സുസുകി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

സുസുകി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ടൊയോട്ടയുടെ ബിഡദി പ്ലാന്റില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി : ടൊയോട്ടയുടെ ഇന്ത്യയിലെ പ്ലാന്റില്‍ സുസുകി ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്ത്യയില്‍ ഒരുമിച്ച് കാറുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിന് മാരുതി സുസുകിയും ടൊയോട്ടയും കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു ബിഡദിയിലെ ടൊയോട്ട പ്ലാന്റില്‍ സുസുകി നിക്ഷേപം നടത്തുന്നത്.

കരാര്‍ അനുസരിച്ച് റീബോഡി, റീബാഡ്ജ് ചെയ്യുന്നതിന് മാരുതിക്ക് ടൊയോട്ട കൊറോള വിട്ടുനല്‍കും. പകരമായി ടൊയോട്ടയ്ക്ക് ലഭിക്കുന്നത് വിറ്റാര ബ്രെസ്സയും ബലേനോയുമാണ്. ഈ കാറുകളുടെ റീബോഡി, റീബാഡ്ജ് പതിപ്പുകള്‍ അതാത് കമ്പനികള്‍ പുറത്തിറക്കും. ഭാവിയില്‍ ഇന്ത്യന്‍ വിപണിയിലേക്കായി ടൊയോട്ടയും മാരുതി സുസുകിയും ഒരുമിച്ച് പുതിയ കാറുകള്‍ വികസിപ്പിക്കും.

പ്രതിവര്‍ഷം ഒന്നര ലക്ഷം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് നിലവില്‍ ബിഡദി പ്ലാന്റിനുള്ളത്. ഫാക്റ്ററി ആധുനികവല്‍ക്കരിക്കുന്നതിനും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സുസുകി നിക്ഷേപം നടത്തുന്നതോടെ ഉല്‍പ്പാദനശേഷി കാര്യമായി വര്‍ധിക്കും. നിക്ഷേപം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും കാര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി മാരുതി സുസുകി ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച്ച ബിഡദി പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു. കര്‍ണ്ണാടകത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ബെംഗളൂരുവിലെ ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ തകയുകി കിതാഗവ പറഞ്ഞു.

സംയുക്ത സംരംഭമനുസരിച്ച് ബിഡദി ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന പുതിയ കാറുകള്‍ ഏത് കമ്പനിയുടെ ബാഡ്ജ് ധരിക്കുമെന്ന് വ്യക്തമല്ല. ചെറിയൊരു ശതമാനം കാറുകള്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളായി പുറത്തിറങ്ങും. മാരുതി സുസുകിയുടേതായി നിലവില്‍ ഇന്ത്യയില്‍ രണ്ട് ഫാക്റ്ററികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവ രണ്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ദക്ഷിണേന്ത്യയില്‍ ഫാക്റ്ററിയോ പ്രൊഡക്ഷന്‍ ഫസിലിറ്റിയോ വരുന്നതോടെ ഇവിടങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ കഴിയും.

Comments

comments

Categories: Auto
Tags: Suzuki