ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു

പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് അസം, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: ഭീം യുപിഐ, റുപേ കാര്‍ഡ് എന്നീ മാര്‍ഗങ്ങളിലൂടെ പണമിടപാട് നടത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മൊത്തം ജിഎസ്ടി തുകയുടെ 20 ശതമാനം കാഷ്ബാക്ക് ഓഫര്‍ നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പരമാവധി 100 രൂപ വരെയാണ് ഇത്തരത്തില്‍ കാഷ് ബാക്ക് ഓഫറായി ലഭിക്കുക. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ഇടപാടുകള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പ് എങ്ങനെയായിരിക്കണമെന്നത് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങളെ ആശ്രയിച്ചാണെന്നും ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭീം യുപിഐ, റുപേ കാര്‍ഡ് ഇടപാടുകളുടെ ജിഎസ്ടിയില്‍ 20 ശതമാനം ഉപയോക്താവിന് തിരിച്ചുനല്‍കുന്നതിനുവേണ്ട സജ്ജീകരണങ്ങള്‍ നടത്തുന്നതിനും ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനും കുറച്ച് സമയമെടുക്കും. സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് അസം, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ജിഎസ്ടി വരുമാനത്തില്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്താനാകുമെന്നും പിയുഷ് ഗോയല്‍ വ്യക്തമാക്കി.

കറന്‍സിരഹിത ഇടപാടുകള്‍ക്ക് ഈടാക്കുന്ന നികുതി തിരികെ നല്‍കുന്നതു മൂലം പ്രതിവര്‍ഷം 1,000 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. എംഎസ്എംഇ മേഖലയ്ക്കുവേണ്ടി ജിഎസ്ടി സംവിധാനം എങ്ങനെ ലളിതമാക്കാനാകും എന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജിഎസ്ടിക്കുകീഴില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല അധ്യക്ഷനായ സമിതിയില്‍ സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍, അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ എന്നിവരും അംഗങ്ങളാണ്.
നിരക്കിളവുകളുടെ ഫലമായി ജിഎസ്ടി വരുമാനത്തില്‍ നിലവില്‍ 40,000 കോടി രൂപയിലധികം വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവ് നേരിടുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതുകൊണ്ട്, ജിഎസ്ടിക്കുകീഴില്‍ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് റിസര്‍വ് ബാങ്കിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു.

ജൂലൈ 21ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 88ഓളം ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് വെട്ടിക്കുറച്ചിരുന്നു. ആ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഒരു സംസ്ഥാന പ്രതിനിധി ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ സിമെന്റിന്റെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് പിയുഷ് ഗോയലിനെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു നീക്കം ജിഎസ്ടി വരുമാനത്തില്‍ പ്രതിവര്‍ഷം 15,000-20,000 കോടി രൂപയുടെ നഷ്ടം വരുത്തുമെന്നാണ് കേന്ദ്രം കരുതുന്നത്.

Comments

comments

Categories: Business & Economy