ബിസിനസ് സൗഹൃദം ജില്ലാതലത്തില്‍ നിന്ന് നടപ്പിലാക്കാന്‍ വ്യവസായ മന്ത്രാലയം

ബിസിനസ് സൗഹൃദം ജില്ലാതലത്തില്‍ നിന്ന് നടപ്പിലാക്കാന്‍ വ്യവസായ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ജില്ലാതലം മുതല്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സ്ഥലവിവരകണക്കുകളുടെ ഡിജിറ്റല്‍വല്‍ക്കരണം, ജലസേചന നിരക്കിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം തുടങ്ങിയ ജില്ലാതലത്തില്‍ ബിസിനസ് ആരംഭിക്കുന്നതിന് സഹായകമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന കര്‍മ പദ്ധതി മന്ത്രാലയം തയാറാക്കുകയാണ്. ഇതിന്റെ കരടു രൂപം ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളറിയുന്നതിനായി പൊതുവായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജില്ലാതലങ്ങളില്‍ ബിസിനസ് സാഹചര്യം ഉയര്‍ത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ നഗര ഭരണ സ്ഥാപനങ്ങള്‍, ഡില്ലാ മജിസ്‌ട്രേറ്റ്, സബ് രജിസ്ട്രാര്‍ ഓഫീസ്, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കളക്റ്ററുടെ ഓഫീസ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍സ് തുടങ്ങി ജില്ലാതലത്തിലുള്ള എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഓഫീസുകള്‍ക്കും ബാധകമാണ്. ഇതിന്റെ ഭാഗമായി ജില്ലാ തലത്തിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമുള്ള വിവരങ്ങള്‍ എല്ലാ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനും പേപ്പര്‍ലെസ് ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കികഴിഞ്ഞു.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം, പേമെന്റ്, നിരീക്ഷണം, ഇ-ഫിലിംഗ്, റവന്യു വിഷയങ്ങളിലെ കോടതി വ്യവഹാരങ്ങളില്‍ ഇ-സമന്‍സ് തുടങ്ങി ബിസിനസ് സൗഹൃദാന്തരീക്ഷം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സംവിധാനം രൂപകല്‍പ്പന ചെയ്യാനും നടപ്പിലാക്കാനും ശുപാര്‍ശയില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ബിസിനസ് ആരംഭിക്കല്‍, നഗര ഭരണസ്ഥാപനങ്ങളുടെ സേവനങ്ങള്‍, സ്ഥലങ്ങളുടെ രേഖകള്‍ ലഭ്യമാക്കല്‍ പ്രോപ്പര്‍ട്ടി, രജിസ്‌ട്രേഷന്‍, നിര്‍മാണാനുമതി നേടല്‍, നികുതി നല്‍കല്‍, പേപ്പര്‍ലെസ് കോടതി സേവനങ്ങള്‍ എന്നീ സംവിധാനങ്ങള്‍ നവീകരിക്കാനും നിര്‍ദേശമുണ്ട്. ബിസിനസുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ബാങ്കിംഗ് പദ്ധതികള്‍, ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം എന്നിവയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിനായി ത്രൈമാസ യോഗം കൂടാനും ഡിഐപിപി (ഡിപ്പാര്‍്ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍) ശുപാര്‍ശ ചെയ്യുന്നു.

Comments

comments

Categories: Business & Economy
Tags: business