വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയ പാചകവാതക ഗ്രിഡുമായി ബന്ധിപ്പിക്കും

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയ പാചകവാതക ഗ്രിഡുമായി ബന്ധിപ്പിക്കും

ബറൗനി മുതല്‍ ഗുവഹാത്തി വരെ 700 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് 4,500 കോടി രൂപ ചെലവ് കണക്കാക്കുന്നു

 

ഗുവഹാത്തി: ഗുവഹാത്തിയുള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ് (ഒഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഉത്പല്‍ ബോറ. ബിഹാറിലെ ബറൗനിയില്‍ നിന്ന് അസമിനെയും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബറൗനിയില്‍ നിന്നുള്ള പൈപ്പ്‌ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ബോറ പറഞ്ഞു. ഗുവഹാത്തിയില്‍ നിന്നുള്ള ഒരു ഗ്യാസ് പൈപ്പ്‌ലൈന്‍ വഴി എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളെ ബന്ധിപ്പിക്കാന്‍ ഒഐഎല്‍, നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് (എന്‍ആര്‍എല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഗെയ്ല്‍ തുടങ്ങിയ കമ്പനികള്‍ ചേര്‍ന്ന് ഒരു സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ബറൗനി മുതല്‍ ഗുവഹാത്തി വരെ 700 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് 4,500 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. 1,500 കിലോമീറ്ററില്‍ നിര്‍മിക്കുന്ന വടക്കു കിഴക്കന്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിക്ക് 6,000 കോടി രൂപ ചെലവ് വരും,” ബോറ വ്യക്തമാക്കി. ഗുവഹാത്തി മെട്രോ ഏരിയയിലെ ഭവനങ്ങള്‍ക്ക് വേഗം തന്നെ പൈപ്പിലൂടെ പാചകവാതകം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു വേണ്ടിയുള്ള ബിഡിംഗ് അടുത്തിടെ നടന്നിരുന്നു. പൈപ്പ്ഡ് ഗ്യാസ് വിതരണത്തോടൊപ്പം തന്നെ സിഎന്‍ജി സ്റ്റേഷനുകളും ഗുവഹാത്തിയില്‍ സ്ഥാപിക്കാന്‍ ഒഐഎല്‍ പദ്ധതിയിടുന്നുണ്ട്. പ്രദേശത്ത് മലിനീകരണം കുറക്കാന്‍ ഇത് സഹായിക്കും.

Comments

comments

Categories: Business & Economy
Tags: LPG