സ്‌കൂട്ട്‌സിയെ സ്വന്തമാക്കി സ്വിഗ്ഗി; ഹൊല ഷെഫിനെ സ്വന്തമാക്കാന്‍ ഫുഡ്പാണ്ട

സ്‌കൂട്ട്‌സിയെ സ്വന്തമാക്കി സ്വിഗ്ഗി; ഹൊല ഷെഫിനെ സ്വന്തമാക്കാന്‍ ഫുഡ്പാണ്ട

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി സര്‍വീസ് കമ്പനിയായ സ്‌കൂട്ട്‌സിയെ ഏറ്റെടുത്തു. വിപണിയില്‍ ആധിപത്യം നേടുന്നതിനുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളുടെ പ്രധാന വിപണികളിലൊന്നായ മുംബൈയില്‍ സ്വിഗ്ഗി നടത്തിയ ഏറ്റെടുക്കല്‍. 50 കോടി രൂപയ്ക്കാണ് ഇടപാട് നടന്നതെന്നാണ് അറിയുന്നത്.

ഹൈപ്പര്‍ലോക്കല്‍ ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കാനൊരുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി. അതുകൊണ്ടുതന്നെ കമ്പനിക്ക് സ്‌കൂട്ട്‌സിയുടെ പ്രീമിയം ഉപഭോക്തൃ അടിത്തറ മുതല്‍കൂട്ടാകും. അതേസമയം, ഒലയുടെ ഉടമസ്ഥതയിലുള്ള ഫുഡ്പാണ്ട മുംബൈ ആസ്ഥാനമാക്കിയ ക്ലൗഡ് കിച്ചണ്‍ കമ്പനിയായ ഹോല ഷെഫിനെ ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. മൂന്നു മാസം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനിയാണ് ഹൊല ഷെഫ്.

മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സ്‌കൂട്ട്‌സി ദക്ഷിണ മുംബൈ, ലോവര്‍ പരെല്‍, ബാന്ദ്രയുടെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി പ്രതിദിനം 2,000 ഡെലിവറികളാണ് നല്‍കുന്നത്. 750 രൂപയാണ് സ്ഥാപനത്തിന്റെ ശരാശരി ഓര്‍ഡര്‍ മൂല്യം.

അതേസമയം, വികസന പദ്ധതികള്‍ക്കായി 2.32.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാന്‍ സ്വിഗ്ഗി പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷത്തെ തങ്ങളുടെ മൂന്നാം ഘട്ട നിക്ഷേപ സമാഹരണത്തിനാണ് കമ്പനി തയാറെടുക്കുന്നത്. ഏറ്റവും അവസാനം ഇക്കഴിഞ്ഞ ജൂണില്‍ നടന്ന നിക്ഷേപ സമാഹരണത്തില്‍ 210 ദശലക്ഷം ഡോളറാണ് സ്വിഗ്ഗി സമാഹരിച്ചത്. ഇതോടെ സ്ഥാപനത്തിന്റെ വിപണി മൂല്യം 1.3 ബില്യണ്‍ ഡോളറായി ഉയരുകയും കമ്പനി യുണികോണ്‍ ക്ലബ്ബില്‍ അംഗമാകുകയും ചെയ്തിരുന്നു.

അതിവേഗത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണികോണ്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്ക്, ജനറല്‍ അറ്റ്‌ലാന്റിക്, ചൈനീസ് ഹെഡ്ജ് ഫണ്ടുകള്‍ എന്നിവരുള്‍പ്പെടയുള്ള പുതിയ നിക്ഷേപകരുമായി സ്വിഗ്ഗി ചര്‍ച്ച നടത്തി വരികയാണ്. ആന്റ് ഫിനാന്‍ഷ്യല്‍ പിന്തുണയ്ക്കുന്ന സൊമാറ്റോയാണ് വിപണിയിലെ സ്വിഗ്ഗിയുടെ പ്രധാന എതിരാളികള്‍.

 

 

Comments

comments

Tags: foodpanda, Swiggy