ക്ലൗഡ് കംപ്യൂട്ടിംഗ് നയം; വിവരശേഖരണം ഇന്ത്യയില്‍ വേണമെന്ന് ഉന്നതതല സമിതി

ക്ലൗഡ് കംപ്യൂട്ടിംഗ് നയം; വിവരശേഖരണം ഇന്ത്യയില്‍ വേണമെന്ന് ഉന്നതതല സമിതി

ആവശ്യമുള്ളപ്പോള്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കും മറ്റ് സര്‍ക്കാര്‍ അന്വേഷണ സംവിധാനങ്ങള്‍ക്കും ഡാറ്റ ലഭ്യമായിരിക്കണം; ആഗോള സാങ്കേതിക വിദ്യാ ഭീമന്‍മാരായ ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയായേക്കും

 

ന്യൂഡെല്‍ഹി: രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന ഇന്റര്‍നെറ്റ് ഡേറ്റയുടെ ശേഖരണം നിര്‍ബന്ധമായും ഇന്ത്യയില്‍ തന്നെ വേണമെന്ന് വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ക്ലൗഡ് കംപ്യൂട്ടിംഗ് നയത്തിന്റെ കരട് തയാറാക്കാന്‍ ചുമതലപ്പെട്ട ഉന്നത സാങ്കേതിക സമിതിയാണ് ഡാറ്റ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കി ഇത്തരത്തിലുള്ള ശുപാര്‍ശ നല്‍കിയത്. ആവശ്യമുള്ളപ്പോള്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കും മറ്റ് സര്‍ക്കാര്‍ അന്വേഷണ സംവിധാനങ്ങള്‍ക്കും ഈ ഡാറ്റ ലഭ്യമായിരിക്കണമെന്നും ശുപാര്‍ശയുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നയിക്കുന്ന പാനലാണ് ക്ലൗഡ് കംപ്യൂട്ടിംഗ് സംബന്ധിച്ച നയത്തിന്റെ കരടിലേക്ക് ആവശ്യമായ ശുപാര്‍ശകള്‍ തയാറാക്കിക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ 15 ഓടെ ശുപാര്‍ശകള്‍ ഐടി മന്ത്രാലയത്തിന് സമര്‍പ്പിക്കാനാണ് തീരുമാനമെന്ന് ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനം ഡാറ്റ ശേഖരണം സംബന്ധിച്ച കരട് നയം സര്‍ക്കാര്‍ പുറത്തു വിട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്.

ഡാറ്റാ സുരക്ഷയെയും ഉടമസ്ഥാവകാശത്തെയും കുറിച്ച് ലോകമെങ്ങും ആശങ്ക ഉയരുകയും ദേശസുരക്ഷ സംബന്ധിച്ച കാരണങ്ങളാല്‍ ക്ലൗഡ് കംപ്യൂട്ടിംഗ് തദ്ദേശീയമാക്കാനുള്ള തീരുമാനം വിവിധ രാജ്യങ്ങള്‍ കൈക്കൊള്ളുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഇന്ത്യയും ഇതിനായുള്ള നീക്കം ശക്തമാക്കിയത്. യൂറോപ്യന്‍ യൂണിയനും ചൈനയുമാണ് ഏറ്റവുമൊടുവില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് നയം കൊണ്ടു വന്നത്. ചൈന നയം കര്‍ശനമാക്കിയതോടെ ചൈനയിലെ ഉപഭോക്താക്കളുടെ ഡാറ്റ, സംഭരണത്തിനായി പ്രാദേശിക കമ്പനികള്‍ക്ക് കൈമാറേണ്ടി വന്നിരുന്നു. യുഎസ് കമ്പനിയായ ആമസോണിന് ചൈനയിലെ ഡാറ്റ സെന്ററുകള്‍ വില്‍ക്കേണ്ടിയും വന്നു. സമാനമായ സ്ഥിതി തന്നെയാണ് പ്രമുഖ വിദേശ കമ്പനികളെ ഇന്ത്യയിലും കാത്തിരിക്കുന്നതെന്നാണ് സൂചന.

 

ക്രിസ് ഗോപാലകൃഷ്ണന്‍ സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ഇന്ത്യയിലെ ബിസിനസുകള്‍ക്ക് സേവനം നല്‍കുന്ന ആഗോള സാങ്കേതിക വിദ്യാ ഭീമന്‍മാരായ ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയേല്‍ക്കും. ഇന്ത്യയിലെ ഡാറ്റ വിദേശത്തെ തങ്ങളുടെ സെര്‍വറുകളിലേക്കയച്ച് ശേഖരിക്കാന്‍ ഇതോടെ ഇവര്‍ക്കാവില്ല. വന്‍ തുക ചെലവിട്ട് ഇന്ത്യയില്‍ മതിയായ സെര്‍വറുകള്‍ തുടങ്ങുക മാത്രമാവും പോംവഴി. ഇതോടെ ബിസിനസ് നഷ്ടത്തിലാകുമെന്നും യുഎസ് കമ്പനികള്‍ ആശങ്കപ്പെടുന്നു.

 

ഇന്ത്യയിലെ ക്ലൗഡ് വിപണി 2022 ആകുമ്പോഴേക്കും ഇരട്ടിയിലധികം വളര്‍ന്ന് ഏഴ് ബില്യണ്‍ ഡോളറിലെത്തുമെന്ന് കരട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2018 ല്‍ ഡാറ്റ സെന്റര്‍ അടിസ്ഥാന സൗകര്യത്തിനുള്ള ചെലവിടല്‍ 10 ശതമാനം വളര്‍ന്ന് 3.6 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ. പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ തങ്ങളുടെ എഡബ്ല്യൂഎസ് ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ആമസോണിന്റെ വാദം. ആമസോണ്‍, ഐബിഎം, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഒറാക്കിള്‍, സെയില്‍സ്‌ഫോഴ്‌സ് എന്നിവയെല്ലാം ഉദ്യമത്തിന്റെ ഭാഗമാകുമെന്നാണ് പാനല്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.

ഒരു ‘ദേശീയ ക്ലൗഡ് തന്ത്രം’ രൂപീകരിക്കണമെന്നാണ് ക്രിസ് ഗോപാലകൃഷ്ണന്‍ സമിതി നല്‍കിയിരിക്കുന്ന മറ്റൊരു ശുപാര്‍ശ. എല്ലാ ക്ലൗഡ് സേവന ദാതാക്കളെയും ഒരു നിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും. രാജ്യത്തെ 20 നഗരങ്ങള്‍ വമ്പന്‍ ഡാറ്റാ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്നും പാനല്‍ കണ്ടെത്തി. നിലവില്‍ അഞ്ച് നഗരങ്ങളിലാണ് വിവര ശേഖരണം നടക്കുന്നത്. ക്ലൗഡ് സേവന ദാതാക്കള്‍ ഇന്ത്യയില്‍ നേരിടുന്ന ഉയര്‍ന്ന വൈദ്യുതി നിരക്കും അനുമതി ലഭിക്കാനുള്ള താമസവും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. മതിയായ നികുതി ഇളവുകള്‍ മേഖലക്ക് നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

വന്‍ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട ഫേസ്ബുക്ക്-കേബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ ചോര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് വിവര ശേഖരണം തദ്ദേശീയമാക്കി കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ വേഗം കൂട്ടിയിരുന്നത്. പ്രദേശികമായി ഡാറ്റ ശേഖരിക്കുമ്പോള്‍ അന്വേഷണം നടത്താന്‍ കൂടുതല്‍ ഏളുപ്പമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

 

Comments

comments

Categories: FK News