പുതിയ മോട്ടോര്‍ സ്‌പോര്‍ട്‌സ് ഫുട്‌വെയറുകളുമായി ഫില

പുതിയ മോട്ടോര്‍ സ്‌പോര്‍ട്‌സ് ഫുട്‌വെയറുകളുമായി ഫില

 

ബോളിവുഡ് താരം രണ്‍വിജയുമായി ചേര്‍ന്നാണ് കമ്പനി വിപണി പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്

ന്യൂഡെല്‍ഹി: ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ ഫില പുതിയ മോട്ടോര്‍സ്‌പോര്‍ട് ഫുട്‌വെയര്‍ കളക്ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബോളിവുഡ് യുവതാരം രണ്‍വിജയ് സിന്‍ഹയെ ബ്രാന്‍ഡിന്റെ മുഖമായി അവതരിപ്പിച്ചുകൊണ്ടാണ് രാജ്യമെമ്പാടും ഫിലയുടെ സ്‌പോര്‍ട്‌സ് ഫുട്‌വെയറുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഫില തങ്ങളുടെ ഉല്‍പന്നങ്ങളുടെ പ്രചാരണത്തിന് ഒരു ഇന്ത്യന്‍ താരവുമായി കരാറുണ്ടാക്കുന്നത്. ഫിലയുടെ രാജ്യാന്ത നിലവാരമാണ് ഇന്ത്യയില്‍ അവതിപ്പിച്ചിട്ടുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് ഫുട്‌വെയറുകളുടെ ആകര്‍ഷണം.

പരമാവധി ഗ്രിപ്പ് കിട്ടുന്നതിന് കാര്‍ബന്‍ റബ്ബര്‍ സോളാണ് അടിഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. കുഷ്യനിംഗ് ലഭിക്കുന്നതിന് ഉള്ളില്‍ മൃദുവായ ഫൈലോണ്‍ സോളും അകത്ത് ഫിലയുടെ സവിശേഷമായ ഇന്‍സോളും പുറത്ത് ഏറ്റവും മികച്ച പോളിയൂറിത്തിന്‍ ആവരണവും കണങ്കാല്‍ വരെ അത്‌ലറ്റിക് പാഡും ഉപയോഗിച്ചിരിക്കുന്ന ഫില മോട്ടോര്‍സ്‌പോര്‍ട്‌സ് ഫുട്‌വെയറുകള്‍ ഗുണനിലവാരവും അഴകും സുഖവും ഉറപ്പു നല്‍കുന്നുണ്ടെന്ന് രണ്‍വിജയ് സിന്‍ഹയും ക്രാവാടെക്‌സ് ബ്രാന്‍ഡ് ലിമിറ്റഡ് എം ഡി രോഹന്‍ ബത്രയും പറഞ്ഞു.

ഓഫീസുകളില്‍ പോലും ഉപയോഗിക്കുന്നത്രയും സ്‌പോര്‍ട്‌സ് ഫുട്‌വെയറുകള്‍ ജനപ്രിയമായിരിക്കുന്ന ഈ സമയത്ത് ഫിലയും രണ്‍വിജയും പുതിയ ഉല്‍പ്പന്നത്തിനായി കൈകോര്‍ക്കുന്നത് വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്ന് രോഹന്‍ ബത്ര പറഞ്ഞു. ഇന്ത്യന്‍ യുവത്വത്തിന്റെ അഭിരുചികള്‍ക്കനുസരിച്ച് രൂപകല്‍പന ചെയ്തിട്ടുള്ള ഫില മോട്ടോര്‍സ്‌പോര്‍ട്‌സ് ഫുട്‌വെയറുകള്‍ക്ക് 2899 രൂപ മുതലാണ് വില. ഇന്ത്യയിലെമ്പാടുമുള്ള സ്റ്റോറുകളിലും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ലഭ്യമാണ്.

Comments

comments

Categories: Business & Economy
Tags: Fila