തൊഴിലില്ലായ്മയും നികത്തപ്പെടാത്ത തൊഴിലവസരങ്ങളും

തൊഴിലില്ലായ്മയും നികത്തപ്പെടാത്ത തൊഴിലവസരങ്ങളും

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത വളര്‍ച്ചയാണ് രാജ്യത്തിന്റേതെന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയരുമ്പോഴും 24 ലക്ഷത്തോളം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്നതും ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്

ലോകത്ത് അതിവേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പറയുമ്പോഴും വളര്‍ച്ചയ്ക്ക് ആനുപാതികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്ല എന്നത് വ്യാപകമായി ഉന്നയിക്കപ്പെടുന്ന വിമര്‍ശനമാണ്. തൊഴിലില്ലായ്മയുടെ പേരില്‍ പല തരത്തിലുള്ള പ്രക്ഷോഭങ്ങളും രാജ്യത്ത് അടിക്കിടെ ഉണ്ടാകുന്നുമുണ്ട്. സംവരണമാണ് അതില്‍ പ്രധാന വിഷയമായി വരുന്നത്. ഏറ്റവും ഒടുവിലത്തേതാണ് മറാത്താ സംവരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലുണ്ടായ പ്രശ്‌നങ്ങള്‍.

സംവരണംകൊണ്ട് മാത്രം തൊഴിലില്ലായ്മയെന്ന പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നാണ് ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. ഒരര്‍ത്ഥത്തില്‍ ഇത് ശരിയുമാണ്. കാരണം അതിവേഗത്തില്‍ ലോകം മാറുമ്പോള്‍ പുതിയ സങ്കേതങ്ങള്‍ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ആ തൊഴിലുകള്‍ ചെയ്യാന്‍ അഭ്യസ്തവിദ്യരെ പ്രാപ്തരാക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. അല്ലാതെ ഇനിയും പഴയശൈലികള്‍ മാത്രം വെച്ച് പുലര്‍ത്തിയാല്‍ കാലത്തിന് അനുസരിച്ച് നമുക്ക് മുന്നേറാന്‍ സാധിച്ചെന്നുവരില്ല.

മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങി നിരവധി പദ്ധതികള്‍ വലിയ ബ്രാന്‍ഡിംഗോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തു നടപ്പാക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും വിചാരിച്ചതുപോലെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നാണ് വിമര്‍ശനങ്ങള്‍. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയമായിരുന്നു നാല് വര്‍ഷം മുമ്പ് നരേന്ദ്ര മോദി നേടിയത്. സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്താല്‍ പരിഷ്‌കരണനയങ്ങളില്‍ നിന്ന് പിന്നോക്കം പോകുന്ന നടപടികള്‍ അതുകൊണ്ടുതന്നെ നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്നും ഉണ്ടാകില്ലെന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു ബിസിനസ് ലോകം. തൊഴിലുകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ രാജ്യത്തെ യുവജനതയ്ക്ക് മോദിയില്‍ വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. ഈ മേഖലയില്‍ കൂടുതല്‍ മികവ് നേടണമെങ്കില്‍ ഫ്യൂച്ചറിസ്റ്റിക്കായി പദ്ധതികള്‍ അവതരിപ്പിക്കാന്‍ സാധിക്കണം.

കൃത്രിമബുദ്ധി പോലുള്ള സങ്കേതങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിക്കപ്പെടുമ്പോള്‍ അതനുസരിച്ചുള്ള തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. എന്നാല്‍ നമ്മുടെ തൊഴില്‍ ശക്തി ആ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രാപ്തമാണോയെന്നത് വലിയ ചോദ്യമാണ്. പുതിയ രീതിയിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ പുതിയ വൈദഗ്ധ്യമാണ് ആര്‍ജ്ജിക്കേണ്ടത്. ഇത് മുന്‍കൂട്ടിക്കണ്ടുള്ള തൊഴിലധിഷ്ഠിത പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ മാത്രമേ തൊഴിലില്ലായ്മയെന്ന വലിയ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ പോലും നമുക്ക് സാധിക്കൂ. വേണ്ടത് വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള സംവിധാനങ്ങളില്‍ സമൂല പൊളിച്ചെഴുത്താണ്.

സ്‌കില്‍ ഇന്ത്യ പോലുള്ള പദ്ധതികളുടെ ഫലവത്തായ വ്യാപനവും അനിവാര്യമാണ്. സമഗ്രമായ തൊഴില്‍ നയം രൂപീകരിക്കേണ്ടത് പുതിയ നൈപുണ്യങ്ങളുടെ അടിത്തറയിലായിരിക്കണം. 10 വര്‍ഷത്തിനുള്ളില്‍ പുതിയ സാങ്കേതികവിദ്യകള്‍ക്ക് ഏതെല്ലാം മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്നത് മുന്‍കൂട്ടിക്കണ്ടുവേണം നൈപുണ്യ വികസന പദ്ധതികളും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളും ആസൂത്രണം ചെയ്യാന്‍.

ഇതിനോടൊപ്പം തന്നെ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ട പ്രധാന കാര്യം നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകളില്‍ നിയമനം നടത്തുകയെന്നതാണ്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ വിവിധ വകുപ്പുകളിലായി ഏകദേശം 24 ലക്ഷം ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. ഇതില്‍ ടീച്ചര്‍മാരുടെ ഒഴിവുകള്‍ തന്നെ പത്ത് ലക്ഷത്തിനടുത്ത് വരും. റെയ്ല്‍വേ, ആരോഗ്യം, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ മേഖലകളിലും നിരവധി ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. യഥാസമയങ്ങളില്‍ ഇവിടങ്ങളില്‍ നിയമനം നടത്തുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider