മുംബൈ തെരുവുകള്‍ നിറമണിയുന്നു

മുംബൈ തെരുവുകള്‍ നിറമണിയുന്നു

മുംബൈ: മുംബൈ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ദരിദ്രര്‍ തിങ്ങിനിറഞ്ഞ തെരുവുകള്‍ മനസിലേക്ക് കടന്നുവരും. സൂചികുത്താന്‍ ഇടമില്ലാതെ വീടുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന കുറെ ജനങ്ങള്‍. മാലിന്യം നിറഞ്ഞ തോടുകളും വൃത്തിയില്ലാത്ത റോഡുകളും രോഗങ്ങള്‍ പടര്‍ന്നുപിടിച്ച് അവശരായ കുട്ടികളും എല്ലാം കൂടി ഇന്ത്യയുടെ ഒരു നെഗറ്റീവ് മുഖമാണ് മുംബൈ തെരുവുകള്‍. മുംബൈ തെരുവ് പശ്ചാത്തലമാക്കിയുള്ള സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയില്‍ തെരുവുകളെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളെ കുറിച്ചും ഒരു കാഴ്ചപ്പാട് തന്നെ ഉണ്ടാക്കി.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഇപ്പോള്‍ മുംബൈ തെരുവുകള്‍ മുഖം മിനുക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. വീടുകള്‍ക്കെല്ലാം പല നിറങ്ങള്‍ പൂശി തെരുവുകള്‍ക്ക് മോടി കൂട്ടാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. മാത്രവുമല്ല, മാലിന്യ നിര്‍മാര്‍ജനവും പാതകളും മറ്റ് പ്രദേശങ്ങളും വൃത്തിയാക്കലും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. തെരുവ് എന്നുപറയുമ്പോള്‍ തന്നെ മനസ്സിലേക്ക് ഭംഗിയുള്ള ചിത്രം കടന്നുവരാനുള്ള ശ്രമത്തിലാണ് ഇവര്‍.

മുംബൈ നഗരത്തിലെ കലാകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ റൂബിള്‍ നാഗിയുടെ നേതൃത്വത്തിലാണ് തെരുവുകളുടെ മുഖം മാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുംബൈയിലെയും താനെയിലെയും 13 ഓളം തെരുവുകള്‍ ഇത്തരത്തില്‍ നിറമണിഞ്ഞു കഴിഞ്ഞു. ധോബി ഗാട്ട്, അംബേദ്കര്‍ നഗര്‍, കാമാത്തിപുര തുടങ്ങിയ തെരുവുകള്‍ ഇന്ന് ഭംഗിയുള്ളതായി മാറി.

മിസാല്‍ മുംബൈ എന്നു പേരിട്ടിരിക്കുന്ന ദൗത്യം ജനുവരിയിലാണ് ആരംഭിച്ചത്. ഇതുവരെ 24,000 വീടുകള്‍ക്ക് നിറം പൂശിക്കഴിഞ്ഞു. മതിലുകളിലും മറ്റിടങ്ങളിലും പല ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയ നാഗിയുടെ ടീം തെരുവുകള്‍ക്ക് മുമ്പുണ്ടായിരുന്ന മോശം ചിത്രം തന്നെ മായ്ച്ചു കളഞ്ഞു. വിനോദസഞ്ചാരികളെ വരെ ആകര്‍ഷിക്കുന്ന തരത്തിലാണ് നാഗിയുടെ പ്രവര്‍ത്തനം.

തെരവുകള്‍ വൃത്തിയാക്കി അവിടെ മാലിന്യ നിര്‍മാര്‍ജനം നടത്തുകയും നാഗിയുടെ ഗ്രൂപ്പ് ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മെഡിക്കല്‍ ക്യാംപുകളും നാഗിയുടെ എന്‍ജിഒ നടത്തുന്നുണ്ട്.

തന്റെ പ്രവര്‍ത്തനങ്ങള്‍ ഛത്തീസ്ഗണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാഗിയും സംഘവും.

Comments

comments

Categories: FK News, Life, Motivation