വ്യാജവാര്‍ത്ത: സാമൂഹ്യ മാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്തത് 700 ലിങ്കുകള്‍

വ്യാജവാര്‍ത്ത: സാമൂഹ്യ മാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്തത് 700 ലിങ്കുകള്‍

ഫേസ്ബുക്ക് 99 യുആര്‍എല്ലുകളും ട്വിറ്റര്‍ 88 ഉം യുട്യൂബ് 57 ലിങ്കുകളും ഒഴിവാക്കി; വ്യാജ വാര്‍ത്തയും അഭ്യൂഹങ്ങളും വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍

 

ന്യൂഡെല്‍ഹി: ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഈ വര്‍ഷം ബ്ലോക്ക് ചെയ്തത് വ്യാജ വാര്‍ത്ത ഉള്‍ക്കൊള്ളുന്ന 700 ഓളം യുആര്‍എല്ലുകള്‍. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ ഫേസ്ബുക്ക് ഇത്തരത്തിലുള്ള 99 യുആര്‍എല്ലുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ 88 ലിങ്കുകളും, യുട്യൂബ് 57 ലിങ്കുകളും, ഇന്‍സ്റ്റഗ്രാം 25 ലിങ്കുകളും തംബ്ലര്‍ 28 ലിങ്കുകളും ബ്ലോക്ക് ചെയ്തു. രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ വാര്‍ത്തയും അഭ്യൂഹങ്ങളും വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സാങ്കേതികപരിഹാരം കണ്ടെത്തുന്നതിന് ഈ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ സാമൂഹ്യ മാധ്യമ കമ്പനികള്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കേണ്ടതുണ്ട്. എന്താണ് വ്യാജ വാര്‍ത്ത എന്നത് സംബന്ധിച്ച് സമവായമുണ്ടാക്കേണ്ടതുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

ലോകത്തെ ഉയര്‍ന്നു വരുന്ന ഡിജിറ്റല്‍ ശക്തി എന്ന നിലയില്‍ ഇന്ത്യക്ക് ഈ കമ്പനികളോട് മതിപ്പുണ്ടെന്നും, ഇവിടെ അവര്‍ക്ക് സ്വതന്ത്രമായി ബിസിനസ് ചെയ്യാമെന്നും ഐടി മന്ത്രി പറഞ്ഞു. എന്നാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാന്‍ സാങ്കേതികമായ പരിഹാരങ്ങള്‍ ഈ കമ്പനികള്‍ കണ്ടെത്തേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. കമ്പനികള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും തെറ്റായ കാര്യങ്ങളുടെ പ്രചാരകര്‍ എന്ന നിലയില്‍ അവര്‍ വിലയിരുത്തപ്പെടുമെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. പ്രശ്‌നത്തിന് പരിഹാരം കണ്ടാന്‍ റോക്കറ്റ് സയന്‍സിന്റെയൊന്നും ആവശ്യമില്ലെന്നും സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ കമ്പനികള്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നത് പ്രായോഗികമായ ഒരു മാര്‍ഗമായി പ്രസാദ് ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കെല്‍പ്പുള്ളതാണെന്നും ഭരണപരവും സാങ്കേതികവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും ഐടി മന്ത്രി വ്യക്തമാക്കി.

Comments

comments

Categories: Tech
Tags: social media