ഹോണ്ട ആഫ്രിക്ക ട്വിന്‍ അശ്വമേധം തുടരുന്നു

ഹോണ്ട ആഫ്രിക്ക ട്വിന്‍ അശ്വമേധം തുടരുന്നു

ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത് നൂറിലധികം യൂണിറ്റ് ഹോണ്ട ആഫ്രിക്ക ട്വിന്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത് നൂറിലധികം യൂണിറ്റ് ഹോണ്ട ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിള്‍. ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മോട്ടോര്‍സൈക്കിളുകളാണ് വിപണിയില്‍ കുതിപ്പ് തുടരുന്നത്. 2017 ല്‍ വിപണിയില്‍ അവതരിപ്പിച്ച അന്നുമുതല്‍ ഇന്ത്യയിലെ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ മാന്യമായ വില്‍പ്പന കൈവരിക്കാന്‍ ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന് കഴിയുന്നുണ്ട്. സാഹസികത തേടുന്നവര്‍ എപ്പോഴും ആഫ്രിക്ക ട്വിന്‍ അന്വേഷിക്കുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മിനോരു കാത്തോ പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ 2018 മോഡല്‍ ആഫ്രിക്ക ട്വിന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂണില്‍ പുതിയ ആഫ്രിക്ക ട്വിന്‍ വിപണിയിലെത്തിച്ചു. ത്രോട്ടില്‍-ബൈ-വയര്‍, മൂന്ന് റൈഡിംഗ് മോഡുകള്‍, 7 സ്‌റ്റെപ്പ് സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (മുന്‍ഗാമിയില്‍ 3 സ്റ്റെപ്പ് എച്ച്എസ്ടിസി) എന്നിവയാണ് പുതിയ ഫീച്ചറുകളായി നല്‍കിയത്. മെക്കാനിക്കല്‍ കാര്യങ്ങളിലും മാറ്റം വരുത്തി. ഭാരം കുറഞ്ഞ ബാലന്‍സര്‍ ഷാഫ്റ്റ്, സിലിണ്ടര്‍ ഹെഡില്‍ തെര്‍മോസ്റ്റാറ്റ്, പുതിയതും ഭാരം കുറഞ്ഞതുമായ ലിഥിയം-അയണ്‍ ബാറ്ററി, സെല്‍ഫ്-കാന്‍സല്‍ ഇന്‍ഡിക്കേറ്ററുകള്‍, റീഡിസൈന്‍ ചെയ്ത ഫൂട്ട്‌പെഗുകള്‍ എന്നിവയാണ് മാറ്റങ്ങള്‍. എന്‍ജിന്‍ പരിഷ്‌കാരങ്ങളും വരുത്തി. പുതിയ എയര്‍ബോക്‌സ് നല്‍കുകയും എക്‌സ്‌ഹോസ്റ്റ് പണികള്‍ നടത്തുകയും ചെയ്തതോടെ എക്‌സ്‌ഹോസ്റ്റ് നോട്ട് ആകര്‍ഷകമായി.

നിലവിലെ അതേ 998 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ ഉപയോഗിക്കുന്നത്. എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 93.1 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. മാന്വല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്ല. 13.23 ലക്ഷം രൂപയാണ് 2018 ഹോണ്ട ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ജിപി റെഡ് എന്ന ഒരേയൊരു നിറത്തില്‍ മാത്രമേ ലഭിക്കൂ. ആഫ്രിക്ക ട്വിന്‍ ഉപയോക്താക്കള്‍ക്കായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വാര്‍ഷിക റൈഡ് സംഘടിപ്പിച്ചിരുന്നു.

Comments

comments

Categories: Auto