ഐഒസി 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും

ഐഒസി 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) വന്‍ വിപുലീകരണത്തിന് തയാറെടുക്കുന്നു. റിഫൈനിംഗ് ശേഷി വര്‍ധിപ്പിക്കല്‍, പെട്രോകെമിക്കല്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്തല്‍, ഗ്യാസ് ബിസിനസ് വിപുലീകരണം, പുതിയ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുകയെന്ന് ഐഒസി ചെയര്‍മാന്‍ സഞ്ജീവ് സിംഗ് പറഞ്ഞു.

ക്രൂഡ് ഓയിലില്‍ നിന്ന് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള ശേഷി 2030 ഓടെ 150 മില്യണ്‍ ടണ്ണാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലിത് 80.7 മില്യണ്‍ ടണ്ണാണ്. രാജ്യത്തെ 23 റിഫൈനറികളില്‍ 11 എണ്ണവും ഐഒസിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഊര്‍ജ രംഗത്തെ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ഐഒസി ഉയര്‍ന്നു വളര്‍ന്നു വരുന്ന എല്ലാ അവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പ്രസ്താനയില്‍ സിംഗ് പറയുന്നു. കൂടുതല്‍ മേഖലകളിലേക്ക് പ്രവേശിക്കല്‍ തന്ത്രപരമായ വൈവിധ്യവല്‍ക്കരണം എന്നിവയിലും ഗവേഷണങ്ങളിലും ഐഒസി ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന്റെ ഭാഗമായി മൊത്തം 32,000 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണ്. കൂടാതെ 1.43 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനും ലക്ഷ്യമിടുന്നുണ്ട്.

നിരവധി ബ്രൗണ്‍ ഫീല്‍ഡ് വിപൂലീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചെന്നൈ പെട്രോളിയം കോര്‍പ് ലിമിറ്റഡ് (സിപിസിഎല്‍), രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ്(ആര്‍ആര്‍പിസിഎല്‍) എന്നിവയുടെ ഗ്രീന്‍ഫീല്‍ഡ് റിഫൈനറികളുടെ വിപുലീകരണവും നടപ്പാക്കും. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഗ്രീന്‍ഫീല്‍ഡ് റിഫൈനറിപെട്രോകെമിക്കല്‍ കോപ്ലക്‌സാണ് ആര്‍ആര്‍പിസിഎല്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 60 മില്യണ്‍ ടണ്‍ ശേഷിയാണ് ഈ കോംപ്ലക്‌സിനുള്ളത്. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസില്‍ എന്നിവയ്‌ക്കൊപ്പം സൗദി അരാംകൊ, യുഎഇയുടെ അഡ്‌നൊക് എന്നിവയുടെ കൂടി പങ്കാളിത്തത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

മൊത്തം മൂലധന ചെലവിടലില്‍ 20,000 കോടി രൂപയിലധികം വരുന്ന വിവിധ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇത് പൂര്‍ണമാകുന്നതോടെ ഐഒസിയുടെ പൈപ്പ്‌ലൈന്‍ നെറ്റ്‌വര്‍ക്ക് 20,000 കിലോമീറ്ററാകും. നേപ്പാളിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് 69 കിലോമീറ്റര്‍ പൈപ്പ്‌ലൈനാണ് സ്ഥാപിക്കുന്നതെന്നും സിംഗ് പറഞ്ഞു.ഭാവിയില്‍ എല്‍എന്‍ജി,സിഎന്‍ജി,പിഎന്‍ജി,ഓട്ടോഗ്യാസ്,ബയോഗ്യാസ്, ഹൈഡ്രജന്‍, വൈദ്യുതി തുടങ്ങിയ പരിസ്ഥിതി സൗഹാര്‍ദ ഊര്‍ജ മാര്‍ഗങ്ങളിലേക്ക് തിരിയാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

Comments

comments

Tags: IOC, Refinery