ലോകം ക്ലാസ്മുറിയാക്കി പഠനം

ലോകം ക്ലാസ്മുറിയാക്കി പഠനം

പഠന സംബന്ധമായ വിഷയങ്ങള്‍ നേരിട്ടു കണ്ടു മനസിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലന യാത്രകള്‍ സംഘടിപ്പിക്കുന്ന സംരംഭമാണ് ഫീല്‍ഡ് ട്രിപ്പേഴ്‌സ്. സ്‌കൂള്‍, കോളെജുകളെ ലക്ഷ്യമിട്ട് ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള യാത്രകള്‍ ഏറ്റെടുത്തു നടത്തുന്നു

 

പ്രായോഗിക അനുഭവ പരിജ്ഞാനത്തിലൂടെ വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന യാത്രാ സംരംഭമാണ് ഫീല്‍ഡ് ട്രിപ്പേഴ്‌സ്. വിദ്യാഭ്യാസ മേഖലയില്‍ ഒരു യാത്രാ സംരംഭത്തിന്റെ പ്രസക്തി എന്തെന്ന് ചിന്തിക്കുന്നവര്‍ക്ക് ഫീല്‍ഡ് ട്രിപ്പേഴ്‌സിന്റെ പ്രവര്‍ത്തനം മനസിലാക്കിയാല്‍ ഇത്തരമൊരു സംരംഭം മേഖലയില്‍ വളരെ അത്യാവശ്യമാണെന്നു തോന്നും. പാഠപുസ്തകത്തില്‍ വായിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ഓര്‍മയില്‍ നിന്നും മാഞ്ഞുപോയാലും അവ നേരിട്ടു കണ്ടു മനസിലാക്കിയാല്‍ മനസില്‍ നിന്നും മായില്ല, മാത്രവുമല്ല കൂടുതല്‍ ആഴത്തില്‍ പതിയുകയും ചെയ്യും. ഈ ആശയമാണ് ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍ഡ് ട്രിപ്പേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുന്നത്.

യുണെറ്റഡ് നേഷന്‍സിന്റെ പ്രവര്‍ത്തനം, ക്രിക്കറ്റ് ക്രേസ് അല്‍പ്പം കൂടുതലുള്ള ഓസ്‌ട്രേലിയയിലെ ബാറ്റിംഗ് ട്രിക്കുകള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം കണ്ടു മനസിലാക്കാനുള്ള നിരവധി കാര്യങ്ങള്‍ കോര്‍ത്തിണക്കിയ യാത്രയാകും പലപ്പോഴും ഈ സംരംഭം ആസുത്രണം ചെയ്യുന്നത്. ചിലപ്പോള്‍ സ്‌കൂളുകളുടെ നിര്‍ദേശാനുസരണമാകും വിദ്യാര്‍ത്ഥികള്‍ക്കായി യാത്ര തയാറാക്കുന്നതെന്ന പ്രത്യേകതയും ഇവിടെയുണ്ട്.

ഫീല്‍ഡ് ട്രിപ്പേഴ്‌സിന്റെ തുടക്കം

യാത്ര ഏറെ ഇഷ്ടപ്പെടുന്ന രണ്ടു സംരംഭകരാണ് ഫീല്‍ഡ് ട്രിപ്പേഴ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍. കോര്‍പ്പറേറ്റ് മേഖലയിലെ ഏറെ നാളത്തെ പരിചയം കൈമുതലാക്കിയാണ് ഹിതേഷ് ഗൗതം, നകുല്‍ വാഗ്‌ഡെ എന്നിവര്‍ ഈ ട്രാവല്‍ കമ്പനിക്ക് തുടക്കമിട്ടത്. ഇഷ്ടപ്പെട്ട മേഖലയില്‍ ഒരു മികച്ച കരിയര്‍ കെട്ടിപ്പടുക്കണമെന്ന ആഗ്രഹത്തിനൊപ്പം തങ്ങള്‍ ഏറ്റെടുക്കുന്ന സംരംഭത്തിന് ഒരു ജോലിയുടേതായ മടുപ്പ് സൃഷ്ടിക്കപ്പെടരുതെന്ന ചിന്തയും ഇരുവരെയും ഫീല്‍ഡ് ട്രിപ്പേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നു. ഏഷ്യന്‍ പെയ്ന്റ്‌സ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഹിതേഷും നകുലും പുതിയ സംരംഭത്തിലേക്ക് ഇറങ്ങി തിരിച്ചത്.

ഐഐടി ഡല്‍ഹി, ഐഐഎം ലക്‌നൗ എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ ഹിതേഷും എംബിഎ ബിരുദധാരിയായ നകുലും യാത്രകള്‍ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന ചിന്താഗതിക്കാരാണ്.

 

കേട്ടറിഞ്ഞവ കണ്ടു പഠിക്കാം

2014ല്‍ വിദ്യാഭ്യാസ മേഖലയില്‍ തുടങ്ങിയ ഈ ട്രാവല്‍ സംരംഭം പ്രായോഗിക പഠന പരിശീലനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലയെ കുറിച്ചും വിഷയത്തെ കുറിച്ചുമുള്ള അറിവു നല്‍കുന്ന യാത്രാ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം അവരില്‍ ജിജ്ഞാസയും പങ്കാളിത്തവും ജനിപ്പിക്കാനാണ് സംരംഭത്തിന്റെ ശ്രമം. സയന്‍സ്, സാങ്കേതികവിദ്യ, സാസ്‌കാരിക പഠനം, കായികയിനങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ തുടങ്ങിയവ ദേശീയ അന്തര്‍ദേശീയ തലത്തില്‍ സാധ്യമാക്കാനും സംരംഭം സഹായിക്കുന്നു. ” പഠനത്തിന്റെ ഭാഗമായി ദൂര സ്ഥലങ്ങളിലേക്കുള്ള ഇത്തരം പ്രായോഗിക പരിജ്ഞാന യാത്രകള്‍ വിദ്യാര്‍ത്ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്. ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് ഏറെ ഇണങ്ങുന്ന ഒന്നാണ് ഫീല്‍ഡ് ട്രിപ്പേഴ്‌സ് ആശയം,” ഹിതേഷ് പറയുന്നു.

ആശയം വേറിട്ടതെങ്കിലും തുടക്കത്തില്‍ ഏറെ വെല്ലുവിളികള്‍ സംരംഭത്തിന് നേരിടേണ്ടിവന്നു. ” സ്‌കൂളുകളെല്ലാം ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള യാത്രയേ കുറിച്ചും അന്വേഷിക്കും. ഏതൊരു സംരംഭത്തെ സംബന്ധിച്ചും ആദ്യ ഉപഭോക്താവിനെ ലഭിക്കുക എന്നതാണ് പ്രധാനം, പ്രത്യേകിച്ചും മേഖയിലേക്ക് ആദ്യമായി ചുവടുവെക്കുന്ന സംരംഭത്തിന് അത് ഒഴിവാക്കാനാവാത്ത ഒന്നാണ്. ആദ്യ ഉപഭോക്താവിനെ ലഭിച്ചശേഷം പിന്നീട് ഞങ്ങള്‍ക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല,” ഹിതേഷ് പറയുന്നു. മൗത്ത് പബ്ലിസിറ്റി വഴിയാണ് ഫീല്‍ഡ് ട്രിപ്പേഴ്‌സ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധേയമായത്. നിലവില്‍ ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലായി 10 സ്‌കൂളുകളും രണ്ട് കോളെജുകളും സംരംഭത്തിന്റെ സജീവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ ട്രെന്‍ഡിന് അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് സംരംഭം ആസൂത്രണം ചെയ്യാറുള്ളത്. ഇതിനുപുറമെ സ്‌കൂള്‍, കോളെജുകളുടെ ആവശ്യപ്രകാരവും പഠന സംബന്ധമായ യാത്രകള്‍ ഏറ്റെടുത്ത് നടത്താറുണ്ട്.

ചരിത്രവും സംസ്‌കാരവും നേരിട്ടറിയുന്ന യാത്രകള്‍

എഡ്യു ട്രിപ്പേഴ്‌സ്, ഗ്ലോബ് ട്രിപ്പേഴ്‌സ്, ക്യാംപ് ട്രിപ്പേഴ്‌സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗത്തിലുള്ള യാത്രയാണ് ഫീല്‍ഡ് ട്രിപ്പേഴ്‌സ് പൊതുവെ നടത്താറുള്ളത്. അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന മല്‍സരങ്ങളിലും പരിപാടികളിലും പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന യാത്രയാണ് ആദ്യ വിഭാഗത്തില്‍. പാഠ്യസംബന്ധമായ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി നടത്തുന്ന യാത്രകളാണ് ഗ്ലോബ് ട്രിപ്പേഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും ചരിത്രം, സംസ്‌കാരം, മതപരമായ ആചാരങ്ങള്‍ എന്നിവ നേരിട്ടു കണ്ടു പഠിക്കാനുള്ള അവസരമാണ് ഈ വിഭാഗത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പ്രകൃതിയുടെ പ്രാധാന്യം വിളിച്ചോതിയുള്ള കാംപ്ഔട്ടിംഗുകളാണ് കാംപ് ട്രിപ്പേഴ്‌സ് വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്.

നാസയുടെ സ്‌പേസ് പഠനം, യൂറോ സ്‌പേസ് സ്‌കൂള്‍, ഗാരി കേസ്റ്റണ്‍ ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലനം, ഇന്തോനേഷ്യയിലെ സാംസ്‌കാരിക പാഠങ്ങള്‍, ഓസ്‌ട്രേലിയന്‍ അഡ്വെഞ്ചര്‍, ജോധ്പുരിലെ പ്രിന്റിംഗ്- കരകൗശല വര്‍ക്‌ഷോപ്പുകള്‍, മുംബൈ ഫിലിം സിറ്റി, തല്‍സമയ ഡബ്ബിംഗ് അനുഭവം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള യാത്രകള്‍ ഇതിനോടകം വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കാന്‍ ഫീല്‍ഡ് ട്രിപ്പേഴ്‌സിന് കഴിഞ്ഞിരിക്കുന്നു.

നാലു മുതല്‍ പത്ത് ദിവസം വരെ നീണ്ടു നില്‍ക്കുന്ന യാത്രകളിലേക്ക് ആറാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും സംരംഭം ലക്ഷ്യമിടുന്നത്. ഇന്‍ഡോര്‍, ഭോപ്പാല്‍ നഗരങ്ങളിലായി 750ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ സമ്മാനിച്ച ഫീല്‍ഡ് ട്രിപ്പേഴ്‌സ് 2017-18 വര്‍ഷത്തില്‍ ഒന്നരക്കോടിയുടെ വരുമാനമുണ്ടാക്കിയിട്ടുണ്ട്.

എജുക്കേഷന്‍ യാത്രയിലെ ബിസിനസ് വിപണി

ഇന്ത്യയിലെ യാത്രാസംഘങ്ങളില്‍ എജുക്കേഷന്‍ യാത്രകള്‍ക്ക് രണ്ടാം സ്ഥാനമാണുള്ളത്. 2020 ഓടെ വിദ്യാര്‍ത്ഥികളുടെ യാത്രാമേഖല 320 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡോറിലെ വിവിധ കോളെജുകളുമായി ചേര്‍ന്ന് കരിയര്‍ എക്‌സ്‌പ്ലൊറേറ്ററി പരിപാടികള്‍ വികസിപ്പിക്കാനും സംരംഭം പദ്ധതിയിടുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇന്‍ഡോറിനും ഭോപ്പാലിനും പുറമെ മറ്റു നഗരങ്ങളിലേക്ക് സംരംഭത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചേക്കും.

Comments

comments

Categories: FK News