകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും വേണമെന്ന് പിള്ള നിര്‍ദേശിച്ചു.