ചോളം കൊണ്ട് വിഭവ സമൃദ്ധമായ ‘മില്ലറ്റ് മാമ’

ചോളം കൊണ്ട് വിഭവ സമൃദ്ധമായ ‘മില്ലറ്റ് മാമ’

 

കര്‍ണാടക ജനതയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ചോളം വേറിട്ട രുചിയിലൂടെ വൃത്യസ്ത വിഭവങ്ങളാക്കി അവതരിപ്പിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മില്ലറ്റ് മാമ എന്ന സംരംഭം

 

ഇന്ത്യയുടെ ഭക്ഷണരുചിയില്‍ ചോളത്തിന്റെ പ്രാധാന്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു കാലത്ത് കര്‍ണാടക ജനതയുടെ ദൈനദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ചോളം വേറിട്ട രുചിയിലൂടെ വൃത്യസ്ത വിഭവങ്ങളാക്കി ഒരു ഹോട്ടല്‍ തന്നെ ഒരുക്കിയിരിക്കുകയാണ് ഇരുപത്തിയാറുകാരനായ മാണ്ഡ്യ സ്വദേശി അഭിഷേക് ബി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മില്ലറ്റ് മാമയില്‍ ഇന്ന് പരമ്പരാഗത രുചി അറിയാന്‍ എത്തുന്നവരുടെ തിരക്ക് ഏറുകയാണ്. കര്‍ണാടകയുടെ തനത് രുചികളായ പുളിയോഗരെ, ബിസിബേല ബാത്ത് തുടങ്ങി ലഡ്ഡു വരെ എല്ലാ വിഭവങ്ങളും ഈ ഹോട്ടലില്‍ ചോളത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പരമ്പരാഗത വിഭവങ്ങള്‍ക്കും ധാന്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടു മാത്രമല്ല ഹോട്ടലിന് തുടക്കമിട്ടിരിക്കുന്നത്, മറിച്ച് താരതമ്യേന ജലലഭ്യത കുറവു മാത്രം ആവശ്യവുള്ള ചോള കൃഷി കര്‍ഷകര്‍ക്കിടയില്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ചിന്ത കൂടിയുണ്ട്. ഇതിനൊപ്പം തന്നെ ഹോട്ടലിന്റെ രൂപകല്‍പ്പനയിലുമുണ്ട് ഏറെ പ്രത്യേകത. ഇവിടെയുള്ള സ്പൂണ്‍ മുതല്‍ ഫര്‍ണിച്ചറുകള്‍ വരെ ഓരോന്നും സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങളോ അപ്‌സൈക്കിള്‍ഡ് ഉല്‍പ്പന്നങ്ങളോ ആണ്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് സിവില്‍ എന്‍ജിനീയറില്‍ നിന്നും സംരംഭക രംഗത്തേക്കുള്ള അഭിഷേകിന്റെ ചുവടുമാറ്റം.

ചോളം കൃഷിയില്‍ നിന്നും പിന്തിരിഞ്ഞു പോയ കര്‍ഷകരെ മടക്കിക്കൊണ്ടു വരാനുള്ള മികച്ച മാര്‍ഗം കൂടിയാണ് മില്ലറ്റ് മാമ. കര്‍ണാടകയില്‍ ജലലഭ്യത കുറയുകയും കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ജലം വളരെ കുറവ് മാത്രം ആവശ്യമുള്ള കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നത് കര്‍ഷകര്‍ ഏറെ പ്രയോജനം ചെയ്യും

വേറിട്ട ശൈലിയും രുചിയും

ആധുനിക തലമുറയ്ക്ക് ചോളത്തില്‍ അടങ്ങിയ പോഷകാംശത്തെ കുറിച്ച് വലിയ ഗ്രാഹ്യമില്ലെങ്കിലും പാശ്ചാത്യ രുചിയേക്കാള്‍ പരമ്പരാഗത ഭക്ഷണങ്ങള്‍ക്ക് ഗുണമേന്‍മ കൂടുതലാണെന്ന ബോധമുള്ളവരാണ്. വേറിട്ട ശൈലിയും രുചിയും കൊണ്ടാണ് ബസവനഗുഡിയിലെ മില്ലറ്റ് മാമ യുവതലമുറയ്ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. പാശ്ചാത്യ രുചിയുടെ അംശം പോലുമില്ലാതെ എല്ലാ വിഭവങ്ങളും തനത് നാടന്‍ ശൈലിയിലാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. ഇഡലി, ദോശ, ബിസിബേലാ ബാത്ത്, പുളിയോഗരെ എന്നിവയെല്ലാം ചോളത്തില്‍ തയാറാക്കിയിരിക്കുന്നു. വ്യത്യസ്ത രുചികളുടെ പരീക്ഷണമാണ് മില്ലറ്റ് മാമയിലെ ഓരോ വിഭവവും. മാത്രവുമല്ല ചോളം പോലെയുള്ള ധാന്യങ്ങളുടെ കലവറ പരിചയപ്പെടാനുള്ള ഒരു അവസരം കൂടിയാണ് ഇവിടേക്കുള്ള വരവ്.

പരമ്പരാഗത ചോളം കൃഷിയില്‍ നിന്നും പിന്തിരിഞ്ഞു പോയ കര്‍ഷകരെ മടക്കിക്കൊണ്ടു വരാനുള്ള മികച്ച മാര്‍ഗം കൂടിയാണ് മില്ലറ്റ് മാമ. കര്‍ണാടകയില്‍ ജലലഭ്യത കുറയുകയും കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ജലം വളരെ കുറവ് മാത്രം ആവശ്യമുള്ള കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നത് കര്‍ഷകര്‍ ഏറെ പ്രയോജനം ചെയ്യും.

സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ തീര്‍ത്ത ഹോട്ടല്‍

പാരമ്പര്യ രുചിയാണ് മില്ലറ്റ് മാമയിലെ ഹൈലൈറ്റ് എങ്കിലും ഹോട്ടലിന്റെ രൂപകല്‍പ്പനയിലുമുണ്ട് ഏറെ പ്രത്യേകതകള്‍. ഹോട്ടലിലെ ഫര്‍ണിച്ചര്‍ മുതല്‍ സ്പൂണ്‍ വരെയുള്ള ഓരോ ഉല്‍പ്പന്നങ്ങളും സെക്കന്‍ഡ് ഹാന്‍ഡ്, അപ്‌സൈക്കിള്‍ഡ് ഉല്‍പ്പന്നങ്ങളാണ്. ഇതില്‍ ഏറിയ പങ്കും പരിചയക്കാരുടേയും സുഹൃത്തുക്കളുടേയും സംഭാവനയാണെന്നതും ശ്രദ്ധേയമാണ്. പഴക്കടകളില്‍ നിന്നും വലിച്ചെറിയപ്പെട്ട തടിക്കഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് ഹോട്ടലിലെ ബുക്ക് ഷെല്‍ഫ് ഒരുക്കിയിരിക്കുന്നത്. തുംകൂറിലെ ഏതാനും കരകൗശല വിദഗ്ധര്‍ ഒരുക്കിയ മുളയില്‍ തീര്‍ത്ത ബാസ്‌ക്കറ്റുകള്‍ ഹോട്ടലില്‍ ലാംപ് ഷെയ്ഡുകളാക്കി മാറ്റിയിരിക്കുന്നു. ഇതിനെല്ലാം ഈ യുവ സംരംഭകന്‍ കടപ്പെട്ടിരിക്കുന്നത് മെറ്റമോര്‍ഫോനിക്‌സിലെ ശ്രീമയി റാവുവിനോടാണ്. റെസ്‌റ്റൊറന്റ് ഇന്നത്തെ രീതിയില്‍ അലങ്കരിക്കുന്നതിന് നേതൃത്വം നല്‍കിയത് ശ്രീമയിയാണ്. സംഭാവന കിട്ടിയ പാത്രങ്ങള്‍ കൂടാതെയുള്ള അദമ്യ ചേതന എന്ന പേരിലുള്ള എന്‍ജിഒ സംഘടനയില്‍ നിന്നും റീഫണ്ടബിള്‍ ഡെപ്പോസിറ്റില്‍ വാങ്ങിയവയാണെന്നും അഭിഷക് പറയുന്നു.

വീട്ടമ്മമാര്‍ക്ക് മികച്ച തൊഴിലവസരം

ഏഴു മാസം മുമ്പ് തുടങ്ങിയ മില്ലറ്റ് മാമയിലേക്ക് അഭിഷേകിന്റെ അമ്മയും ചേക്കേറിയതോടെ പ്രദേശവാസികളായ വീട്ടമ്മമാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സംരംഭത്തിലൂടെ ലഭിക്കാനും ഇടയായി. ചോളം കൊണ്ടുള്ള വിവിധ തരം വിഭവങ്ങള്‍ സ്ത്രീകള്‍ക്ക് പരിചയപ്പെടുത്താനുള്ള ഇടം കൂടിയാണ് ഇന്ന് ഈ സംരംഭം. ” ഒരു ഹോട്ടല്‍ എന്നതിനപ്പുറം യുവതലമുറയുടെ ചിന്തകള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരിടം കൂടിയാക്കാനാണ് എനിക്കിഷ്ടം, ” അഭിഷേക് പറയുന്നു. വരും മാസങ്ങളില്‍ ചോളം, മറ്റു ധാന്യങ്ങള്‍ എന്നിവയുടെ ആരോഗ്യ ഗുണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചര്‍ച്ചകളും യോഗങ്ങളും മാസത്തില്‍ രണ്ടു തവണ നടത്താനും മില്ലറ്റ് മാമ പദ്ധതിയിടുന്നുണ്ട്.

 

Comments

comments

Categories: Entrepreneurship, Slider
Tags: Maize