ആകാശത്തില്‍ മുത്തമിട്ട് ദമ്പതിമാരുടെ വാട്സാപ്പ് കഫെ

ആകാശത്തില്‍ മുത്തമിട്ട് ദമ്പതിമാരുടെ വാട്സാപ്പ് കഫെ

കൊല്‍ക്കത്ത , ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഓരോ സ്പന്ദനവും തൊട്ടറിയുന്ന പശ്ചിമബംഗാളിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്ന്. ഇവിടെ കാണാന്‍ ഹൗറ ബ്രിഡ്ജ്, കാളി ഘട്ട്, ഇന്ത്യന്‍ മ്യൂസിയം തുടങ്ങി കാഴ്ചകള്‍ നിരവധി. എന്നാല്‍ ചരിത്രപ്രാധാന്യമുള്ള ഈ കാഴ്ചകള്‍ക്കൊപ്പം സന്ദര്‍ശകരുടെ മനസ്സ് കീഴടക്കുന്ന മറ്റൊന്ന് കൂടി ഇവിടെയുണ്ട്, വാട്സാപ്പ് കഫെ എന്ന ന്യൂജെന്‍ റെസ്റ്റോറന്റ്. ഭക്ഷണപ്രേമികളെ മാത്രമെല്ലാം സാഹസികരെയും സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ ഒരേ പോലെ പര്യാപ്തമാണ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ആറാം നിലയില്‍ ഓപ്പണ്‍ , ക്ളോസ്ഡ് റെസ്റ്റോറന്റുകളോട് കൂടിയ ഈ കഫെ. അനാമിക സെന്‍ ഗുപ്ത , അനിബര്‍ സെന്‍ ഗുപ്ത തുടങ്ങിയ ദമ്പതിമാരുടെ ആശയമാണ് കൊല്‍ക്കത്തയുടെ ഏറ്റവും തിരക്കുള്ള റെസ്റ്റോറന്റ് ആയി മാറിയിരിക്കുന്ന വാട്സാപ്പ് കഫെ

സംരംഭകത്വത്തില്‍ ഇപ്പോള്‍ മാറ്റങ്ങളുടെ കാലമാണ്. മികച്ച ആശയങ്ങള്‍ സ്വന്തമാക്കി ,പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ള സംരംഭകര്‍ക് മാത്രമേ ഇവിടെ പിടിച്ചു നില്ക്കാന്‍ കഴിയുകയുള്ളൂ. ഒപ്പം സംരംഭകത്വത്തിന്റെ സമവാക്യത്തിലും ഇപ്പൊല്‍മാറ്റം വന്നിട്ടുണ്ട്. കപ്പിള്‍ പ്രെണേഴ്സ് ആണ് ഇപ്പോള്‍ പുതിയ ട്രെന്‍ഡ്. അതായത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഒരു ബിസിനസ് നടത്തുക.ഈ രീതി കാലങ്ങളായി നിലവില്‍ ഉണ്ട് എങ്കിലും പുതു തലമുറ കൂടുതലായി സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ ആരംഭിച്ച ഈ അവസരത്തില്‍ കപ്പിള്‍ പ്രെണേഴ്സ് എന്ന ആശയത്തിന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്.

മനോഹരമായ കൊല്‍ക്കത്ത നഗരത്തിന്റെ തിരക്കിലേക്ക് കണ്ണ് തുറന്നിരിക്കുന്ന വാട്സാപ്പ് കഫെ എന്ന ന്യൂ ജെന്‍ റെസ്റ്റോറന്റും ഇത്തരത്തില്‍ കപ്പിള്‍ പ്രെണേഴ്സ് നേതൃത്വം നല്‍കി നിലവില്‍ വന്നതാണ്. കൊല്‍ക്കത്ത സ്വദേശികളായ അനാമിക സെന്‍ ഗുപ്തയുടെയും ഭര്‍ത്താവ് അനിബര്‍ സെന്‍ ഗുപ്തയുടെയും ആശയമാണ് വ്യത്യസ്തമായ ഈ റെസ്റ്റോറന്റ്. റെസ്റ്റോറന്റ്, കഫെ, പബ് തുടങ്ങി മൂന്ന് സൗകര്യങ്ങള്‍ കോര്‍ത്തിണക്കി ത്രീ ഇന്‍ വണ്‍ രീതിയിലാണ് വാട്സാപ്പ് കഫെയുടെ നിര്‍മാണം.

ഭാര്യയും ഭര്‍ത്താവും സംരംഭകരാകുമ്പോള്‍

കൊല്‍ക്കത്ത നഗരത്തിന്റെ ചൂടും ചൂരും അറിഞ്ഞു,കോര്‍പ്പറേറ്റ് ജോലിയുമായി നടക്കുമ്പോഴാണ് അനാമികയുടെ മനസ്സില്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹം വരുന്നത്. ആ ആഗ്രഹത്തെ പലവിധത്തില്‍ തിരിച്ചു മറിച്ചും മനസ്സില്‍ മനനം ചെയ്ത് മികച്ചൊരു ആശയമാക്കി മാറ്റി. അതിനു ശേഷം, ഭര്‍ത്താവ് അനിബര്‍ സെന്‍ ഗുപ്തയോട് അനാമിക തന്റെ ആഗ്രഹം പങ്കു വച്ചു. ഇരുവരും ധാരാളം യാത്രകള്‍ ചെയ്യുന്നവരായിരുന്നു.വിദേശരാജ്യങ്ങളിലെ റെസ്റ്റോറന്റുകളും ഭക്ഷണവും ഇരുവരുടെയും പ്രധാന ആകര്‍ഷണമായിരുന്നു. അതിനാല്‍ സ്വന്തമായൊരു ബിസിനസ് എന്ന് പറഞ്ഞപ്പോള്‍ അനിബറിന്റെ മനസ്സിലേക്കും ആദ്യം ഓടിയെത്തിയത് ഒരു റെസ്റ്റോറന്റ് ആയിരുന്നു.

എന്നാല്‍ റെസ്റ്റോറന്റുകള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത കൊല്‍ക്കത്ത പോലൊരു നഗരത്തില്‍ വെറുതെ പേരിനൊരു റെസ്റ്റോറന്റ് തുടങ്ങുന്നതില്‍ കാര്യമില്ല എന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. അതിനാല്‍ മറ്റുള്ളവയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതും എന്നാല്‍ വിദേശരാജ്യങ്ങളില്‍ തങ്ങള്‍ കണ്ടിട്ടുള്ള ഹാങ്ഔട്ട് സ്ഥലങ്ങള്‍ക്ക് സമാനമായിട്ടുള്ളതുമായ ഒരു ആശയമാണ് തങ്ങളുടെ റെസ്റ്റോറന്റിന് ആവശ്യമെന്ന് അനാമികയും അനിബറും മനസിലാക്കി.

ആസ്ത്രേലിയയില്‍ ഒരിക്കല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ട റൂഫ് ടോപ് റെസ്റ്റോറന്റ് അപ്പോഴാണ് ഇരുവരുടെയും മനസിലേക്ക് എത്തിയത്. നഗരത്തിന്റെ ഒത്ത നടുക്കായി, ഒരു റൂഫ് ടോപ് റെസ്റ്റോറന്റ്, ഒറ്റ നോട്ടത്തില്‍ നഗരം മുഴുവന്‍ കാണാന്‍ കഴിയണം. ഇതായിരുന്നു ദമ്പതിമാരുടെ ആവശ്യം. ഇത്തരത്തില്‍ ഒരു സ്ഥലം കണ്ടെത്തുന്നതിനായി ഇരുവരും ഏറെ തെരഞ്ഞു നടന്നു. ഒടുവിലാണ് കൊല്‍ക്കത്ത നഗരത്തിന്റെ തെക്കു ഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ആര് നില കെട്ടിടം കയ്യിലെത്തുന്നത്. കെട്ടിടത്തിന്റെ ആറാം നിലയിലെ തുറസ്സായ സ്ഥലം റെസ്റ്റോറന്റ് തുടങ്ങുന്നതിനായി കണ്ടെത്തി.

എന്നാല്‍ സ്ഥലം കണ്ടെത്തിയത് കൊണ്ട് മാത്രം കാര്യമായില്ലല്ലോ. അത് ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ വ്യത്യസ്തമായി ഒരുക്കുകയും വേണ്ടേ. അതിനായി ഇരു വരും തല പുകഞ്ഞു ആലോചിച്ചു. ന്യൂ ജെന്‍ സ്റ്റൈലില്‍ തന്നെ അലങ്കാരങ്ങള്‍ ചെയ്തു. കയറി വരുന്ന ഓരോ സ്റ്റെയര്‍കേസിലും അതിന്റെ അടയാളങ്ങള്‍ കാണാം. പബ്, റെസ്റ്റോറന്റ്, കഫെ എന്നിവയ്ക്ക് മൂന്ന് വ്യത്യസ്ത തീമുകളാണ് നല്‍കിയിരിക്കുന്നത്.

വാട്സാപ്പ് കഫെ എന്തുകൊണ്ട് വ്യത്യസ്തമാകുന്നു ?

എന്താണ് വാട്സാപ്പ് കഫെയുടെ പ്രത്യേകത എന്ന് ചോദിച്ചാല്‍ അതിന്റെ അന്തരീക്ഷം തന്നെയാണ് പ്രത്യേകത എന്ന് പറയേണ്ടി വരും. നവ തലമുറയിലെ ആളുകളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പേര് തെരെഞ്ഞെടുത്തത് അനിബര്‍ സെന്‍ ഗുപ്തയാണ്. വാട്സാപ്പ് കഫെ രണ്ടായി തിരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യഭാഗം ഒപ്പം റൂഫ് ആണ്. രണ്ടാമത്തെ ഭാഗം ക്ളോസ്ഡ് ആണ്. ആദ്യഭാഗമാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ആറാം നിലയുടെ മുകളിലിരുന്ന് ആകാശത്തെ തൊട്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന പ്രതീതിയാണ് ഇവിടെയിരിക്കുമ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ മുതല്‍ ഇത്തരത്തില്‍ ആകാശം കണ്ട ഭക്ഷണം കഴിക്കുവാന്‍ വലിയ തിരക്കാണ് ഇവിടെ.

ഓപ്പണ്‍ റൂഫ് റെസ്റ്റോറന്റിന്റെ മതിലുകള്‍ ചില്ലുകള്‍ കൊണ്ട് തീര്‍ത്തവയാണ്. അതിനാല്‍ വെയിലും മഴയുമെല്ലാം പൂര്‍ണമായി ആഘോഷിക്കാം.ക്ലാസില്‍ ലുക്കില്‍ റൂഫ് ടോപ് ഉള്ളഭാഗം പെയിന്റ് ചെയ്തിരിക്കുന്നു.മാര്‍ബിളില്‍ തീര്‍ത്ത ഡൈനിംഗ് ടേബിളുകള്‍, ഓറഞ്ച് , മഞ്ഞ, ഇളം പച്ച നിറങ്ങളിലുള്ള നിറങ്ങളിലുള്ള കസേരകള്‍ ഒരു കൂള്‍ ലുക്ക് നല്‍കുന്നു. മഞ്ഞും വെയിലും മഴയുമെല്ലാം ഒരേ പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഓപ്പണ്‍ റൂഫ് റെസ്റ്റോറന്റില്‍ എപ്പോഴും തിരക്കാണ്.

കയറിവരുന്ന പടികള്‍ക് മതിലുകളും വെള്ള, മഞ്ഞ കറുപ്പ് നിറത്തിലുള്ള പെയിന്റുകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഭിത്തികളില്‍ ആനിമേറ്റഡ് ചിത്രങ്ങളും പതിപ്പിച്ചിരുന്നു. വാതില്‍ തുറന്നു കഫെയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍, വാതിലില്‍ പിടിക്ക് പകരം കാര്‍ സ്റ്റിയറിംഗ് ആണ് ഘടിപ്പിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് തിരിച്ചാല്‍ വാതില്‍ തുറക്കും. അകത്തേക്ക് പ്രവേശിച്ചാല്‍ ചക്രങ്ങള്‍ ഘടിപ്പിച്ചപോലുള്ള കസേരകളാണ് കാണാന്‍ കഴിയുക. അതും നല്ല ക്ലാസിക് സ്‌റ്റൈലില്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. വെള്ള, കറുപ്പ് നിറങ്ങളാണ് ഒരു വിഭാഗം ഫര്‍ണീച്ചറുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. റൂഫ് ടോപ് ഉള്ള ഭാഗത്തെ കഫെയില്‍ ഒരേ സമയം നൂറിലേറെ പേര്‍ക്ക് ഇരിക്കഞ്ഞില്ല സജ്ജീകരണം ഒരുക്കിയിരിക്കുന്നു.കുട്ടികളെ ആകര്‍ഷിക്കുന്നതിനായി കളിപ്പാട്ടത്തിന്റെ മാതൃകയില്‍ സജ്ജീകരിച്ച ഇരിപ്പിടങ്ങളും നമുക്കിവിടെ കാണാനാകും.

രണ്ടാം ഭാഗമായ ഓപ്പണ്‍ റൂഫ് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുവാനാണ് കൂടുതല്‍ തിരക്ക്. ഇവിടുത്തെ ഇരിപ്പിടങ്ങള്‍ കൂടുതല്‍ കളര്‍ഫുള്‍ ആണ്. ഓറഞ്ച്, ഇളം പച്ച, മഞ്ഞ തീമുകളിലാണ് കസേരകള്‍ ഒരുക്കിയിരിക്കുന്നത്. കറുത്ത ഗ്രാനൈറ്റ് മേശയ്ക്ക് ഒപ്പം സുതാര്യമായ ഗ്ലാസ് മേശകളും ഉണ്ട്. ചുറ്റും അലങ്കാര ചെടികളും വച്ചിരിക്കുന്നു. പച്ചപ്പുള്ള ഒരു ഉദ്യാനത്തില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു പ്രതീതിയാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നത് എന്ന് വാട്‌സാപ്പ് കഫെയില്‍ എത്തുന്നവരും പറയുന്നു. പുറത്തേക്ക് നോക്കിയാല്‍ ഒരുവശത്ത് കൊല്‍ക്കത്ത നഗരത്തിന്റെ ചടുലതയും മറ്റൊരു ഭാഗത്ത് സുന്ദരമായ കാടും ഒരു തടാകവും കാണാനായി സാധിക്കുന്നു.എന്തിനേറെ പായുന്നു ആറാം നിലയിലെ ഓപ്പണ്‍ റെസ്റ്റോറന്റില്‍ പൂള്‍ തീമില്‍ വരെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നു അനാമികയും അനിബറും.

വൈകുന്നേരങ്ങളില്‍ ഒരു പബ്ബിന്റെ രൂപത്തിലേക്ക് വാട്സാപ്പ് കഫെ മാറുന്നു. സംഗീതപ്രേമികള്‍ക്കായി പ്രത്യേക സംഗീത പരിപാടികള്‍ , പോപ്പ് മ്യൂസിക് എന്നിവ വൈകുന്നേരങ്ങളില്‍ ഇവിടെയെത്തിയാല്‍ ഭക്ഷണത്തോടൊപ്പം ആസ്വദിക്കാം.സ്ഥിരമായി ഇവിടെ പാടുന്ന ചില മ്യൂസിക് ബാന്‍ഡുകള്‍ ഉണ്ട്. അതിനാല്‍ സംഗീതം ആസ്വദിക്കാനായി ഇവിടെ എത്തുന്നവരും കുറവല്ല. കൊല്‍ക്കത്ത നഗരത്തിന്റെ രാത്രി ഭംഗി ആസ്വദിക്കാന്‍ കഴിയും എന്നതിനാല്‍ രാത്രികാലങ്ങളില്‍ വാട്സാപ്പ് കഫെയില്‍ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

എന്ത് ഭക്ഷണവും തയ്യാര്‍

കാഴ്ചയിലും അന്തരീക്ഷത്തിലും ഉള്ള വ്യത്യസ്തത നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും നിലനിര്‍ത്താന്‍ അനാമിക സെന്‍ ഗുപ്തയുടെയും ഭര്‍ത്താവ് അനിബര്‍ സെന്‍ ഗുപ്തയുടെയും ശ്രമിക്കുന്നുണ്ട്. അതിനാല്‍ തുടക്കം മുതല്‍ക്കേ ഒരു മള്‍ട്ടി കുസിന്‍ റെസ്റ്റോറന്റ് ആയാണ് വാട്സാപ്പ് കഫെ രൂപീകരിച്ചത്. ഇന്ത്യന്‍, ചൈനീസ്, തായ്, കോണ്ടിനെന്റല്‍ രീതിയിലുള്ള വെജിറ്റേറിയന്‍ , നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വാട്സാപ്പ് കഫെയില്‍ ലഭ്യമാണ്. രാജ്യത്തെ മികച്ച ഷെഫുമാരെ തന്നെ ഇതിനായി ഇവര്‍ നിയോഗിച്ചിരിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് ഷെഫുമാരുമായി സംസാരിച്ച് വിവരങ്ങള്‍ പങ്കു വച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.കയ്യില്‍ ഒതുങ്ങാവുന്ന വില മാത്രമേ ഇവിടുത്തെ ഭക്ഷണത്തിനു ഉള്ളൂ എന്നതാണ് മറ്റൊരു ഹൈലൈറ്റ്.വാട്‌സാപ്പ് നോണ്‍ വെജ് പിസയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.പ്രത്യേക സീസണില്‍ മാത്രം ലഭ്യമാകുന്ന പച്ചക്കറികളാണ് ഇതില്‍ ഉപയോഗിക്കുന്നത്.നല്‍കുന്ന ഭക്ഷണത്തില്‍ അതീവ വൃത്തി പാലിക്കാന്‍ വാട്‌സാപ്പ് കഫെ പ്രത്യേകം ശ്രമിക്കുന്നുണ്ട്.

പ്രവര്‍ത്തനം തുടങ്ങി വളരെ ചെറിയ സമയത്തിനുള്ളില്‍ ഫുഡ് ബ്ലോഗര്മാരുടെയും ഭക്ഷണ കൊതിയന്മാരുടെയും ഇഷ്ട സ്ഥലമായി വാട്‌സാപ്പ് കഫെ മാറിക്കഴിഞ്ഞു. വാട്സാപ്പ് കഫെയും വ്യത്യസ്തതകള്‍ കെട്ടും വായിച്ചതും അറിഞ്ഞു നിരവധി ആളുകള്‍ കൊല്‍ക്കത്തയിലേക്ക് എത്തുന്നുണ്ട് എന്ന് അനിബര്‍ പറയുന്നു. മാത്രമല്ല, കൊല്‍ക്കത്തയില്‍ എത്തുന്ന വിനോദ സഞ്ചാരികളും ഇപ്പോള്‍ ആക്ഷന്‍ തൊട്ട് എന്ന പോലെ ഇരുന്നു ബി ഭക്ഷണം കഴിക്കാവുന്ന വാട്സാപ്പ് കഫെ തേടിയെത്തുന്നു. നിക്ഷേപിച്ച തുകയുടെ നല്ലൊരു പങ്ക് ഈ ദമ്പതിമാര്‍ ഇതിനോടകം നേടിക്കഴിഞ്ഞു.

ഓരോ നിമിഷവും ആസ്വദിക്കുന്ന സംരംഭകത്വം

കപ്പിള്‍ പ്രണേഴ്സ് എന്ന ആശയത്തിന്റെ ഭാഗമായി ഓരോ നിമിഷവും ആസ്വദിച്ചനു തങ്ങള്‍ സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന് ഇരുവരും പറയുന്നു. ജീവിതത്തിലായാലും പ്രൊഫഷനില്‍ ആയാലും സ്വാത്യന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുക എന്നതാണ് അനാമികയുടെ പോളിസി. സ്വന്തം സ്ഥാപനം ആയതിനാല്‍ അതിന് സാധിക്കുന്നുണ്ട്. ഒപ്പം തന്റെ ആശയങ്ങള്‍ പരീക്ഷിക്കാനും സാധിക്കുന്നു. ഒരിക്കലും വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും തമ്മില്‍ തങ്ങള്‍ കൂട്ടിക്കുഴക്കാറില്ല എന്നതാണ് തങ്ങളുടെ വിജയരഹസ്യം എന്ന് ഇരുവരും പറയുന്നു.

വാട്സാപ്പ് കഫെയിലെ ഓരോ ചുമതലകളും രണ്ടുപേരും പങ്കിട്ടാണ് ചെയ്യുന്നത്. ഓപ്പറേഷനല്‍ കാര്യങ്ങള്‍ ഒരാള്‍ നോക്കുമ്പോള്‍ അഡ്മിനിസ്ട്രേഷന്‍ അടുത്തയാള്‍ നോക്കും. ഒരിക്കല്‍ പോലും ആശയകുഴപ്പമോ സംവാദമോ ബിസിനസ് കാര്യത്തില്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് അനിബര്‍ പറയുന്നു. അത് തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയ രഹസ്യവും. വ്യത്യസ്തമായ ആശയങ്ങളുമായി ബിസിനസില്‍ ഇനിയും മുന്നോട്ട് പോകണം എന്നാണ് ഇരുവരും ആഗ്രഹിക്കുന്നത്.മികച്ച ആശയം കയ്യില്‍ ഉണ്ടെങ്കില്‍ സംരംഭകത്വത്തില്‍ ഒരു കൈ നോക്കാന്‍ യാതൊരു മടിയും കാണിക്കരുത് എന്നാണ് ഇവരുടെ വശം. ഒരിക്കല്‍ നിക്ഷേപിച്ചാല്‍ വിജയം കാണാതെ തിരിച്ച് പോകരുത് എന്നും ഇവര്‍ സംരംഭകമോഹികളോടായി പറയുന്നു.

Comments

comments

Categories: Entrepreneurship